|    Jun 20 Wed, 2018 3:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു; അംഗങ്ങള്‍ എത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്: സ്പീക്കറുടെ സമവായ ചര്‍ച്ച പാളി

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ സ്പീക്കര്‍ മുന്‍കൈയെടുത്തു നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടു. ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച ശേഷമാണ് സഭാനടപടികള്‍ നിര്‍ത്തിവച്ച് ഭരണ-പ്രതിപക്ഷ കക്ഷികളുമായി സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ച നടത്തിയത്.
കരാര്‍ സുപ്രിംകോടതി തന്നെ അംഗീകരിച്ച സാഹചര്യത്തില്‍ പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെങ്കിലും ഫീസ് കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും ധനാഭ്യര്‍ഥന ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സമവായ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കാത്ത സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
അതേസമയം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നടത്തുന്ന നിരാഹാരസമരവും കെ എം ഷാജി, എന്‍ ശംസുദ്ദീന്‍ എന്നിവരുടെ ഐക്യദാര്‍ഢ്യ സത്യഗ്രഹവും മൂന്നാം ദിവസത്തിലേക്കു കടന്നു.
ചോദ്യോത്തരവേളയില്‍ തന്നെ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പ്ലക്കാര്‍ഡിനും ബാനറിനും പുറമേ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ഇന്നലെയും സഭയില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് ശൂന്യവേളയിലാണ് അടിയന്തരപ്രമേയ നോട്ടീസായി സണ്ണി ജോസഫ് വിഷയം ഉന്നയിച്ചത്.
സ്വാശ്രയ കോളജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സുപ്രിംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തിനു പ്രസക്തിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മറുപടി നല്‍കി. പ്രവേശനവുമായി ബന്ധപ്പെട്ട് ജയിംസ് കമ്മിറ്റിക്ക് ലഭിച്ച പരാതികളില്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി വിശദീകരിച്ചു. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകള്‍ പോലും സ്വാശ്രയവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ  സംസാരം കഴിഞ്ഞതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരിപ്പിടത്തിലേക്കു മടങ്ങാന്‍ തയ്യാറാവാതെ വന്നതോടെ സഭാനടപടികള്‍ നിര്‍ത്തിവച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss