|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിപക്ഷസഖ്യം സാധ്യമായാല്‍ 2019ല്‍ ബിജെപി തകര്‍ന്നടിയും

Published : 17th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2019ലെ നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം സാധ്യമായാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം മികച്ച നേട്ടം കൊയ്യുമെന്ന് ഇന്ത്യടിവി-സിഎന്‍എക്‌സ് സര്‍വേ ഫലം. സര്‍വേ ഫലത്തെ കോണ്‍ഗ്രസ് പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഇത് ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാത്ത സംസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂട് അത്രത്തോളം കടന്നെത്തിയിട്ടില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള സഖ്യനീക്കങ്ങള്‍ സജീവമാണ്. ഇതിനിടയ്ക്കാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആശങ്ക പകര്‍ന്നുകൊണ്ട് ഇന്ത്യടിവി-സിഎന്‍എക്‌സ് സര്‍വേ ഫലം പുറത്തുവരുന്നത്.
ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടന്നാല്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ നേടാന്‍ സാധ്യതയുള്ള സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് മല്‍സരിച്ചാല്‍ ബിജെപി ഏറെ വിയര്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്.
സഖ്യം രൂപീകരിച്ചാണ് മല്‍സരിക്കുന്നതെങ്കില്‍ 80 സീറ്റില്‍ 49 സീറ്റ് വരെ പ്രതിപക്ഷത്തിനു വിജയിക്കാന്‍ സാധിച്ചേക്കും. നിലവിലെ അവസ്ഥയില്‍ നിന്ന് ബിജെപി പിന്നോട്ടുപോവും. കോണ്‍ഗ്രസ് 10, എസ്പി 21, ബിഎസ്പി 18 എന്നിങ്ങനെ സീറ്റുകള്‍ കരസ്ഥമാക്കുമ്പോള്‍ ബിജെപിക്ക് 30 സീറ്റ് മാത്രമായിരിക്കും ലഭിക്കുക. മൂന്ന് സീറ്റ് മറ്റുള്ളവര്‍ കരസ്ഥമാക്കും. നിലവില്‍ 80ല്‍ 73 സീറ്റ് സ്വന്തമായുള്ള ബിജെപിക്ക് ഇതു വലിയ തിരിച്ചടിയാവും.
ഉത്തര്‍പ്രദേശില്‍ വിശാല പ്രതിപക്ഷ ഐക്യം സാധ്യമാവാതിരിക്കുകയും എസ്പി-ബിഎസ്പി, കോണ്‍ഗ്രസ്, എന്‍ഡിഎ എന്നിങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താല്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരുക എന്നാണ് സര്‍വേ പറയുന്നത്.
എസ്പി-ബിഎസ്പി സഖ്യം 33 സീറ്റ് കരസ്ഥമാക്കുമ്പോള്‍ എന്‍ഡിഎ ഉത്തര്‍പ്രദേശിലെ മേധാവിത്വം തുടരുകയും 45 സീറ്റ് കരസ്ഥമാക്കുകയും ചെയ്യും. തനിച്ചു മല്‍സരിക്കുന്ന കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്ക് ഒതുങ്ങും. പ്രധാന പാര്‍ട്ടികളൊക്കെ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കും. 39 സീറ്റ് ബിജെപി തനിച്ചു നേടുമ്പോള്‍ എസ്പി, ബിഎസ്പി കക്ഷികള്‍ ഒമ്പത് സീറ്റിലേക്കും കോണ്‍ഗ്രസ് അഞ്ചിലേക്കും ഒതുങ്ങും. മറ്റുള്ളവര്‍ രണ്ട് സീറ്റും നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിത്വം തുടരുമെന്ന് സര്‍വേ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss