‘പ്രതിക്ക് ഇളവ് നല്കുന്നതു നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിനു തുല്യം’; ഹൈക്കോടതി പരാമര്‍ശം അറംപറ്റുന്നതായി
Published : 16th September 2016 | Posted By: SMR
ഷബ്ന സിയാദ്
കൊച്ചി: സൗമ്യവധക്കേസിലെ സുപ്രിംകോടതി വിധി, പ്രതി ഗോവിന്ദച്ചാമി വധശിക്ഷയില്‍ കുറഞ്ഞ ഒന്നിനും അര്‍ഹനല്ലെന്നും ഇളവനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമാവുമെന്നുള്ള ഹൈക്കോടതി പരാമര്‍ശം അറംപറ്റിയതു പോലെയായി. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങളെല്ലാം ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രിംകോടതി ഇത് തള്ളിയതോടെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയിലെ പരാമര്‍ശങ്ങള്‍ അറംപറ്റിയത്.
മുന്നൂറിലധികം പേജുള്ള വിധിന്യായമാണ് ഹൈക്കോടതി തയ്യാറാക്കിയത്. എന്നാല്‍, ഗോവിന്ദച്ചാമിയെന്ന പ്രതിക്ക് ബലാല്‍സംഗത്തിനുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് മാത്രമാണ് സുപ്രിംകോടതി നല്‍കിയത്. അക്രമകാരിയായ മ്യഗത്തെപ്പോലെ, നിസ്സഹായയായ പെണ്‍കുട്ടിക്ക് മേല്‍ ചാടിവീണ് പരമാവധി അക്രമം നടത്തിയ ഗോവിന്ദച്ചാമി എല്ലാവിധ രതി വൈകൃതത്തിനും അമിതമായ ക്രൂരപ്രവര്ത്തനങ്ങള്ക്കും അടിമയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗോവിന്ദച്ചാമിയുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി ഉത്തരവ് വധശിക്ഷയുടെ ന്യായാന്യായങ്ങള്‍ മാത്രമായിരുന്നില്ല അന്ന് ചര്‍ച്ച ചെയ്തത്.
നിഷ്ഠൂരമായ മാനസികാവസ്ഥ, കൊടിയ ക്രൂരത, ക്രമിനല്‍ സ്വഭാവം, മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങി എന്തിനും മടിക്കാത്ത സ്വഭാവമാണ് ഗോവിന്ദച്ചാമിയുടേതെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. തമിഴ്നാട്ടില്‍ എട്ട് കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകം, പീഡനം, കവര്‍ച്ച, അതിക്രമിച്ചു കയറല്‍ എന്നിവ പ്രതി ഒറ്റയ്ക്ക് ചെയ്തുവെന്നത് സംശയാതീതമായി തെളിഞ്ഞതായി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രിംകോടതിക്ക് സൗമ്യയെ ബലാല്‍സംഗം ചെയ്തതിനും കളവ് നടത്തിയതിനുമുള്ള തെളിവ് ബോധ്യപ്പെട്ടു.
അതുകൊണ്ട് ഗോവിന്ദച്ചാമിയെ ഐപിസി 376 വകുപ്പ് അനുസരിച്ച് ഏറ്റവും കുറഞ്ഞ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് തെളിവില്ലെന്നാണ് സുപ്രിംകോടതി കണ്ടെത്തിയത്.
ഒരാളെ കൊല്ലണമെന്ന ലക്ഷ്യത്തോടും തയ്യാറെടുപ്പോടുംകൂടി ആക്രമിക്കുകയും ആള് മരിക്കുകയും ചെയ്യുമ്പോഴാണ് അത് കൊലപാതകം എന്ന നിര്വചനത്തിലാവുന്നത്. കൊലപാതകത്തിന് 302 വകുപ്പ് അനുസരിച്ച് വധശിക്ഷവരെ കിട്ടാം. വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ അപേക്ഷയും. ട്രെയിനില്‍നിന്നു തലയിടിച്ചുവീണ സൗമ്യയെ ഗോവിന്ദച്ചാമി ബലാല്‍സംഘം ചെയ്തതായാണ് സാഹചര്യത്തെളിവുകള്‍ കാണിക്കുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.