|    Dec 17 Mon, 2018 3:54 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പ്രതിപക്ഷം വീണ്ടും ആശാന്റെ നെഞ്ചത്ത്

Published : 16th December 2015 | Posted By: SMR

കെ ബാബു

ബാലിശമായ പിടിവാശിക്ക് വശംവദരായി മഹത്തായ ജനാധിപത്യസ്ഥാപനമായ നിയമസഭയുടെ അമൂല്യമായ പ്രവര്‍ത്തനസമയം വൃഥാവിലാക്കാനുള്ള പ്രതിപക്ഷാംഗങ്ങളുടെ പരിശ്രമം പരിഹാസ്യമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭാതലത്തില്‍ ഉന്നയിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ക്ക് അവസരം ലഭ്യമാവുന്ന നിയമസഭാ സമ്മേളന കാലയളവ് രാഷ്ട്രീയലാഭത്തിനും ചാനലുകളുടെ ബ്രേക്കിങ് ന്യൂസിനുമായി അലങ്കോലപ്പെടുത്തുന്നത് ജനാധിപത്യസംസ്‌കാരത്തിന് പുകഴ്‌പെറ്റ കേരളത്തില്‍ ജനങ്ങള്‍ അംഗീകരിക്കാനിടയില്ല. പ്രതിപക്ഷം തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നുണ്ടോയെന്ന് നിയമസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.
നിയമസഭാ നടപടിച്ചട്ടം 50 പ്രകാരം പൊതുപ്രാധാന്യമര്‍ഹിക്കുന്നതും അടിയന്തര സ്വഭാവത്തോടുകൂടിയതുമായ സംഗതി ചര്‍ച്ച ചെയ്യാന്‍ സഭയുടെ കാര്യങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കാവുന്നതാണ്. എന്നാല്‍, ഒരേ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത ഒരു സംഗതിയെപ്പറ്റി പ്രമേയം വഴി പുനരാരംഭിക്കാന്‍ പാടില്ലെന്ന് ചട്ടം 52ന്റെ (3ാം) ഉപഖണ്ഡത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ ഒരു ട്രൈബ്യൂണല്‍, കമ്മീഷന്‍ മുതലായവയുടെ മുമ്പാകെയുള്ള സംഗതികളെപ്പറ്റി ചര്‍ച്ചയുള്ള പ്രമേയം അവതരിപ്പിക്കാന്‍ പാടില്ലെന്ന് ചട്ടം 53 വ്യവസ്ഥചെയ്തിട്ടുണ്ട്. സോളാര്‍ അന്വേഷണ കമ്മീഷന്‍ നടപടികള്‍ സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് സുരേഷ് കുറുപ്പ് നല്‍കിയ നോട്ടീസിന് പ്രസ്തുത ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് അവതരണാനുമതി നല്‍കുന്നതിന് സാധിക്കാതെ വന്നു. എന്നാല്‍, ഒന്നാം നമ്പര്‍ സബ്മിഷനായി പ്രസ്തുത വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാമെന്നും ആവശ്യത്തിനുള്ള സമയം ഇക്കാര്യത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചു. എന്നാല്‍, സ്പീക്കറുടെ റൂളിങിനെ അംഗീകരിക്കാതെ മുദ്രാവാക്യം വിളികളോടെ നടുത്തളത്തില്‍ എത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭാനടപടികള്‍ അലങ്കോലപ്പെടുത്തുകയാണുണ്ടായത്. സാധാരണ പ്രതിഷേധങ്ങളില്‍നിന്ന് വ്യത്യസ്തമായി അവര്‍ നടുത്തളത്തിലിറങ്ങുക മാത്രമല്ല, സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ച അസാധാരണമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. സഭാനടപടികള്‍ സുഗമമാക്കാന്‍ സ്പീക്കര്‍ നടത്തിയ അഭ്യര്‍ഥന അപ്പാടെ നിരാകരിച്ചുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ നടപടികളെ അലങ്കോലപ്പെടുത്തിയത്. സ്പീക്കറുടെ ചേംബര്‍ ഉപരോധിക്കുകയെന്ന കടുത്ത മാര്‍ഗം അവലംബിക്കുന്നതിനു പ്രതിപക്ഷം തയ്യാറായി.
അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സബ്മിഷനായി പരിഗണിച്ച് അനുവദിച്ചിട്ടുള്ളത് കേരള നിയമസഭയിലെ ആദ്യ സംഭവമാണെന്നമട്ടില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധസമരത്തിന്റെ പൊള്ളത്തരം വെളിവാക്കാന്‍ 12ാം കേരള നിയമസഭയുടെ കാലഘട്ടത്തില്‍ നടന്ന ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. 2007 മുതല്‍ 2011 വരെയുള്ള കാലത്ത് 22 സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള ചട്ടം 50 പ്രകാരമുള്ള നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കാതിരിക്കുകയും പ്രസ്തുത വിഷയം സബ്മിഷനായി ഉന്നയിക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയില്‍ അന്നൊന്നും ഞങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കാനോ സഭാനടപടികള്‍ തടസ്സപ്പെടുത്താനോ തയ്യാറായില്ല.
ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാവട്ടെ അഞ്ചു തവണ അടിയന്തര പ്രമേയത്തിന്‍മേല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായി. 12ാം കേരള നിയമസഭയുടെ കാലഘട്ടത്തില്‍ കെ രാധാകൃഷ്ണന്‍ സ്പീക്കറായിരിക്കെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന പരമാവധി സമയം എട്ട് മിനിറ്റ് മാത്രമായിരുന്നു. എന്നാല്‍, ശക്തന്‍ സ്പീക്കറായതോടെ 15 മിനിറ്റ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാലിത് 25 മിനിറ്റ് വരെ ദീര്‍ഘിപ്പിച്ചിട്ടുള്ള സന്ദര്‍ഭങ്ങളും വിരളമല്ല.
ഇങ്ങനെയിരിക്കെ ബന്ധപ്പെട്ട സബ്മിഷന്‍ അവതരിപ്പിക്കുന്നതിനായി പ്രതിപക്ഷത്തിന് സമയം അനുവദിക്കുന്നതാണെന്ന സ്പീക്കറുടെ പ്രഖ്യാപനം പ്രതിപക്ഷം മുഖവിലയ്‌ക്കെടുക്കാതെ നടപടികള്‍ സ്തംഭിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ജനാധിപത്യത്തോടുള്ള പ്രതിപക്ഷത്തിന്റെ പ്രതിബദ്ധതയില്ലായ്മയാണിത് കാണിക്കുന്നത്.

(ഫിഷറീസ്-പോര്‍ട്ട്-എക്‌സൈസ് വകുപ്പു മന്ത്രിയാണ് ലേഖകന്‍) $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss