|    Dec 14 Fri, 2018 8:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രതിപക്ഷകക്ഷികളുടെ സംയുക്ത യോഗം 22ന് ഡല്‍ഹിയില്‍

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിനായി പ്രധാന പ്രതിപക്ഷകക്ഷികളുടെ സംയുക്തയോഗം 22ന് ഡല്‍ഹിയില്‍ ചേരുന്നു. നേരത്തേ എന്‍ഡിഎയുടെ ഭാഗമായിരുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വിശാലസഖ്യത്തിനുള്ള നീക്കത്തിന് ചുക്കാന്‍പിടിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷകക്ഷികള്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നത്. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷം സാധ്യമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
യോഗത്തിനു മുന്നോടിയായി കഴിഞ്ഞദിവസം ചന്ദ്രബാബു നായിഡു എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടിന്റെ വീട്ടിലെത്തി അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിജെ പിക്കെതിരേ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കി. ബിജെപിയെ എതിര്‍ക്കുന്ന എല്ലാവരും തങ്ങളോടൊപ്പം ചേരണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനായി ഈ മാസം 22ന് യോഗം ചേര്‍ന്ന് മുന്നോട്ടുപോകുന്നതിന് ഒരു പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ ചന്ദ്രബാബു നായിഡു രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കളുമായി നേരിട്ടു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ജെഡിഎസ് നേതാവ് ദേവഗൗഡ, ബിഎസ്പി നേതാവ് മായാവതി, ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രധാനപ്പെട്ട എല്ലാ കക്ഷിനേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 22ന് ഡല്‍ഹിയില്‍ യോഗം നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss