|    Jun 18 Mon, 2018 10:19 pm

പ്രതികാര നടപടികള്‍ പിന്‍വലിച്ചു ; അശ്വനി സമരം ഒത്തുതീര്‍ന്നു

Published : 12th August 2017 | Posted By: fsq

 

തൃശൂര്‍: അശ്വനി ആശുപത്രിയില്‍ 27 ദിവസമായി നഴ്‌സുമാര്‍ തുടര്‍ന്ന സമരം ഒത്തു തീര്‍പ്പായി. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരത്തിലിരുന്ന മുഴുവന്‍ നഴ്‌സുമാരും ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു. ടെര്‍മിനേഷന്‍, സസ്‌പെന്‍ഷന്‍  തുടങ്ങിയ മുഴുവന്‍ പ്രതികാര നടപടികളും പിന്‍വലിക്കാമെന്ന് ഇന്നലെ രാവിലെ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് ധാരണയായത്.ആശുപത്രിയില്‍ സമരത്തിനു മുമ്പുള്ള തല്‍സ്ഥിതി തുടരും. തുടര്‍ന്നങ്ങോട്ട് ആശുപത്രിയില്‍ നഴ്‌സുമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.ജില്ലാ വ്യാപകമായി നേരത്തെ നടന്ന സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് ട്രെയ്‌നികളെന്ന പേരില്‍ പിരിച്ചുവിട്ടതാണ് പണിമുടക്ക് സമരത്തിലേക്ക് നയിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ച 90 പേര്‍ക്ക് നോട്ടിസ് നല്‍കുമെന്ന ഭീഷണിയുണ്ടായി. ഇതോടെ മുഴുവന്‍ പേരും പ്രതിഷേധമറിയിച്ചു. ആകെയുള്ള 330 നഴ്‌സുമാരില്‍ 282 യുഎന്‍എ അംഗങ്ങളോടും ജോലിയില്‍ കയറേണ്ടെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചു നില്‍ക്കുകയായിരുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ്, യൂനിറ്റ് പ്രസിഡന്റ് സിനിമോള്‍, സെക്രട്ടറി ബിനു പാപ്പച്ചന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുധീപ് ദിലീപ്, ഷാന്റോ എന്നിവരും ദയ ആശുപത്രി എംഡി ഡോ.അബ്ദുള്‍ അസീസ്, അശ്വനി ആശുപത്രി ചെയര്‍മാന്‍ ഡോ.അച്യുതന്‍കുട്ടി, എക്‌സി.ഡയറക്ടര്‍ ധര്‍മ്മന്‍, മാനേജ്‌മെന്റ് അഭിഭാഷകനായ മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒത്തുതീര്‍പ്പ് ധാരണാപത്രം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇരുവിഭാഗവും ഒപ്പുവച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss