|    May 1 Mon, 2017 11:53 am
FLASH NEWS

പ്രതികളെ പത്തനംതിട്ടയിലെത്തിച്ച് തെളിവെടുത്തു

Published : 19th February 2016 | Posted By: SMR

പത്തനംതിട്ട: സ്ത്രീകളെ അടിച്ചു വീഴ്ത്തി മാല പറിക്കുന്ന സംഘത്തെ പത്തനംതിട്ടയിലെത്തിച്ചു തെളിവെടുത്തു. അറസ്റ്റിലായതെ പത്തനംതിട്ടയില്‍ ബന്ധുവായ സ്ത്രീയുടെ മാല പറിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കോന്നി പോലിസ് കഴിഞ്ഞ ജനുവരി 14ന് അറസ്റ്റ് ചെയ്ത കേസിലെ പ്രതികള്‍.
ഇവരില്‍ കുമ്പഴ അറത്തന്‍പ്ലാക്കല്‍ തുണ്ടുമൂഴിയില്‍ അബിന്‍കുമാര്‍ (21), മൈലപ്ര നാല്‍ക്കാലിക്കല്‍ കുരുടന്‍ മൂഴിയില്‍ ലക്ഷം വീട് കോളനിയില്‍ മഹേഷ് (19) എന്നിവരെ പത്തനംതിട്ട ടെലികോം ഭവന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണാട്ട് ഫൈനാന്‍സ്യയേഴ്‌സില്‍ ഇന്നലെ വൈകീട്ട് നാലരയോട് എത്തിച്ച് ആലപ്പുഴ കുത്തിയത്തോട് എസ്‌ഐ വി ആര്‍ ജഗദീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പുഷ്പന്‍, സിപിഒ ശിവന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുത്തു. ഇവര്‍ തങ്ങളുടെ ധനകാര്യ സ്ഥാപനത്തിലെ സ്ഥിരം ഉപഭോക്താക്കളാണെന്നും മാതാവിനോടൊപ്പമെത്തി അബിന്‍കുമാര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താറുണ്ടെന്നും അതിനാല്‍ തന്നെ സംശയങ്ങള്‍ തോന്നിയിരുന്നില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കി.
കഴിഞ്ഞ ഫെബ്രുവരി എട്ടിന് കുത്തിയത്തോടുള്ള വ്യാപാര സ്ഥാപനത്തിലെത്തി സ്ത്രീയെ അടിച്ചുവീഴ്ത്തി മോഷണം നടത്തിയ സംഭവത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പത്തനംതിട്ടയിലെത്തിച്ചത്. കേസിലെ പത്തനംതിട്ട ലബ്ബവിളയില്‍ ഫൈസല്‍ എസ് കബീര്‍(21), തൊണ്ടയാനിക്കുഴിയില്‍ സുഭാഷ് (32), കുമ്പഴ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം പ്രതികളെ സമാനമായ മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് കോന്നി പോലിസ് അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യത്തില്‍ ഇറങ്ങി മോഷണം നടത്തിയതെന്ന് വ്യക്തമായത്.
കാര്‍ വാടകയ്‌ക്കെടുത്ത് സ്ത്രീകളുടെ മാലമോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലിസ് പറഞ്ഞു. സത്രീകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെത്തിയാണ് പ്രതികളുടെ മോഷണ ശ്രമത്തില്‍ അധികമെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ ജനുവരി 13ന് അബിന്‍കുമാറിന്റെ കുഞ്ഞമ്മയുടെ മാലപൊട്ടിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട സംഘത്തെ നാട്ടുകാരും ജില്ലാ പോലിസ് മേധാവിയുടെ നിഴല്‍പോലിസും ചേര്‍ന്നാണ് പിടികൂടിയത്.
കുഞ്ഞമ്മയുടെ മാല മോഷ്ടിക്കാന്‍ സംഘത്തിന് അബിന്‍കുമാര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതനുസരിച്ച് കുഞ്ഞമ്മയുടെ വീട്ടില്‍ ചെന്ന സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളവും കുടിച്ച് വിശ്രമിക്കുന്നതിനിടെ ഇവര്‍ ബലമായി മാല പൊട്ടിക്കുകയായിരുന്നു. മാലയുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മഹേഷിന്റെ കൈയില്‍ വീട്ടമ്മ കടിച്ചു.
ബഹളം ശക്തമായതോടെ സംഘം ചിതറിയോടി.തുടര്‍ന്ന് നാട്ടുകാരും ഷാഡോ പോലീസും ചേര്‍ന്ന് വിവിധ ദിവസങ്ങളിലായി പ്രതികളെ പിടികൂടുകയായിരുന്നു. കാര്‍ വാടകയ്ക്ക് എടുത്ത് കറങ്ങി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിരവധി സ്ത്രീകളുടെ സ്വര്‍ണമാല സംഘം കവര്‍ന്നിരുന്നതായി കേസുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുത്തിയത്തോട് എസ്‌ഐ വി ആര്‍ ജഗദീഷ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day