|    Nov 21 Wed, 2018 5:49 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രതിപക്ഷത്തിനു വീണ്ടും മുന്നറിയിപ്പ്

Published : 12th August 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അധികാരത്തില്‍ ഇരിക്കുന്നവരുടെ അഹന്തയും അസഹിഷ്ണുതയും അണക്കെട്ട് തുറന്നുവിടുംപോലെ പുറത്തേക്കൊഴുക്കിവിട്ട കാഴ്ചകളാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്. കലൈജ്ഞര്‍ കരുണാനിധിയുടെ മൃതദേഹം മറീന കടല്‍ത്തീരത്തു സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് അണ്ണാ ഡിഎംകെ ഭരണനേതൃത്വം വാശിപിടിച്ചതും തോല്‍വി ഏറ്റുവാങ്ങിയതും അതിലൊന്നു മാത്രം. തലൈവരുടെ വിയോഗത്തില്‍ ചെന്നൈ നഗരത്തെ ദുഃഖസമുദ്രമാക്കിയ ജനലക്ഷങ്ങള്‍ പ്രകോപിതരാകാതെയും തമിഴകം ആളിക്കത്താതെയും രക്ഷിച്ചത് ഹൈക്കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ക്കും അണ്ണാദുരൈക്കും ശേഷം തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാവല്‍പ്പോരാളിയായി നിലകൊണ്ടത് കലൈജ്ഞര്‍ കരുണാനിധിയാണ്. പക്ഷേ, അണ്ണാ ഡിഎംകെ ഗവണ്മെന്റ് അദ്ദേഹത്തെ കണ്ടത് കേവലമൊരു മുന്‍ മുഖ്യമന്ത്രിയായാണ്. അണ്ണാദുരൈയുടെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് ആറടി മണ്ണ് കരുണാനിധിക്ക് നല്‍കണമെന്ന് അര്‍ധരാത്രി ഡിഎംകെക്ക് ഹൈക്കോടതിയില്‍ ചെന്ന് അപേക്ഷിക്കേണ്ടിവന്നു.
തമിഴരെയും തമിഴകത്തെയും സ്‌നേഹിക്കുകയും വിശ്രമമില്ലാതെ അവര്‍ക്കു വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു തലൈവര്‍. 33 വര്‍ഷം മുമ്പ് തന്റെ ശവപേടകത്തില്‍ കുറിക്കാനുള്ള വാചകം അദ്ദേഹം എഴുതിവച്ചു: ‘വിശ്രമമില്ലാതെ ജീവിച്ച ഒരു മനുഷ്യന്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.’ കരുണാനിധിയുടെ കഥാപാത്രത്തിന്റെ വാമൊഴിയായിരുന്നില്ല ഈ വാക്കുകള്‍. സ്വന്തം ജീവിതം ആ വരികളില്‍ പ്രകടമാക്കുകയായിരുന്നു. ജനങ്ങളുടെ ഓര്‍മയില്‍ നിന്നും ചരിത്രത്തിന്റെ താളില്‍ നിന്നും കലൈജ്ഞരെ തുടച്ചുമാറ്റാന്‍ കഴിയില്ല.
ഒരു സംസ്ഥാന ഗവണ്മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ വിഷയം മാത്രമല്ല ഈ രാഷ്ട്രീയ രോഗമെന്ന് അടുത്ത ദിവസം സുപ്രിംകോടതിയില്‍ നടന്ന മറ്റൊരു സംഭവം വ്യക്തമാക്കുന്നു. അറ്റോര്‍ണി ജനറലും പൊതുതാല്‍പര്യ ഹരജി കേള്‍ക്കുന്ന കോടതിയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പരാമര്‍ശങ്ങളില്‍ നിന്നു സുപ്രിംകോടതി ഒഴിഞ്ഞുനില്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയാണ് ഗവണ്മെന്റ് ചെയ്യേണ്ടതെന്ന് സുപ്രിംകോടതിയും തിരിച്ചടിച്ചു.
ഇത് ലഘുവായൊരു വാചകമേളയുടെ പ്രശ്‌നമല്ല. അറ്റോര്‍ണി ജനറല്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യാ ഗവണ്മെന്റിനെയാണ്. ജഡ്ജിമാര്‍ സുപ്രിംകോടതിയെന്ന ഭരണഘടനാ സ്ഥാപനത്തെയും. അവരുടെ പരാമര്‍ശങ്ങള്‍ എങ്ങനെ വേണം, എന്തു വേണം എന്നു നിര്‍ദേശിക്കാനും നിയന്ത്രിക്കാനും അറ്റോര്‍ണി ജനറല്‍ മുതിരുന്നത് കോടതിയിലുള്ള സര്‍ക്കാരിന്റെ കൈകടത്തലാണ്. ഭരണഘടനാ വ്യവസ്ഥകളിലെ ഇടപെടലാണ്. കോടതിയുടെ വായടപ്പിക്കാനോ വിവേചനം അടിച്ചേല്‍പിക്കാനോ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട അഭിപ്രായങ്ങളോ വിധിയോ മാത്രം മതിയെന്നു കല്‍പിക്കാനോ കേന്ദ്ര ഗവണ്മെന്റിന് അധികാരമില്ല.
രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്താണെന്നു വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ കേന്ദ്ര ഗവണ്മെന്റിനും സുപ്രിംകോടതിക്കുമിടയില്‍ പിന്നീടുണ്ടായി. അതില്‍ പ്രധാനമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കിയ ജസ്റ്റിസ് ജോസഫിന്റെ തീരുമാനമാണ് കേന്ദ്ര ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത്.
കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തതോടെ കേന്ദ്ര ഗവണ്മെന്റിന് അനുസരിക്കേണ്ടിവന്നു. എന്നിട്ടും പകയും അസഹിഷ്ണുതയും നിയമന ഉത്തരവില്‍ കേന്ദ്ര ഗവണ്മെന്റ് പ്രകടിപ്പിച്ചു. വിജ്ഞാപനത്തില്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി താഴ്ത്തിക്കെട്ടി. തെറ്റായ ഈ നടപടിയില്‍ സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചു. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറലിനെ വിളിച്ച് വിയോജിപ്പ് അറിയിക്കുകയും ചെയ്തു.
ഇതിന്റെ പ്രത്യാഘാതം പലതാണ്. ഗവണ്മെന്റ് നിലപാടിനെ കണ്ണടച്ച് അനുകൂലിച്ചില്ലെങ്കില്‍ ജഡ്ജിമാരെയും കോടതിയെയും വകവയ്ക്കില്ലെന്ന ആവര്‍ത്തിച്ചുള്ള നിലപാട്. തുടരെത്തുടരെ കോടതികളില്‍ നിന്നു വരുന്ന വിമര്‍ശനം സര്‍ക്കാരിനെ രോഷാകുലമാക്കുകയാണ്. പക്ഷേ, ഇവിടെ അടിയന്തരാവസ്ഥ ഇല്ലാത്തതിനാലും ഗവണ്മെന്റിന് ഉടനെത്തന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്നും ഉള്ളതുകൊണ്ട് രോഷം കടിച്ചമര്‍ത്തി സഹിക്കുകയാണ് ഭരണനേതൃത്വം. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കോടതികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്ന ഓരോ വിഷയങ്ങളും മാറ്റിവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്ത് ജനാധിപത്യ മുഖം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തിരിച്ചുവരാനായാല്‍ ഇവയെല്ലാം വീണ്ടും നടപ്പാക്കാമെന്നതാണ് ഉള്ളിലിരിപ്പ്.
പാലം കടക്കും മുമ്പേ തന്നെ അസഹിഷ്ണുതയും അധികാര മത്തും തലയ്ക്കു പിടിച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുഭവിച്ചത്. ലോക്‌സഭയില്‍ അവിശ്വാസം പരാജയപ്പെട്ടെങ്കിലും ഭരണകക്ഷിയിലെ ഭിന്നിപ്പും പ്രതിപക്ഷത്തെ യോജിപ്പും വിശ്വാസ വോട്ടില്‍ പ്രകടമായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബിജെപിക്കായി. പ്രതിപക്ഷത്ത് അനൈക്യവും ഭരണപക്ഷത്ത് ഐക്യവുമുണ്ടെന്നു തെളിയിക്കാനുമായി.
പ്രതിപക്ഷത്തെ അനൈക്യത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്-ഐക്കും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമാണ്. ഭരിക്കാന്‍ പോകുന്നു, പ്രധാനമന്ത്രിയാവാന്‍ പോകുന്നു എന്ന വിശ്വാസം രാഹുല്‍ ഗാന്ധിയെ ആവേശിച്ചതായി തോന്നുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളെയും പ്രതിപക്ഷ ഐക്യത്തെയും അവഗണിക്കുന്ന മനോഭാവം രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായി. അതിന്റെ പ്രതിഫലനമാണ് ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ കണ്ടത്.
കണക്കനുസരിച്ച് രണ്ടംഗ ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ടായിട്ടും ഫലം വന്നപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 125 വോട്ടും കോണ്‍ഗ്രസ്സിലെ ഹരിപ്രസാദിന് 101 വോട്ടുമാണ് കിട്ടിയത്. ദേശീയതലത്തില്‍ മുന്നണിയെന്ന നിലയിലോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തിയോ തിരഞ്ഞെടുപ്പ് നേരിടാതിരിക്കുക, സംസ്ഥാനതലത്തില്‍ പരമാവധി ഐക്യം കെട്ടിപ്പടുക്കുക, തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കുക- ഇതാണ് പ്രതിപക്ഷത്ത് പൊതുവേ ഉയരുന്ന നിര്‍ദേശം.
സമീപകാലത്ത് മോദി ഗവണ്മെന്റിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി വന്ന യോജിപ്പ് ‘തങ്ങളുടെ നേതൃത്വത്തില്‍ മാത്രമുള്ള ഗവണ്മെന്റ്’ എന്ന ചിന്ത കോണ്‍ഗ്രസ്സില്‍ പ്രബലമാക്കിയെന്നു തോന്നുന്നു. രാഹുല്‍ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചര്‍ച്ചയിലെ ഇടപെടലും മോദി-രാഹുല്‍ ഏറ്റുമുട്ടല്‍ മാത്രമായി തിരഞ്ഞെടുപ്പിനെ കാണുന്നതിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നു വ്യക്തമാക്കുന്നതാണ് രാജ്യസഭയില്‍ മോദി നേടിയ വിജയം. ഇത് പ്രതിപക്ഷത്തിനാകെ വീണ്ടുമൊരു മുന്നറിയിപ്പാണ്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss