|    Jan 17 Tue, 2017 10:34 am
FLASH NEWS

പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി ; പ്രധാനമന്ത്രിയാവുന്നത് രണ്ടാംതവണ

Published : 4th August 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ (സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍) നേതാവ് പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയെ(61) തിരഞ്ഞെടുത്തു. നേപ്പാള്‍ പാര്‍ലമെന്റില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 210നെതിരേ 363 അംഗങ്ങള്‍ പ്രചണ്ഡയെ പിന്തുണച്ചതായി സ്പീക്കര്‍ ഒന്‍സാരി ഘര്‍തി അറിയിച്ചു. രണ്ടാംതവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്. 2008 ആഗസ്ത് 18നായിരുന്നു പ്രചണ്ഡ ആദ്യമായി നേപ്പാള്‍ പ്രധാനമന്ത്രിയായത്. 2009 മെയ് 25 വരെ തദ്സ്ഥാനത്ത് തുടര്‍ന്നു.
1990ല്‍ രാജ്യത്ത് ബഹുകക്ഷി ജനാധിപത്യം നിലവില്‍ വന്ന ശേഷമുള്ള 24ാമത്തേതും 2008ല്‍ ഹിന്ദു ഭരണം അവസാനിച്ച ശേഷമുള്ള എട്ടാമത്തേതുമായ മന്ത്രിസഭയാണ് പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നത്. പ്രചണ്ഡ മാത്രമായിരുന്നു പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയാണ് പ്രചണ്ഡയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. നേപ്പാളി കോണ്‍ഗ്രസ്സിന്റെയും കെ പി ശര്‍മ ഒലി സര്‍ക്കാരിനെതിരേ സമരം ചെയ്ത മധേസി വിഭാഗത്തിന്റെയും പിന്തുണ നേടിയ ശേഷമായിരുന്നു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. സിപിഎന്‍- മാവോയിസ്റ്റ് സെന്ററിന്റെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കെപി ശര്‍മ ഒലിയുടെ സിപിഎന്‍ യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്.
1954 ഡിസംബര്‍ 11ന് കസ്‌കി ജില്ലയില്‍ മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച പുഷ്പകമല്‍ ദഹാല്‍ എന്ന പ്രചണ്ഡ കൃഷിയിലും മൃഗപരിപാലനത്തിലും ബിരുദം നേടി. ആറുവര്‍ഷത്തോളം അധ്യാപകനായും തുടര്‍ന്ന് യുഎസ് എയിഡ് പ്രവര്‍ത്തകനായും ജോലി ചെയ്തു. യുഎസ് എയിഡിനുവേണ്ടി പ്രവര്‍ത്തിച്ച പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോടിലെ പിന്നാക്കാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചതിനെത്തുടര്‍ന്നാണ് പ്രചണ്ഡയുടെ രാഷ്ട്രീയപ്രവേശനം.
1972ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പുഷ്പലാല്‍ ഗ്രൂപ്പുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. തുടര്‍ന്ന് സിപിഎന്‍ (ഫോര്‍ത്ത് കണ്‍വെന്‍ഷന്‍), സിപിഎന്‍ (മസാല്‍), സിപിഎന്‍ (യൂനിറ്റിസെന്റര്‍) തുടങ്ങിയ ഗ്രൂപ്പുകളുടെ ഭാഗമായി. പിന്നീട് സിപിഎന്‍ (മാവോയിസ്റ്റ്) പാര്‍ട്ടിയിലെത്തി. 2001ല്‍ പാര്‍ട്ടി ചെയര്‍മാനായി. 1996ല്‍ പാര്‍ട്ടിയുടെ സായുധ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയത് പ്രചണ്ഡയായിരുന്നു. സായുധനീക്കത്തിന്റെ ഭാഗമായി നേപ്പാളില്‍ 10 വര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ 13,000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 25 വര്‍ഷക്കാലം ഒളിവിലായിരുന്ന പ്രചണ്ഡ 2006ലാണ് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക