|    Sep 21 Fri, 2018 3:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രതികളുടെ വിടുതല്‍ ഹരജിയില്‍ സപ്തംബര്‍ 14നു വാദം കേള്‍ക്കും

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പ്രസ്സില്‍ നിന്നു ചോര്‍ത്തിയെന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചു. ഹരജിയെ സിബിഐ ശക്തമായി എതിര്‍ത്തു. പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കരുതെന്നും സിബിഐ വാദിച്ചു. തുടര്‍ന്ന് വിടുതല്‍ ഹരജിയില്‍ സപ്തംബര്‍ 14ന് വിശദമായ വാദം കേള്‍ക്കാമെന്ന് സിബിഐ ജഡ്ജി ജെ നാസര്‍ വ്യക്തമാക്കി.
സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാക്കനാട് മൂലേപ്പാടം റോഡ് ആതിരയില്‍ വി സാനു, കണിയാപുരം അസിസ്റ്റന്റ് എജ്യൂക്കേഷന്‍ ഓഫിസര്‍ കാര്യവട്ടം അമലീനയില്‍ സി പി വിജയന്‍ നായര്‍, വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ് രവീന്ദ്രന്‍, ചോദ്യപേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങ്കമ്പാക്കം ഹൈറോഡ് നാലാം തെരുവില്‍ അന്നമ്മ ചാക്കോ, മാനേജിങ് ഡയറക്ടര്‍ വി സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. ഒന്നാം പ്രതി വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.
2005ലാണ് കേസിനാസ്പദമായ സംഭവം. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടി കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുനപ്പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സിബിഐ കണ്ടെത്തി.
അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ 2004 നവംബര്‍ 16ന് ഡെപ്യൂട്ടി ഡയറക്ടര്‍ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫിസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ ഇന്‍സ്‌പെക്ടര്‍ പി അരിന്‍ ചന്ദ്ര ബോസ് 2007 ജൂണ്‍ 11നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss