|    Dec 16 Sun, 2018 1:01 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രതിബദ്ധതയുടെ മാധ്യമപ്രവര്‍ത്തനം

Published : 24th August 2018 | Posted By: kasim kzm

കുല്‍ദീപ് നയ്യാര്‍ (1923-2018)  – എന്‍പിസി

എണ്‍പതുകളില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്ത യുവപത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ ഒരുപാട് വകയുണ്ടായിരുന്നു. സേവന-വേതന വ്യവസ്ഥകള്‍ മോശമായിരുന്നെങ്കിലും അവിടെ ജോലി ചെയ്യുമ്പോള്‍ ആ സ്ഥാപനത്തിന്റെ ചരിത്രം അഭിമാനകരമായ ഒരുപാട് ഓര്‍മകളാണു നല്‍കിയത്. മാധ്യമപ്രവര്‍ത്തനത്തിന്റെ സാമൂഹിക പ്രതിബദ്ധതയെന്നത് വെറും വാചകമടിയല്ല, ഒരു ദൈനംദിന ജീവിതപ്പോരാട്ടമാണെന്നു തിരിച്ചറിയാന്‍ സഹായിച്ചത് അക്കാലത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് ജീവിതമാണ്. അടിയന്തരാവസ്ഥയെ ശക്തമായി ചെറുത്തുനിന്ന പത്രം എന്നത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ തൊപ്പിയിലെ വലിയ തൂവലായിരുന്നു. അതില്‍ പ്രധാനി അന്ന് ന്യൂഡല്‍ഹിയില്‍ പത്രത്തിന്റെ ബ്യൂറോയുടെ ചുമതലക്കാരനും എക്‌സ്പ്രസ് ന്യൂസ് സര്‍വീസ് എഡിറ്ററുമായ കുല്‍ദീപ് നയ്യാര്‍ ആയിരുന്നു. നയ്യാര്‍ അക്കാലത്തെക്കുറിച്ചു പിന്നീട് തന്റെ ആത്മകഥയായ ‘ബിയോണ്ട് ദ ലൈന്‍സ്’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം പ്രസിദ്ധീകരിച്ചുവന്ന 1975 ജൂണ്‍ 26ന്റെ പത്രം വിതരണം ചെയ്യാന്‍ പോലിസ് സമ്മതിക്കുന്നില്ല എന്ന് സഹപ്രവര്‍ത്തകന്‍ വിളിച്ചറിയിച്ച സംഭവം അദ്ദേഹം ഓര്‍മിക്കുന്നു. പിന്നീട് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ വിമര്‍ശകരില്‍ പലരെയും തടവിലാക്കി. അക്കൂട്ടത്തില്‍ കുല്‍ദീപ് നയ്യാറും ജയിലിലെത്തി. കുല്‍ദീപ് നയ്യാര്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള നാളുകളിലാണ്. അദ്ദേഹം സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. അതിനു മുമ്പ് യുഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സിയുടെ തലവനായിരുന്നു അദ്ദേഹം. എണ്‍പതുകളില്‍ അദ്ദേഹം കോളമെഴുത്തിന്റെ രംഗത്തേക്കു തിരിഞ്ഞു. ഇന്ത്യാ വിഭജനകാലത്ത് പഞ്ചാബിലെ സിയാല്‍കോട്ടില്‍നിന്ന് എല്ലാം ത്യജിച്ച് ഓടിവന്ന കുടുംബങ്ങളില്‍ ഒന്നാണ് നയ്യാറുടേത്. നയ്യാറുടെ സവിശേഷത, മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തുംഗതലങ്ങളില്‍ എത്തിയ വേളയിലും അദ്ദേഹം തന്റെ അടിസ്ഥാനപരമായ വാര്‍ത്താശേഖരണ സ്വഭാവം നിലനിര്‍ത്തിപ്പോന്നു എന്നതാണ്. നയ്യാര്‍ ശക്തനായ ഒരു റിപോര്‍ട്ടറായിരുന്നു. വാര്‍ത്തയുടെ അടിവേരുകള്‍ തേടി അദ്ദേഹം സഞ്ചരിക്കാത്ത പ്രദേശങ്ങളില്ല; കണ്ടുമുട്ടാത്ത ആളുകളില്ല. അവരില്‍ നിന്നു മറ്റാര്‍ക്കും ലഭിക്കാത്ത പലതും നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനമാണ് പാകിസ്താനിലെ ആണവബോംബിന്റെ പിതാവായി അറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാനുമായി അദ്ദേഹം നടത്തിയ അഭിമുഖം. ഇന്ത്യയില്‍ വാജ്‌പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ ആണവ വിസ്‌ഫോടനം നടത്തിയതിന്റെ പിന്നാലെയാണ് പാകിസ്താനും ആണവശക്തി തങ്ങള്‍ക്കുണ്ടെന്നു തെളിയിച്ചത്. പക്ഷേ, അതിന് എത്രയോ മുമ്പു തന്നെ പാകിസ്താന്‍ ആണവശേഷി സംഭരിച്ചുകഴിഞ്ഞിരുന്നു എന്ന വസ്തുത ഖദീര്‍ ഖാന്‍ ആദ്യമായി വെളിപ്പെടുത്തിയത് കുല്‍ദീപ് നയ്യാറോടാണ്. രാജീവ്ഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ പത്രമാരണനിയമം കൊണ്ടുവന്ന വേളയില്‍ രാജ്യമെമ്പാടും മാധ്യമപ്രവര്‍ത്തകര്‍ അതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇന്ദിരയുടെ വധത്തിനുശേഷം വളരെ വലിയ ഭൂരിപക്ഷത്തോടെയാണ് രാജീവ് സര്‍ക്കാര്‍ അധികാരമേറ്റത്. പക്ഷേ, അധികം വൈകാതെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടായി. വി പി സിങ് അടക്കമുള്ള പലരും കോണ്‍ഗ്രസ് വിട്ടു. മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടു. അതിനെ നേരിടാനാണ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ ബില്ല് രാജീവ് സര്‍ക്കാര്‍ തയ്യാറാക്കിയത്. അതിനെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ തലപ്പത്ത് കുല്‍ദീപ് നയ്യാറും ഉണ്ടായിരുന്നു. മനുഷ്യാവകാശ സംരക്ഷണരംഗത്തും കരുത്തുറ്റ ശബ്ദമായിരുന്നു നയ്യാറുടേത്. അടിയന്തരാവസ്ഥയിലെ അനുഭവങ്ങളാണ് അതിനു പ്രേരകമായത്. അക്കാലത്താണ് പിയുസിഎല്‍ (പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) എന്ന മനുഷ്യാവകാശ പ്രസ്ഥാനം ആരംഭിച്ചത്. ജയപ്രകാശ് നാരായണ്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍ വി എം താര്‍ക്കുണ്ഡെയും രജനി കോത്താരിയും മറ്റുമായിരുന്നു. നയ്യാറും അതിന്റെ ആദ്യകാലം മുതലേ പിയുസിഎല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രാജ്യത്തിന്റെ വലതുപക്ഷ വര്‍ഗീയ വ്യതിയാനത്തില്‍ വളരെ ദുഃഖിതനായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അദ്ദേഹം കടുത്ത ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികവേളയില്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ഒരു ലേഖനത്തിലെ പ്രധാന വിഷയവും അതുതന്നെയായിരുന്നു. മുംബൈയില്‍ മുസ്്‌ലിംകള്‍ക്ക് വീടു നിഷേധിക്കുന്ന വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട് രാജ്യം വീണ്ടും വിഭജനത്തിന്റെ ഭീകരതയുടെ കാലത്തേക്കു നടന്നടുക്കുകയാണ് എന്ന് അദ്ദേഹം അതില്‍ ചൂണ്ടിക്കാട്ടി. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss