|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രതിപക്ഷ ബഹളം: ആദ്യ ദിനം സഭ നേരത്തേ പിരിഞ്ഞു

Published : 1st December 2015 | Posted By: G.A.G

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭയുടെ ആദ്യ ദിനം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നേരത്തേ പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്നാണ് സഭാനടപടികള്‍ സ്പീക്കര്‍ അവസാനിപ്പിച്ചത്.
മന്ത്രി ബാബുവിനെതിരേ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. ബാബുവിന്റെ മറുപടി തടസ്സപ്പെടുത്തിയ പ്രതിപക്ഷം അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കെ ബാബുവും, വ്യവസ്ഥാപിതമായ അന്വേഷണം നടത്തിയ ശേഷമാണ് കേസെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറുപടി നല്‍കി.
മന്ത്രിമാരുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ സ്പീക്കര്‍ രണ്ടു ബില്ലുകള്‍ പരിഗണിച്ച് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
കെ എം മാണിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലും കെ ബാബുവിനെതിരായ ആരോപണത്തിലും സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. കെ എം മാണിക്കെതിരായ കേസ് അന്വേഷിച്ച എസ്പി സുകേശന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് ബാബുവിനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ പറയാത്ത കാര്യമാണ് ബിജു രമേശ് അന്വേഷണസംഘത്തോട് പറഞ്ഞത്. കെ എം മാണിക്കെതിരേ ക്വിക് വെരിഫിക്കേഷന്‍ നടത്തിയപ്പോള്‍ ആരും മൊഴി നല്‍കാന്‍ വരാതിരുന്ന ഘട്ടത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെ ബാബുവിനെതിരേ പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തന്നെ ആരോപണം ശരിയല്ലെന്ന മൊഴി ബാര്‍ ഉടമകള്‍ നല്‍കി. അതുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഈ തീരുമാനമെടുത്തത്. കേസില്‍ ഇരട്ടനീതി ഉണ്ടായിട്ടില്ലെന്നും കോടിയേരി ഉണ്ടയില്ലാത്ത വെടി പൊട്ടിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. അബ്കാരി നയം രൂപീകരിക്കുന്നതിനു മുന്നോടിയായാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചതെന്ന് കെ ബാബു പറഞ്ഞു. പി കെ ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയായ ഘട്ടത്തിലും യോഗം ചേര്‍ന്നിട്ടുണ്ട്. വിധി വരുന്നതുവരെ കാത്തിരിക്കാം. അതുവരെ തനിക്ക് ധാര്‍മികമായി ഒരിക്കലും പിന്നോട്ടുനില്‍ക്കേണ്ട കാര്യമില്ലെന്നും ബാബു പറഞ്ഞു. മന്ത്രിയുടെ പിഎ വഴിയാണ് പണക്കൈമാറ്റം നടന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ബാബുവിന്റെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന അജയ് ഘോഷ് എന്നയാളുടെ പനമ്പിള്ളി നഗര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന ഇടപാടുകള്‍ പരിശോധിക്കണം- വി എസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss