|    Jan 17 Tue, 2017 6:28 am
FLASH NEWS

പ്രചാരണത്തിന് ചൂടേറി; ദേശീയ നേതാക്കള്‍ എത്തുന്നു

Published : 5th May 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രചാരണം ഉച്ഛസ്ഥായില്‍. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ രണ്ടിടത്ത് ത്രികോണ മല്‍സരവും മറ്റു മൂന്ന് മണ്ഡലങ്ങളില്‍ നേരിട്ടുള്ള മല്‍സരവുമാണ് നടക്കുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന മല്‍സരമാണ് മഞ്ചേശ്വരത്തും ഉദുമയിലും. സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖ് രണ്ടാം അങ്കത്തിനിറങ്ങിയ മഞ്ചേശ്വരത്ത് ബിജെപി താമരവിരിയിക്കാന്‍ സര്‍വസന്നാഹവുമായി രംഗത്തുണ്ട്.
എല്‍ഡിഎഫിന് വേണ്ടി അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് ഇവിടെ മല്‍സരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ മൂന്നാംഘട്ട പര്യടനത്തിലാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുക്കാന്‍ പിടിക്കുന്നത് കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളാണ്. ബിജെപി രണ്ടാംസ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലത്തിലും ശക്തമായ മല്‍സരമാണ് നടക്കുന്നത്. സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് രണ്ടാം അങ്കത്തിനിറങ്ങിയ ഇവിടെ ബിജെപി രംഗത്തിറക്കിയിട്ടുള്ളത് 50 ഓളം ക്ഷേത്രങ്ങളുടെ തന്ത്രിയായ രവീശ തന്ത്രി കുണ്ടാറിനെയാണ്. എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യത്തിന് വേണ്ടി കൊല്ലം സ്വദേശി ഡോ. എ എ അമീനാണ് ഇവിടെ മല്‍സരിക്കുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് ഉദുമ. സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ കെ കുഞ്ഞിരാമനെ നേരിടുന്നത് കോണ്‍ഗ്രസിന്റെ കരുത്തനായ കെ സുധാകരനാണ്.
എസ്ഡിപിഐയിലെ മുഹമ്മദ് പാക്യാര, തൃണമൂല്‍ കോണ്‍ഗ്രസിലെ അബ്ബാസ് മുതലപ്പാറ, ബിജെപിയിലെ അഡ്വ. ശ്രീകാന്ത് തുടങ്ങിയവരും മല്‍സര രംഗത്തുണ്ട്. മണ്ഡലം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമാണ് ഇവിടെ പോരാട്ടം നടക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ഇദ്ദേഹത്തെ നേരിടുന്നത് ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ വനിതാ സ്ഥാനാര്‍ഥിയാണ്. കെപിസിസി നിര്‍വാഹക സമിതിയംഗം പി ഗംഗാധരന്‍നായരുടെ മകള്‍ ധന്യാസുരേഷാണ് ഇവിടെ സ്ഥാനാര്‍ഥി. ബിഡിജെഎസിന് വേണ്ടി എം പി രാഘവനും രംഗത്തുണ്ട്.
മറ്റൊരു ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാല്‍ എല്‍ഡിഎഫില്‍ മല്‍സരിക്കുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനാണ് യുഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത്. എസ്ഡിപിഐയിലെ എം വി ഷൗക്കത്തലിയും മല്‍സരിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി നാളെ മുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലെത്തുന്നുണ്ട്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നാളെ ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പ്രചാരണയോഗത്തിനെത്തും. എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തും. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 12ന് ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെ പി എ മജീദ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനകം ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും അടുത്തയാഴ്ച ജില്ലയില്‍ പര്യടനത്തിനെത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക