|    Nov 18 Sat, 2017 6:45 am

പ്രതിയെ പിടിക്കാത്തതിനെതിരേ പ്രതിഷേധ കൂട്ടായ്മ

Published : 5th May 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചും കുറ്റവാളിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തു.
ചലച്ചിത്രതാരം കെപിഎസി ലളിത കൂ്ട്ടായ്മ ഉദ്ഘാടനം ചെയ്തു. പെണ്‍മക്കളുടെ സുരക്ഷിതത്വത്തെക്കുറി—ച്ചോര്‍ത്തുള്ള അമ്മമാരുടെ ഹൃദയവേദനയാണ് ഏറ്റവും വലിയ വേദനയെന്ന് കെപിഎസി ലളിത പറഞ്ഞു.— ഒരമ്മയുടെ വേദനയ്ക്ക് പല ഭാവങ്ങളുണ്ട്. അതിലേറ്റവും വലുതാണ് പെണ്‍മക്കളുടെ സുരക്ഷയോര്‍ത്തുള്ള വേദന. അതിനുപകരം വയ്ക്കാവുന്ന ഒരു വേദനയുമില്ലെന്ന് ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ താന്‍ തിരിച്ചറിയുന്നു.
പലരും പറയാറുള്ളതുപോലെ മോശമായി വസ്ത്രം ധരിച്ചിട്ടോ രാത്രി പുറത്തിറങ്ങി നടന്നിട്ടോ അല്ല ജിഷ കൊല്ലപ്പെട്ടത്, വീട്ടില്‍ കടന്നുകയറിയാണ് അവളെ ക്രൂരമായി പീഡിപ്പിച്ചുകൊന്നത്. കുറ്റം ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാനുള്ള നിയമങ്ങള്‍ വേണം. കുറ്റവാളികളെ കുറച്ചുകാലം ജയിലിട്ടതുകൊണ്ട് അവരുടെ മനോഭാവം മാറുമെന്ന് കരുതാനാവില്ല. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ ജീവിതാവസാനംവരെ ശിക്ഷിക്കുകയാണ് വേണ്ടത്. എന്നാല്‍ മാത്രമേ ഇനിയും ഇതുപോലുള്ള സംഭവങ്ങളുണ്ടാകാതിരിക്കൂയെന്നും കെപിഎസി ലളിത പറഞ്ഞു.
ഒരു സംഭവം നടന്നാല്‍— കുറച്ചുകാലത്തേക്ക് അത് ആഘോഷിക്കുകയും അതുപോലുള്ള മറ്റൊരു സംഭവം ആവര്‍ത്തിക്കുമ്പോള്‍ മാത്രം ഉണരുകയും ചെയ്യുന്ന സമൂഹമായി കേരളം മാറിയെന്ന് കൂട്ടായ്മയില്‍ സംസാരിച്ച നടി മഞ്ജു പിള്ള പറഞ്ഞു.
ലൈംഗികമായി സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് ഒരുതരം മാനസിക രോഗാവസ്ഥയാണ്. അത് ചികില്‍സകൊണ്ടേ മാറൂ. കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയും അവരെ സുരക്ഷിതമായി ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന സംവിധാനത്തിനും ശിക്ഷാനിയമങ്ങള്‍ക്കും മാറ്റം വരണമെന്ന് മഞ്ജു പറഞ്ഞു. കേരളത്തില്‍ ജിഷയുടെ കൊലപാതകംപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഇവിടെ വീണ്ടുമൊരു നവോത്ഥാനപിറവിയും അതിലൂടെയുള്ള രാഷ്ട്രീയഅവബോധവും നടക്കേണ്ടിയിരിക്കുന്നുവെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു.
എസ്എഫ്‌ഐ അവിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കവയത്രി എം ആര്‍ ജയഗീത, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി അജി സി പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം ടി വി അനിത, മഹിളാ സംഘം ജില്ലാഭാരവാഹി സജിനിതമ്പി സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സി ജേസഫൈന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ഭാഗമായി വൈറ്റില ജങ്ഷനില്‍ വനിതാ ചിത്രകാരികളുടെ ചിത്രകലാ പ്രദര്‍ശനവും ‘സമ കലാസാംസകാരിക സമിതി’—യിലെ വനിതാ കാലാകാരികള്‍ അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി.
ശ്രീജ പള്ളം, സീന, കാജല്‍ ചാരങ്ങാട്ട്, ശ്രീയ തുടങ്ങിയ ചിത്രകാരികള്‍ ചിത്രം വരച്ച് പ്രതിഷേധകൂട്ടായ്മയില്‍ പങ്കെടുത്തു. കൊല്ലപ്പെട്ട ജിഷയുടെ ഓര്‍മ്മയ്ക്കായാണ് വനിതാ കലാസമിതിയിലെ കൂട്ടുകാര്‍ സ്‌കിറ്റ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക