|    Dec 12 Wed, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രതിമാസം 100 പുതിയ അണുബാധിതര്‍സംസ്ഥാനത്ത്; എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറഞ്ഞു

Published : 30th November 2018 | Posted By: kasim kzm

എം എം സലാം

ആലപ്പുഴ: ആരോഗ്യ വകുപ്പ് അധികൃതരുടെ നിരന്തര ഇടപെടലുകളുടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം സപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 6,69,622 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ എച്ച്‌ഐവി പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ 886 പേര്‍ക്ക് മാത്രമാണ് അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 566 പുരുഷന്‍മാര്‍ക്കും 320 സ്ത്രീകള്‍ക്കുമാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 6,87,545 പേര്‍ പരിശോധന നടത്തിയതില്‍ 1299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ആകെ 52,43,394 പേര്‍ എച്ച്‌ഐവി പരിശോധനക്ക് വിധേയരായപ്പോള്‍ അവരില്‍ 31,602 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പരിശോധനാ കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6019 പേര്‍ക്കാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ രോഗം കണ്ടെത്തിയിട്ടുള്ളത്.
രോഗബാധയുള്ളവരില്‍ തൃശൂരിനാണ് തൊട്ടടുത്ത സ്ഥാനമുള്ളത്. 5244 പേര്‍ക്കാണ് തൃശൂരിലെ വിവിധ ആശുപത്രികളിലെ പരിശോധനയില്‍ രോഗം വ്യക്തമായിട്ടുള്ളത്. ഏറ്റവും കുറവ് രോഗബാധയുള്ളത് വയനാട്ടിലാണ്. 291 പേര്‍ക്ക് മാത്രമാണ് വയനാട്ടില്‍ എച്ച്‌ഐവി അണുബാധയുള്ളതായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് രോഗികളുള്ളതില്‍ രണ്ടാം സ്ഥാനം ഇടുക്കി ജില്ലക്കാണ്- 489 പേര്‍. മൂന്നാം സ്ഥാനത്തുള്ളതും സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ മലപ്പുറം ജില്ലയില്‍ 626 പേരില്‍ മാത്രമാണ് രോഗബാധയുള്ളത്.
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ 2007ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്‌ഐവി അണുബാധ റിപോര്‍ട്ട് ചെയ്തത്. 1,52,895 പേരില്‍ നടത്തിയ പരിശോധനയില്‍ 3972 പേര്‍ക്കാണ് ആ വര്‍ഷം മാത്രം അണുബാധയുണ്ടായിട്ടുള്ളത്. 2247 പുരുഷന്‍മാര്‍ക്കും 1725 സ്ത്രീകള്‍ക്കുമാണ് ആ വര്‍ഷം രോഗം സ്ഥിരീകരിച്ചത്.
ഒരു മാസം ശരാശരി 100 പുതിയ എച്ച്‌ഐവി ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് എയ്ഡ്‌സ് പകരാനുളള പ്രധാന കാരണമെങ്കിലും അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗമാണ് ഇപ്പോള്‍ എയ്ഡ്‌സ് വ്യാപിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നുപയോഗം മൂലവും ലൈംഗിക സദാചാരക്കുറവും മൂലം യുവാക്കളിലാണ് എച്ച്‌ഐവി കൂടുതലായും കണ്ടുവരുന്നത്.
എച്ച്‌ഐവി പോസിറ്റീവ് ബാധിതരില്‍ എട്ടു വര്‍ഷത്തോളം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ 85 ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങള്‍ക്ക് രോഗമുള്ള വിവരം അറിയാന്‍ കഴിയുന്നത്. രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് ഇവര്‍ രോഗവിവരം അറിയുന്നതെന്നും ഇത് തുടര്‍ചികില്‍സയെ കാര്യമായി ബാധിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഭര്‍ത്താക്കന്മാരില്‍ നിന്നോ ഭാര്യമാരില്‍ നിന്നോ രോഗം പകര്‍ന്നവരും സംസ്ഥാനത്ത് നിരവധിയുണ്ട്. മാതാപിതാക്കളിലൂടെ പകര്‍ന്ന എയ്ഡ്‌സുമായി ജനിക്കുന്ന കുട്ടികളും സംസ്ഥാനത്ത് അനവധിയാണ്. 21.40 ലക്ഷം എച്ച്‌ഐവി രോഗികളാണ് രാജ്യത്ത് ഉള്ളത്. ഇവരില്‍ 9.08 ലക്ഷം പേര്‍ സ്ത്രീകളും 2.4 ലക്ഷം കുട്ടികളുമാണ്. ഇതില്‍ 83 ശതമാനവും 15നും 49നുമിടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ 39 ശതമാനം സ്ത്രീകളും 7 ശതമാനം കുട്ടികളുമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 3.69 കോടി ജനങ്ങളിലാണ് എയ്ഡ്‌സ് രോഗം പിടിപെട്ടിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss