|    Mar 26 Sun, 2017 8:33 pm
FLASH NEWS

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ബഹുമുഖ പദ്ധതികളുമായി ആര്‍എസ്എസ്

Published : 8th February 2016 | Posted By: SMR

കൊച്ചി: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരേ ആര്‍എസ്എസും സംഘപരിവാരവും നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ മറികടക്കാനും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ആര്‍എസ്എസ് ബഹുമുഖ പദ്ധതികളൊരുക്കുന്നു.
ദാദ്രി, ഫരീദാബാദ് സംഭവങ്ങളിലും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളിലും ഉണ്ടായ കടുത്ത പ്രതിഷേധം അന്തര്‍ദേശീയ മാധ്യമങ്ങളടക്കം റിപോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് കേന്ദ്രമന്ത്രിമാര്‍ അന്യായമായി ഇടപെട്ടതിനെതുടര്‍ന്ന് ഹൈദരാബാദില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്.
ഇതേത്തുടര്‍ന്ന് സവര്‍ണ നിയന്ത്രണത്തിലുള്ള പരിവാര സംഘടനകള്‍ക്കെതിരേയുള്ള അമര്‍ഷം ശക്തമായിരുന്നു. രോഹിത് ദലിതനല്ലെന്നു സ്ഥാപിക്കാനുള്ള ബിജെപി മന്ത്രിമാരുടെ ശ്രമങ്ങള്‍ വലിയ തിരിച്ചടിയായി മാറി. കേരളത്തില്‍ ദലിത് സംഘടനകള്‍ ഈ വിഷയത്തില്‍ പൊതുവില്‍ നിസ്സംഗരാണെങ്കിലും ജാതിക്കതീതമായ ഹിന്ദുസമാജ ഐക്യം അപകടത്തിലാണെന്ന് ആര്‍എസ്എസ് നേതൃത്വം മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ ഡോക്ടര്‍മാര്‍, നിയമരംഗത്തെ പ്രമുഖര്‍, കലാസാംസ്‌കാരിക രംഗത്തെ ഉന്നതര്‍ എന്നിവരുമായി ബന്ധപ്പെട്ട് തകൃതിയായ പ്രചാരണം നടത്താനാണ് പരിപാടിയിട്ടിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളം സന്ദര്‍ശിച്ചപ്പോള്‍ തന്നെ കാണേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
എന്നാല്‍, ആര്‍എസ്എസ് അജണ്ട തിരിച്ചറിഞ്ഞ പല പ്രമുഖരും സംവാദത്തിനു വിസമ്മതിക്കുകയാണു ചെയ്തത്. പക്ഷേ, നേരത്തെ തന്നെ ആര്‍എസ്എസ് അനുഭാവം പ്രകടിപ്പിക്കുന്ന കൊച്ചിയിലെ ചില ഡോക്ടര്‍മാരും വിവരാവകാശ പ്രവര്‍ത്തകരും ആശുപത്രി മേധാവികളും ഇതിനകം സംഘപരിവാര നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന പരിപാടികള്‍ക്കു പിന്നില്‍ ചരടുവലിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ബിജെപി ദേശീയസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനമാണ്. ക്രിസ്മസിന്റെ തലേന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാബാവയെ കൊണ്ട് ‘ജന്മഭൂമി’ ഇദംപ്രഥമമായി പ്രസിദ്ധീകരിച്ച ക്രിസ്മസ് പതിപ്പായ തിരുപ്പിറവിയുടെ പ്രകാശനം നടത്തിയതും ഇതിന്റെ ഭാഗമായിരുന്നു. തെക്കന്‍ ജില്ലയിലെ ക്രിസ്ത്യന്‍ സമുദായ നേതാക്കളെയും മാണി കോണ്‍ഗ്രസ്സിലെ പ്രമുഖരെയും കണ്ണന്താനം വഴി ബന്ധിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണു ശ്രമം.
അഖിലേന്ത്യാ തലത്തില്‍ ഡല്‍ഹിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പട്ടികയില്‍ സമുദായം വേര്‍തിരിച്ച് ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകമായി കാണാനുള്ള പരിപാടിയുമുണ്ട്. ഈയിടെ ധനമന്ത്രി ജെയ്റ്റ്‌ലി നടത്തിയ വിരുന്നില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ എന്നിവരോടൊപ്പം കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ബിഷപ് ജേക്കബ് ബര്‍ണബാസ് സംബന്ധിച്ചിരുന്നു. ചില മുസ്‌ലിം നേതാക്കളെ അണിനിരത്തി സംസ്ഥാനങ്ങളില്‍ ഏഴു പത്രങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാനും പരിവാരം തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന സൂഫി സമ്മേളനം പുരോഹിതരെ ഉപയോഗിച്ച് മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
അതോടൊപ്പം, ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ പണ്ടു നടത്തിയ പ്രചാരണം വീണ്ടും ആര്‍എസ്എസ് ശക്തിപ്പെടുത്തിയിട്ടുമുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ അല്ലാഹു അക്ബര്‍ എന്ന തലക്കെട്ടിലുള്ള ഒരു നോട്ടീസ് ചില വാട്‌സ്ആപ് ഗ്രൂപ്പുകളുപയോഗിച്ചാണ് വീണ്ടും പ്രചരിപ്പിക്കുന്നത്. ഹിന്ദു ബ്രാഹ്മണ യുവതിയെ പ്രേമിച്ചു മുസ്‌ലിമാക്കിയാല്‍ അഞ്ചുലക്ഷം, അങ്ങനെ ജാതിയും മതവും നോക്കി ഒന്നരലക്ഷം രൂപവരെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ നിന്നു ലഭിക്കുമെന്ന കല്ലുവച്ച നുണയാണ് നോട്ടീസിലുള്ളത്. സൈബര്‍ കുറ്റകൃത്യത്തില്‍പ്പെടുന്ന ഇതിനെതിരേ പോലിസ് ഇതേവരെ നടപടിയൊന്നും എടുത്തിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക