|    Jan 19 Thu, 2017 4:28 pm
FLASH NEWS

പ്രതിമാസ വരുമാനം ലക്ഷങ്ങള്‍; ജില്ലയില്‍ ഇതര സംസ്ഥാന ഭിക്ഷാടന മാഫിയ വ്യാപകം

Published : 20th October 2016 | Posted By: SMR

ചാവക്കാട്: ജില്ലയില്‍ ഇതര സംസ്ഥാന ഭിക്ഷാടന മാഫിയ വ്യാപകമാവുന്നു. പ്രതിമാസം നാട്ടിലേക്ക് അയക്കുന്നത് ലക്ഷങ്ങള്‍. ചാവക്കാട്, ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ മേഖലകളാണ് ഭിക്ഷാടന മാഫിയയുടെ പ്രധാന വരുമാന സ്രോതസ്സ്. മേഖലയില്‍ വാടക വീടെടുത്ത് ഇവിടെ അംഗവൈകല്യമുള്ളവരടക്കം വിവിധ പ്രായക്കാരായ ഭിക്ഷാടകരെ താമസിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ താവളം മാറ്റുകയും ചെയ്യും. രാവിലെ കൃത്യം ഏഴു മണിക്ക് തന്നെ ഇവര്‍ “പണി’ക്കിറങ്ങും. ഭിക്ഷാടന സ്ഥലങ്ങളിലെത്തിക്കാന്‍ വാഹനങ്ങളും ചിലര്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളും, പടുവൃദ്ധന്മാരുമടക്കം വലിയ സംഘങ്ങള്‍ തന്നെയാണ് ദിവസേന ഭിക്ഷയ്ക്കായെത്തുന്നത്. ബസ് കാത്ത് നില്‍ക്കുന്നവരുടെ ഇടയിലും ചന്തകളിലും ആള്‍ത്തിരക്കേറിയ ഇടങ്ങളിലുമാണ് ഇവര്‍ കൂടുതല്‍ എത്തുക. ആരാധനാലയങ്ങള്‍ക്ക് മുമ്പിലും ഇവരെ കാണാം. ഭക്ഷണത്തെക്കാളുപരി പണത്തിനായിട്ടാണ് ഇവര്‍ കൈനീട്ടുന്നതെന്നും ജനങ്ങള്‍ പറയുന്നു. അഞ്ച് രൂപയില്‍ കുറവ് രൂപ കൊടുത്താല്‍ അധിക്ഷേപിക്കുന്നവര്‍ വരെ ഇവര്‍ക്കിടയിലുണ്ട്. സഹാനുഭൂതി തോന്നി കയ്യിലുള്ളത് നല്‍കി ഇവരെ പറഞ്ഞയയ്ക്കാനാവില്ലെന്നും ആള്‍ക്കാര്‍ പറയുന്നു. ഇവരെക്കൂടാതെ സീസണല്‍ ഭിക്ഷാടകരും ഇവിടെയുണ്ട്. അന്യദേശത്ത് നിന്ന് എന്തെങ്കിലും വസ്തുക്കള്‍ വില്‍പ്പനയ്‌ക്കെതിയവര്‍ക്കൊപ്പമെത്തുന്ന കുട്ടികളും ഭിക്ഷ യാചിക്കുന്നതായി ശ്രദ്ധയില്‍പെടുന്നുണ്ട്. ഓരോരുത്തരുടെയും ശരീരഭാഷയും സീസണും അനുസരിച്ചാണ് ഭിക്ഷയെടുക്കുന്ന രീതി. അംഗവൈകല്യമില്ലാത്തവര്‍ ഭക്തിയാണ് മാര്‍ഗമാക്കുമ്പോള്‍ യുവതികളാണെങ്കില്‍ ഒക്കത്തോ ഭാണ്ഡത്തിലോ ഒരു കുട്ടിയുമുണ്ടാകും. ഈ കുട്ടികള്‍ പലപ്പോഴും ഉണര്‍ന്നിരിക്കുന്ന രീതിയില്‍ കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളെ പുകയിലക്കഷായം പോലുള്ളവ കൊടുത്ത് മയക്കിക്കിടത്തുകയാണെന്നും പറയുന്നു. തട്ടിയെടുക്കപ്പെടുന്നതോ സംഘത്തിലുള്ളവര്‍ക്ക് ജനിക്കുന്നതോ ആയ കുട്ടികളെയാണ് ഇത്തരത്തില്‍ കൊണ്ടുനടക്കുന്നത്. ക്ഷേത്രം-പള്ളി പരിസരങ്ങള്‍, ബസ് സ്റ്റാന്റുകള്‍, കടവരാന്തകള്‍ എന്നിവിടങ്ങളെല്ലാം ഭിക്ഷാടനക്കാര്‍ കയ്യടക്കിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. വൈകുന്നേരത്തോടെ പണി അവസാനിപ്പിച്ച് നിശ്ചയിച്ച് സ്ഥലത്തെത്തിയാല്‍ പിന്നെ മുതലാളി എത്തി എല്ലാവരെയും കൂട്ടി മടങ്ങും. ഇവരെല്ലാവരും തന്നെ അന്യസംസ്ഥാനക്കാരുമാണ്. മുതലാളി എത്തി അന്നത്തെ ഭിക്ഷാടനത്തിന്റെകണക്കെടുത്ത് കമ്മീഷന്‍ കൈപ്പറ്റിയ ശേഷമാണ് ഓരോരുത്തര്‍ക്കും തുക നല്‍കുക. തുക ലഭിച്ചു കഴിഞ്ഞാല്‍ മിക്ക ഭിക്ഷാടനക്കാരുടേയും യാത്ര ബിവറേജസ് ഷേ ാപ്പിലേയ്ക്കാവും. അന്യസംസ്ഥാനത്ത് നിന്നും കളിപ്പാട്ടങ്ങള്‍ പോലുള്ള സാധനങ്ങളുടെ വില്‍പ്പനയ്ക്കായി ആളുകള്‍ എത്തുന്ന കാലത്താണ് ഇതോടൊപ്പം ഭിക്ഷാടനവും വര്‍ധിക്കുന്നതെന്നാണ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക