|    Aug 18 Sat, 2018 8:28 am
FLASH NEWS

പ്രതാപം വീണ്ടെടുത്ത് കോലറയാര്‍; ജലോല്‍സവം 28ന്

Published : 4th August 2018 | Posted By: kasim kzm

തിരുവല്ല: പഴയ പ്രതാപം വീണ്ടെടുത്ത് അപ്പര്‍കുട്ടനാടിന്റെ ജീവനാഡിയായ കോലറയാര്‍ നിറഞ്ഞൊഴുകുന്നു. മാലിന്യ നിക്ഷേപവും മണലൂറ്റലും മരണാസന്നയാക്കിയ നദിയെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മുന്നേറ്റത്തിലൂടെയാണ് പുനരുജ്ജീവിപ്പിച്ചത്. കോലറയാറിനെ വീണ്ടെടുത്ത ശേഷമുള്ള രണ്ടാമത് ജലോല്‍സവം 28ന് ഉച്ചയ്ക്ക് 1.30ന് നടക്കും.
കോലറയാര്‍ വാട്ടര്‍ സ്‌റ്റേഡിയത്തിലാണ് കെ ടി കൃഷ്ണന്‍കുട്ടി മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി നടക്കുക. മന്ത്രി മാത്യു ടി തോമസ് ജലോല്‍സവം ഉദ്ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്ത ഫഌഗ് ഓഫ് ചെയ്യും. 40 വര്‍ഷം മുന്‍പ് കോലറയാറിന്റെ പ്രതാപകാലത്ത് വള്ളംകളി നടന്നിരുന്നു. പുഴ കൈയേറി വീതി കുറഞ്ഞതിനെ തുടര്‍ന്ന്് വള്ളംകളി മുടങ്ങി. ചുരുളന്‍വള്ളം, ഫൈബര്‍വെപ്പ് വള്ളം, ചുണ്ടന്‍വള്ളം, ചെറുവള്ളങ്ങള്‍ എന്നിവയുള്‍പ്പെട്ട അഞ്ച് വിഭാഗങ്ങളിലാണ് മല്‍സരം. വനിതകള്‍ക്കും മല്‍സരമുണ്ട്. നാല് ചുരുളന്‍വള്ളം, നാല് ഫൈബര്‍വെപ്പ് വള്ളം, രണ്ട് ചുണ്ടന്‍വള്ളം, 28 ചെറുവള്ളങ്ങള്‍ എന്നിവയാണ് മല്‍സരത്തിനുള്ളത്.
ഇലഞ്ഞിക്കല്‍ പള്ളിക്കടവ് മുതല്‍ ഡക്ക് ഫാം പാലം വരെയുള്ള 600 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലാണ് മല്‍സരം നടക്കുന്നത്. വള്ളംകളിയുടെ ഭാഗമായി ജലഘോഷയാത്ര, നാടന്‍കലാരൂപങ്ങള്‍, വള്ളപ്പാട്ട് എന്നിവയും നടക്കും. നിരണം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജലോല്‍സവ കമ്മിറ്റി ഓഫീസില്‍ നാളെ മുതല്‍ 20 വരെ വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടക്കും.
ജനകീയ കൂട്ടായ്മയില്‍ പമ്പാനദിയുടെ കൈവഴിയായ കോലറയാറിനെ വീണ്ടെടുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് കോടിയാണ് അനുവദിച്ചിരിക്കുന്നത്.
നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ പന്ത്രണ്ട് കിലോമീറ്റര്‍ ഒഴുകുന്ന കോലറയാറില്‍ പത്ത് കിലോമീറ്ററും ആദ്യഘട്ടത്തില്‍ വീണ്ടെടുത്തു. ആദ്യഘട്ടത്തില്‍ നദിയുടെ ആഴം രണ്ടടിയോളം കൂട്ടി. ഇനി മണ്ണ് എത്ര അളവില്‍ മാറ്റണമെന്നും എത്ര ആഴം കൂട്ടണമെന്നുമുള്ള വിദഗ്ധ പഠനത്തിനായി കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവര്‍ പഠനം പൂര്‍ത്തിയാക്കി അടുത്ത ആഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കും. രണ്ടാം ഘട്ടം അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും. പമ്പാനദിയില്‍ തുടങ്ങി പമ്പാ നദിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രത്യേകതയും കോലറയാറിനുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss