|    Jul 26 Wed, 2017 6:25 am
FLASH NEWS

പ്രതിരോധം പാളി; കുട്ടികളില്‍ പനിക്കൊപ്പം മുണ്ടിനീരും വ്യാപകമാവുന്നു

Published : 5th August 2016 | Posted By: SMR

കോന്നി: കോന്നിയിലും പരിസരപ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നു. പകര്‍ച്ചപ്പനിക്ക് പുറമെ മുണ്ടുനീര്, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങളും വ്യാപിക്കുകയാണ്. പ്രതിരോധ മരുന്ന് നല്‍കിയ കുട്ടികളിലും രോഗബാധ കണ്ടെത്തി.
പകര്‍ച്ചപ്പനിക്കൊപ്പം മുണ്ടുനീരും വയറിളക്കവും പ്രധാനമായും ബാധിച്ചിട്ടുള്ളത് കുട്ടികളേയാണ്. ഇതേതുടര്‍ന്ന് കടുത്തവേദനയും വയറിളക്കവും മൂലം കുട്ടികള്‍ ക്ഷീണിതരാവുന്നു. പയ്യനാമണ്‍, ആനകുത്തി, കുമ്മണ്ണൂര്‍, അരുവാപ്പുലം മേഖലകളിലെ കുട്ടികളിലാണ് മുണ്ടുനീര് കണ്ടുവരുന്നത്.
പ്രതിരോധ വാക്‌സിന്റെ അഭാവമാണ് കൊച്ചുകുട്ടികളില്‍ മുണ്ടിനീര് പിടിപെടാന്‍ പ്രധാനകാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ഇടവേളകളില്‍ പ്രതിരോധ മരുന്നു നല്‍കുന്നതോടെ ഇത്തരം രോഗങ്ങളെ അകറ്റാമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍, പ്രതിരോധ മരുന്ന് നല്‍കിയ കുട്ടികള്‍ക്കും മുണ്ടിനീര് പിടിപെടുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നിലവാരം കുറഞ്ഞ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനാല്‍ ഇത്തരം ഒറ്റപ്പെട്ട കേസുകള്‍ പലപ്പോഴും റിപോര്‍ട്ട് ചെയ്യാറുണ്ടെന്നും പറയുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്.
പകര്‍ച്ചവ്യാധികള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്തിട്ടും കോന്നിയുടെ വിവിധ മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമേ നടക്കുന്നുള്ളുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷന്‍ നടത്താനുള്ള നടപടികളും പൂര്‍ണമായും നടപ്പിലായിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധന നടത്തി അടിസ്ഥാന സൗകര്യം ഒരുക്കാത്ത ക്യാംപുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി അലോപ്പതി, ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ ക്യാംപുകളും സംഘടിപ്പിക്കമെന്നും പ്രദേശവാസികള്‍ പറയുന്നു.
അതേസമയം, പകര്‍ച്ചപ്പനി ബാധിച്ച് 308 പേര്‍ ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതായി ഡിഎംഒ അറിയിച്ചു. കാഞ്ഞീറ്റുകരയില്‍ രണ്ടുപേര്‍ക്കും ഇലന്തൂര്‍, പത്തനംതിട്ട നഗരപ്രദേശം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സിന് ഒരാളും വയറിളക്ക രോഗങ്ങള്‍ക്ക് 35 പേരും ചികില്‍സ തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക