|    Oct 21 Sun, 2018 9:02 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രതിപക്ഷം ഉറക്കത്തിലാണ്

Published : 21st August 2016 | Posted By: SMR

slug--rashtreeya-keralamഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറി മാസം നാല് പിന്നിട്ടുകഴിഞ്ഞു. ഒരു പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആവശ്യമായ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തി ഭരണതലത്തില്‍ നയപരമായ നിലപാടുകളും തീരുമാനങ്ങളും എടുക്കുന്ന നിര്‍ണായകമായ സമയമാണിത്. സര്‍ക്കാരിന്റെയും വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരുടെയും കാഴ്ചപ്പാടുകളും സമീപനങ്ങളും ഏറക്കുറേ നാട്ടുകാര്‍ക്ക് ഇക്കാലയളവില്‍ പിടികിട്ടും. എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തോടെ ഭരണത്തിലേറിയ പിണറായി സര്‍ക്കാരിന്റെ രീതിയും ശൈലിയും ഒക്കെ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും ഇതിനകം ഏകദേശ ധാരണയായിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന കാര്യത്തിലെ അനാവശ്യ പിടിവാശി മുതല്‍, ഭിന്നാഭിപ്രായങ്ങളോടും വിയോജിപ്പുകളോടും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ വരെ സര്‍ക്കാരിന്റെ ശൈലി സംബന്ധിച്ച സൂചകങ്ങളായി കണക്കാക്കാവുന്നതാണ്. വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ തിരഞ്ഞെടുപ്പു മുതല്‍, മദ്യനയം പുനപ്പരിശോധിക്കുന്നതു സംബന്ധിച്ച് നിലവില്‍ നടക്കുന്ന സജീവ ചര്‍ച്ചകള്‍ വരെ സര്‍ക്കാര്‍ ഏതുപക്ഷത്ത് ചുവടുറപ്പിച്ചുകഴിഞ്ഞുവെന്നത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവര്‍ ഇടതുപക്ഷ സ്വഭാവമുള്ളവര്‍ തന്നെയാവണമെന്നും മാഫിയകളുടെയും കുത്തകകളുടെയും വക്കാലത്തെടുക്കുന്നവര്‍ ആവരുതെന്നുമുള്ള സാമാന്യജനങ്ങളുടെ പ്രതീക്ഷകളോട് പൊരുത്തപ്പെടാവുന്ന നിലയിലല്ല സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക്. ഈ വക കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവരെ കണ്ണുരുട്ടിക്കാണിക്കാനും വേണ്ടിവന്നാല്‍ തല്ലിതോല്‍പിക്കാനും വരെ തയ്യാറാണെന്ന മനോഭാവത്തിലാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ടൂറിസം മേഖലയിലടക്കം ലഹരി നുരയേണ്ടതിന്റെ ആവശ്യകതയെ സാധൂകരിക്കുന്ന സാമ്പത്തിക-വാണിജ്യ തത്ത്വങ്ങളില്‍ കടിച്ചുതൂങ്ങി, വിദേശമദ്യ വില്‍പന പൂര്‍വാധികം ഭംഗിയാക്കാനുള്ള നീക്കവും അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു. പാരിസ്ഥിതിക സന്തുലനം തകരുമെന്ന ആശങ്കകള്‍ കണക്കിലെടുക്കാതെ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന പ്രഖ്യാപനവും ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാതെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള നീക്കവും മറ്റും ചര്‍ച്ചകളുടെയും സമവായത്തിന്റെയും ജനകീയ ശൈലിയെക്കാള്‍, അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോവാനുള്ള ഭരണകൂടത്തിന്റെ ഗര്‍വാണ് കാട്ടിത്തരുന്നത്.
എന്നാല്‍, ഒരു ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് തിടുക്കത്തിലുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു ശ്രദ്ധേയം. കാലങ്ങളായി കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന ഭൂമിപ്രശ്‌നം, പട്ടയവിതരണം, വന്‍കിട ഭൂമികൈയേറ്റം തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ വകുപ്പുമന്ത്രിമാര്‍ നടത്തുന്ന പതിവ് പൊറാട്ടുനാടകങ്ങള്‍ക്കപ്പുറം, ഒരു പൊതുനിലപാടെന്ന നിലയില്‍ സര്‍ക്കാരിന് ചെറു ചുവടുവയ്പുപോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. യുവജനങ്ങള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പുതിയ നിയമനങ്ങളുടെ കാര്യത്തിലും മുന്‍ സര്‍ക്കാരിന്റെ കാലത്തെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായുള്ള കീറാമുട്ടിയായ സ്വാശ്രയ മേഖലയുമായുള്ള ഒത്തുതീര്‍പ്പുകളുടെ ചര്‍ച്ചകളുടെ സ്വഭാവവും കാലിച്ചന്തയിലേതുപോലെ തുക പറഞ്ഞുറപ്പിക്കുന്ന പഴയ രീതി തന്നെ. സര്‍ക്കാര്‍തലത്തില്‍ ഉണ്ടായ മാറ്റം നിത്യോപയോഗസാധനങ്ങളുടെ വിപണിവിലയില്‍ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ കാര്യമായി പ്രതിഫലിച്ചിട്ടുമില്ല.
ഇടതുസര്‍ക്കാര്‍ നിലകൊള്ളുന്ന പ്രത്യയശാസ്ത്ര അടിത്തറയില്‍നിന്ന് വിഭിന്നമായ മുന്‍ഗണനാക്രമം ഭരണതലത്തില്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാവുന്ന പൊരുത്തക്കേടുകള്‍ തന്നെയാണ് പിണറായി മന്ത്രിസഭയുടെ ആദ്യമാസങ്ങളില്‍ അനുഭവപ്പെടുന്ന പ്രധാന കല്ലുകടി. വര്‍ഗതാല്‍പര്യങ്ങളെ തകിടംമറിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി സംബന്ധിച്ച ചര്‍ച്ചകള്‍ ഒറ്റപ്പെട്ട ശബ്ദങ്ങളായി ചുരുങ്ങിപ്പോവുകയാണ്. പാര്‍ട്ടി-മുന്നണി സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിനെ പ്രത്യയശാസ്ത്രപ്രശ്‌നങ്ങളുടെ പേരില്‍ വിമര്‍ശിക്കാനും തിരുത്താനും ശേഷിയുള്ള നേതാക്കന്‍മാരുടെ അഭാവമാണ് കേരളത്തിലെ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിടുന്ന പ്രധാനപ്പെട്ട അപചയവും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷമാവട്ടെ, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ്. തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്കു പുറമേ, മുന്നണിയില്‍ ഉണ്ടായ അന്തഛിദ്രങ്ങള്‍ പ്രതിപക്ഷത്തെ ഉയര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്തവിധം ദുര്‍ബലമാക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പുഫലം വന്നതിന്റെ തൊട്ടുപിറ്റേന്ന് തുടങ്ങിയ പ്രശ്‌നപരിഹാര നീക്കങ്ങള്‍, യുഡിഎഫിലും കോണ്‍ഗ്രസ്സിലും ഇപ്പോഴും തുടരുകയാണ്. പക്ഷേ, ഏതു പ്രശ്‌നത്തിനാണ് പരിഹാരം കാണേണ്ടതെന്നു മാത്രം നേതാക്കള്‍ക്കു വ്യക്തതയില്ല.
പുനസ്സംഘടനയാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രശ്‌നം. അത് കെപിസിസി പ്രസിഡന്റ് മുതല്‍ വേണമോ വേണ്ടയോ എന്നതിലാണ് പ്രധാന തര്‍ക്കം. പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം ത്യജിക്കാന്‍ തയ്യാറായ ഉമ്മന്‍ചാണ്ടിയില്‍ സുധീരന് മാതൃകയുണ്ടെന്നാണ് കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് പ്രമാണിമാരുടെ അഭിപ്രായം. പതിവുപോലെ തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളടക്കം പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന സാമൂഹികവിഭാഗങ്ങള്‍ എന്തുകൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുചായ്‌വ് പ്രകടിപ്പിച്ചുവെന്നതിന്റെ കാരണങ്ങളെ കുറിച്ചാണ് യുഡിഎഫ് ഗൗരവമായി വിലയിരുത്തേണ്ടത്. സര്‍ക്കാരിനെ മുച്ചൂടും ബാധിച്ച അഴിമതി ആരോപണങ്ങളും ഭരണതലത്തിലുണ്ടായ മൃദുഹിന്ദുത്വ സമീപനങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായി ലഭിക്കേണ്ട പരിഗണനപോലും പ്രീണനമാരോപിച്ച് നിഷേധിച്ചതുമൊക്കെ ഫലത്തില്‍ മുന്നണിയുടെ അടിത്തറയെ തന്നെയാണ് ഇളക്കിയതെന്ന യാഥാര്‍ഥ്യം നേതാക്കള്‍ ഇനിയെങ്കിലും അംഗീകരിക്കേണ്ടതുണ്ട്. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള നയപരമായ തിരുത്തല്‍ നടപടികളാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വകനല്‍കുന്ന യാതൊരു നീക്കവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. കേരളത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് കെപിസിസി പ്രസിഡന്റിന് ഇപ്പോഴും വിലയിരുത്താന്‍ കഴിയുന്നുവെങ്കില്‍, കോണ്‍ഗ്രസ് ഈ അടുത്തകാലത്തൊന്നും രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ മൂന്നാംമുന്നണി ശക്തിയാര്‍ജിക്കുന്നുവെന്ന, മുസ്‌ലിം ലീഗിനുണ്ടായ ബോധോദയം ആശാവഹമാണെന്നു തോന്നുമെങ്കിലും അത് അസ്ഥാനത്താണെന്ന് തൊട്ടുപിന്നാലെ പാര്‍ട്ടി നേതാവ് കുഞ്ഞാലിക്കുട്ടി തെളിയിച്ചു. കേരളത്തിലെ രണ്ടു പ്രമുഖ മുസ്‌ലിം സ്ഥാപനങ്ങളിലേക്ക് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച മാര്‍ച്ചിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി പത്രക്കാര്‍ പറയുന്നതുവരെ അറിഞ്ഞിരുന്നില്ലത്രേ. മുസ്‌ലിം സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ സംഘപരിവാരത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത ആഭ്യന്തരവകുപ്പിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാവാതെ, ഭൂമിമലയാളത്തില്‍ അങ്ങനെ ഒരു സംഭവം നടന്നതായേ അറിയില്ലെന്നു പറയുന്ന നേതാക്കള്‍, ഏതു ലോകത്തിരുന്നാണ് പൊതുപ്രവര്‍ത്തനം നടത്തുന്നതെന്ന് സ്വന്തം അണികളെയെങ്കിലും ഒന്നു ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ കഴിയും. പക്ഷേ, കേരളത്തിലെ പ്രതിപക്ഷം മനപ്പൂര്‍വം ഉറങ്ങുകയാണെന്നാണ് നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss