|    Nov 19 Mon, 2018 8:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രണയാനുരാഗങ്ങളെ ഗസലുകളാക്കിയ പാട്ടുകാരന്‍

Published : 2nd August 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഗസലില്‍ വിരിഞ്ഞ വസന്തത്തിന്റെ ഓര്‍മയാണ് മലയാളികള്‍ക്ക് ഉമ്പായി. പ്രണയാനുരാഗങ്ങള്‍ക്ക് ഗസലുകളെ ഇണങ്ങുന്ന ഇഴകളാക്കിയ സംഗീതസ്‌നേഹിയായിരുന്നു ഉമ്പായി എന്ന അബു ഇബ്രാഹീം. ഒരു വലിയ താരകമാണ് മലയാളിയുടെ ഗസല്‍മുറ്റത്ത് ഇന്നലെ അടര്‍ന്നുവീണത്.
ഉസ്താദ് മുജാവര്‍ അലി ഖാന്റെ കീഴില്‍ തബല പഠിച്ചുകൊണ്ടിരുന്ന ശിഷ്യനില്‍ നിന്ന് അപ്രതീക്ഷിതമായി കേട്ട സ്വരമാധുരിയാണ് ഉമ്പായി എന്ന ഗസല്‍ ചക്രവര്‍ത്തിയുടെ ഉദയത്തിനു പിന്നില്‍. ആ ഗുരു തന്നെ ഉമ്പായിയെ ഏഴു വര്‍ഷത്തോളം ഹിന്ദുസ്ഥാനി പഠിപ്പിച്ചു. ഉമ്പായി തബലിസ്റ്റായാണ് സംഗീതലോകത്തേക്ക് കടന്നുവന്നത്. കാല്‍മുട്ടില്‍ താളം പിടിച്ചാണ് തന്റെ തബലയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചതെന്ന് ഉമ്പായി തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകന്‍ മെഹ്ബൂബിനു വേണ്ടിയും ഉമ്പായി തബല വായിച്ചിട്ടുണ്ട്. വീണ്ടും പാടാം സഖീ,…ഒരിക്കല്‍ നീ പറഞ്ഞു, സുനയനേ സുമുഖീ…തുടങ്ങിയ ഗാനങ്ങള്‍ മലയാളി ഗസല്‍ ആസ്വാദകര്‍ക്ക് ഇത്രമേല്‍ പ്രിയങ്കരമായത് ഉമ്പായിയുടെ സ്വരമാധുരി കാരണമാണ്.
മാതാവാണ് ചെറുപ്പത്തില്‍ സ്‌നേഹത്തോടെ ഉമ്പായി എന്നു വിളിച്ചത്. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ജോണ്‍ എബ്രഹാം ആണ് മാതാവ് വിളിച്ച ഉമ്പായി എന്ന പേര് സംഗീതമേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. പില്‍ക്കാലത്ത് ജോണിന്റെ “അമ്മ അറിയാന്‍’’എന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ ഈ പേര് തെളിഞ്ഞുവന്നു.
ഈണവും സംവേദനവും വേര്‍തിരിക്കാനാവാത്ത രാവില്‍ പ്രണയിനികളുടെ നൊമ്പരഗീതികളില്‍ ആസ്വാദകര്‍ക്ക് ഓര്‍ക്കാന്‍ ഉമ്പായിയുടെ ഗസലുകള്‍ എന്നുമുണ്ടാവും. പുതിയ കാലത്തെപ്പോലെ കൃത്രിമ സാങ്കേതിക രീതികളില്‍ പാടി ജനങ്ങളെ വിഡ്ഢികളാക്കാനൊന്നും ഉമ്പായി മെനക്കെട്ടിരുന്നില്ല. ഒഎന്‍വി ഏറ്റവും ഇഷ്ടത്തോടെ എന്നും കേട്ടത് അദ്ദേഹത്തിന്റെ തന്നെ കവിതയായ പാടുക സൈഗാള്‍ പാടുക’എന്ന ഉമ്പായി ഗസലായിരുന്നു. മെഹ്ദി ഹസനും ഗുലാം അലിയും ജഗജിത് സിങുമെല്ലാം ഉമ്പായിയുടെ ഓര്‍മകളിലൂടെയാവും ഇനി നമ്മിലേക്ക് വിരുന്നുകാരനായി വരുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss