|    Apr 21 Sat, 2018 7:50 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

പ്രതിപക്ഷ ശ്രദ്ധയ്ക്ക്; ഇരട്ടനീതി അരുത്

Published : 29th January 2016 | Posted By: swapna en

മധ്യമാര്‍ഗ്ഗം/ പരമു

അമിതമായ സന്തോഷത്താല്‍ ഇരിക്കാനും നില്‍ക്കാനും വയ്യ എന്ന മട്ടിലാണ് കേരളത്തിലെ പ്രതിപക്ഷം. അതുകൊണ്ട് നടക്കുകയും ഓടുകയും ചെയ്യുകയാണവര്‍. നാലു ഭാഗത്തുകൂടിയും ഇമ്മാതിരി സന്തോഷം വന്നാല്‍ എന്തുചെയ്യും? ഇങ്ങനെയൊരു സുവര്‍ണാവസരം സംസ്ഥാനത്ത് പ്രതിപക്ഷം ജനിച്ച അന്നു മുതല്‍ ഉണ്ടായതായി കേട്ടിട്ടില്ല. ഓരോ ദിവസവും പുതിയ പുതിയ സന്തോഷവര്‍ത്തമാനങ്ങളാണു പ്രതിപക്ഷത്തിനെ പുളകംകൊള്ളിക്കുന്നത്. പുറത്തേക്ക് ഒന്നു കണ്ണോടിക്കുക. പ്രതിപക്ഷം ഇളകിമറിയുകയല്ലേ? മുന്നണിയിലെ മേജര്‍ ഘടകകക്ഷികളായ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരള യാത്രയിലൂടെ ഇളകുന്നതു കാണുന്നില്ലേ? പക്ഷേ, ജനങ്ങളാരും ഇളകുന്നില്ല. അവരൊക്കെ പാറപോലെ ഒറ്റനില്‍പ്പാണ്. തിരഞ്ഞെടുപ്പ് വരട്ടെ ഞങ്ങള്‍ വോട്ട് ചെയ്യാം എന്ന മട്ടിലുള്ള പ്രത്യേകതരം നില്‍പ്പാണത്.

പണ്ട് സഖാവ് എകെജി പട്ടിണിജാഥ നടത്തിയപ്പോള്‍ ജനങ്ങള്‍ കൂടെ പോയിരുന്നത്രെ. അതു പണ്ടാണ്. ഇപ്പോള്‍ കൂടെ പോവണമെന്നില്ല. നിന്നാല്‍ മതി. പണ്ടത്തെ ജനപിന്തുണയും ഇപ്പോഴത്തെ പിന്തുണയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അന്നത്തെ പിന്തുണ നേരിട്ടാണ്. ഇപ്പോള്‍ നേരിട്ട് പിന്തുണയുടെ ആവശ്യം വരുന്നില്ല. പ്രതിപക്ഷമാകെ ഇളകുമ്പോള്‍ ജനങ്ങളാകെ ഇളകാതെ നില്‍ക്കുക എന്നു പറഞ്ഞാല്‍ പിന്തുണ ഇല്ലാ എന്ന് ഒരിക്കലും അര്‍ഥമാക്കരുത്. മനസ്സുകൊണ്ട് പിന്തുണയുണ്ട്. അത് വോട്ടിങില്‍ തെളിയും. ഭരണമുന്നണികളുടെ യാത്രകള്‍ക്കും ഇങ്ങനെ തന്നെയാണ് ജനപിന്തുണ. ഭരണനേട്ടങ്ങളില്‍ അവരും ഇളകുന്നു. നേട്ടങ്ങള്‍ അനുഭവിച്ച ജനങ്ങളാവട്ടെ ഇളകാതെ നിന്നുകൊണ്ട് പിന്തുണ അര്‍പ്പിക്കുന്നു. രണ്ടു മുന്നണികള്‍ക്കുമെതിരേ പൂജ്യത്തില്‍നിന്ന് അധികാരം പിടിച്ചെടുക്കാന്‍ കാവി ഉടുത്തും പുതച്ചും സംഘപരിവാരവും രംഗത്തുണ്ട്. ഇതുവരെ കൂടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയും സംഘവും ജാഥ വരുമ്പോള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നതും നല്ല കാഴ്ചയാണ്.

നാട്ടില്‍ നടക്കുന്ന ജാഥകള്‍ക്കും യാത്രകള്‍ക്കും വിഷയദാരിദ്ര്യം അനുഭവപ്പെടുന്നില്ല. ബാറുടമകളും സരിതയും വിജിലന്‍സും അവര്‍ക്കൊക്കെ ഓരോ പുലരിയിലും ഓരോ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇത്രയധികം വിഷയം കിട്ടുകയും അതൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാന്‍ കഴിയുകയും ചെയ്തത് നല്ല അനുഭവമാണ്.ജാഥ കഴിഞ്ഞാല്‍ ഇനി എന്ത് എന്ന ചോദ്യം ആവശ്യമില്ല. ഇനിയാണ് യഥാര്‍ഥ നാടകം അരങ്ങേറാന്‍ പോവുന്നത്. ബജറ്റാണ് വരുന്നത്. പ്രൊജക്റ്റുകളും സ്‌കീമുകളും എത്രവേണമെങ്കിലും നിരത്തിവയ്ക്കാം. പണം എത്രകോടി വേണമെങ്കിലും വകയിരുത്താം. അവതരിപ്പിക്കുന്നവര്‍ ഇതൊന്നും നടപ്പാക്കണമെന്നില്ല. വരുന്ന സര്‍ക്കാരിന്റെ ബാധ്യതയാണത്.

ബാര്‍ കോഴ ആരോപണം വന്ന ഉടനെയാണ് കഴിഞ്ഞ തവണ മാണിസാര്‍ ബജറ്റ് അവതരിപ്പിച്ചത്. ഇത്തവണ മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം റിഹേഴ്‌സല്‍ തുടങ്ങാന്‍ ഒട്ടും വൈകരുത്. മാണിസാറിനെ തടഞ്ഞസ്ഥിതിക്ക് മുഖ്യമന്ത്രിയെ തടഞ്ഞില്ലെങ്കില്‍ അത് ഇരട്ടനീതിയാവും. കഴിയുന്നതും മുഖ്യമന്ത്രിയെ വീട്ടില്‍ വച്ചു തന്നെ തടയാം. ബജറ്റ് ദിവസം വരെ കാത്തിരിക്കണമെന്നില്ല. ഒന്നോ രണ്ടോ ദിവസം മുമ്പു തന്നെ തടഞ്ഞുവയ്ക്കാം. ബജറ്റ് അവതരണം തടയണം. തിരഞ്ഞെടുപ്പിനു മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ട് ആര്‍ക്കാണു ഹേ, പ്രയോജനം? അതു കഴിഞ്ഞു പോരേ? മുഖ്യമന്ത്രിക്ക് നിയമസഭയില്‍ തന്നെ കഴിയാം. ബജറ്റും കുറച്ച് ലഡുവും കരുതണമെന്നു മാത്രം. ബാക്കിയുള്ള കാര്യങ്ങളൊക്കെ പോലിസ് നോക്കിക്കൊള്ളും.           ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss