|    Oct 19 Fri, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിയെ പിടികിട്ടിയില്ലെങ്കില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പോലിസ്!

Published : 16th September 2017 | Posted By: fsq

കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും പോലിസ് മന്ത്രിയുമായ മാന്യദേഹം പ്രധാന പ്രതിയാണെന്ന്. തൊള്ളായിരത്തി അറുപതുകളിലെ തലശ്ശേരിയിലെ ജനസംഘം നേതാവിന്റെ കൊലപാതകമാണു കേസിനാധാരം. ദൈവത്തിന്റെ സ്വന്തം നാടിനെ കുരുതിക്കളമാക്കിയ കണ്ണൂര്‍ മോഡല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഒന്നാമധ്യായമതാണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ പോളിറ്റ് ബ്യൂറോ ദേഹത്തിന്റെ ഭാര്യാ പിതാവായിരുന്നു ആ കേസില്‍ ഒന്നാം പ്രതി. ഏഴു വര്‍ഷം കോടതിവരാന്തകളില്‍ നിരങ്ങിയ ശേഷമാണ് ഇപ്പോഴത്തെ മുഖ്യനും പാര്‍ട്ടി മുഖ്യന്റെ അമ്മായിയപ്പനും കേസില്‍ നിന്നൂരിയത്. പറഞ്ഞുവരുന്നത്, സംസ്ഥാനം കണ്ട  ആ പ്രഥമ രാഷ്ട്രീയ കൊലപാതകം മുതല്‍ ഇന്നു വരെ കേരളത്തില്‍ രാഷ്ട്രീയത്തിന്റെയും മറ്റും പേരില്‍ കൊന്നവനും കൊല്ലപ്പെട്ടവനും കുറ്റാമാരോപിക്കപ്പെട്ടവര്‍ക്കുമൊക്കെ വീട്ടില്‍ ഭാര്യയും പെങ്ങന്‍മാരും അമ്മമാരുമൊക്കെ ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, രാഷ്ട്രീയ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ പിടികിട്ടാത്തതിന്റെ പേരില്‍ അയാളുടെ യുവതിയായ ഭാര്യയെ ഗൂഢാലോചനക്കുറ്റം ചുമത്തി പിടികൂടി ജയിലിലടച്ച തിരൂര്‍ സംഭവം സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്.   കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ എണ്ണം 125നടുത്തു വരും. ഈ അറുകൊലകളില്‍ പ്രതികളായവര്‍ ബഹുഭൂരിഭാഗവും ഇപ്പോള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയില്‍ പെട്ടവരാണ്. കൊല നടത്തിയ ശേഷം ഊരിപ്പിടിച്ച കത്തിയുമായി ഒരു സഖാവും ഇതുവരെ ഒരു പോലിസ് സ്‌റ്റേഷനിലും കീഴടങ്ങിയ ചരിത്രമില്ല. പാര്‍ട്ടി ആപ്പീസുകള്‍, സഹകരണ ആശുപത്രികള്‍, മുടക്കുന്ന് മലകള്‍ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളില്‍ കൊലയാളികളെ പാര്‍പ്പിച്ച ശേഷം വാടക പ്രതികളെ ഹാജരാക്കുന്നതാണു വിപ്ലവ പാര്‍ട്ടിയുടെ ചരിത്രവും പാരമ്പര്യവും. ഈ ചരിത്രത്തിന്റെ നാള്‍വഴികളിലൊന്നും കാണാമറയത്തെ കൊലക്കേസ് പ്രതിയുടെ ഭാര്യമാരെ തേടി കാക്കി ബൂട്ടുകള്‍ പരേഡ് നടത്തിയിട്ടുമില്ല.   ഇപ്പോള്‍ തിരൂര്‍ പോലിസ് ചെയ്ത പോലെ കൊലക്കേസ് പ്രതികളെ കിട്ടാഞ്ഞ് പോലിസ് അവരുടെ ഭാര്യമാരെ പിടികൂടിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇപ്പോള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ അവസ്ഥ!  ഇപ്പോഴത്തെ പാര്‍ട്ടി പ്രമുഖന്റെ അമ്മായിയമ്മയടക്കം അത്തരം ഭാര്യമാര്‍ക്കു മാത്രമായി കേരളത്തില്‍ എത്ര ജയിലുകള്‍ പണിയേണ്ടി വരുമായിരുന്നു? പക്ഷേ, കാലം അതല്ലല്ലോ.  ആര്‍എസ്എസിന്റെ ഊരിപ്പിടിച്ച വാള്‍മുനകളിലൂടെ തല ഉയര്‍ത്തി നടന്ന ഓര്‍മത്തഴമ്പുകള്‍ അമ്മാവന്‍ ആനപ്പുറമേറിയ തഴമ്പു പോലെ തമാശയാവുന്ന ഇക്കാലത്ത് ആര്‍എസ്എസ് ആഗ്രഹിക്കുന്നതിനും ഒരു മുഴം മുമ്പേ പായുന്നു പിണറായിപ്പോലിസ്. അതുകൊണ്ടാണല്ലോ തിരൂരില്‍ മതം മാറിയ യുവാവ് ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ മടിച്ചുനിന്ന  പോലിസ് ആ കേസിലെ പ്രധാന പ്രതി കൊല്ലപ്പെട്ടപ്പോള്‍ ഗൂഢാലോചനയുടെ വഴിക്ക് ആദ്യംതന്നെ വാണം വിട്ടപോലെ പാഞ്ഞത്. പാര്‍ട്ടിയോടും പരാതി പറഞ്ഞിട്ടു കാര്യമൊന്നുമില്ല.  പെണ്‍സുരക്ഷയെക്കുറിച്ചും മറ്റും ഇപ്പോള്‍ വലിയവായില്‍ വര്‍ത്തമാനം പറയുന്ന ഈ പാര്‍ട്ടി, പെണ്ണുങ്ങളെ കരുവാക്കി പോലും പ്രതിയോഗികളെ പൈശാചികമായി കൊലപ്പെടുത്തിയതായാണ് എഴുതപ്പെട്ട ചരിത്രം. ചീമേനിയില്‍ പകരത്തിനു പകരമായി കോടതി വെറുതെവിട്ട കോണ്‍ഗ്രസ്സുകാരനെ ചതിച്ചുകൊല്ലാന്‍ അയാളുടെ സ്വന്തം സഹോദരിയെയാണ് ഈ പാര്‍ട്ടി കരുവാക്കിയത്. ഒഞ്ചിയം അമ്പത്തൊന്ന് വെട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളികള്‍ക്കു വേണ്ടി അവരുടെ ഭാര്യമാരെയും അമ്മമാരെയും കൊണ്ട് ഈ പാര്‍ട്ടി വിയ്യൂര്‍ ജയിലിന് മുമ്പില്‍ സമരം നടത്തിച്ചതും ചാനലുകളില്‍ ലൈവായിരുന്നല്ലോ..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss