|    Jan 22 Sun, 2017 7:50 pm
FLASH NEWS

പ്രഖ്യാപിച്ച പിജി കോഴ്‌സുകള്‍ തുടങ്ങാന്‍ നടപടിയില്ല; ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിച്ചു

Published : 19th August 2016 | Posted By: SMR

മാനന്തവാടി: ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മാനന്തവാടി ഗവ. കോളേജില്‍ ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍, പ്രഖ്യാപിക്കപ്പെട്ട പിജി കോഴ്‌സുകള്‍ തുടങ്ങാന്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായില്ല. കെട്ടിടങ്ങളും അധ്യാപകരും ഉണ്ടായിരിക്കെ സര്‍ക്കാരിന് യാതൊരു അധിക ബാധ്യതയുമില്ലാത്ത വിധം നിലവിലുള്ള ഡിഗ്രി കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നു നിരന്തരമായി ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. ബിഎസ്‌സി ഇലക്ട്രോണിക്‌സ്- 29, ബിഎ ഇംഗ്ലീഷ്- 30, ബിഎ ഇക്കണോമിക്‌സ്- 30, ബികോം- 50 എന്നിങ്ങനെ 139 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ഇതിലേക്ക് കഴിഞ്ഞ വര്‍ഷം 2,000ത്തോളം അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിന് അധികബാധ്യതയില്ലാത്ത വിധം കോളജ് ആവശ്യപ്പെട്ടതനുസരിച്ച് 29 സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്- 10, ഇംഗ്ലീഷ്- 10, ബികോം- 3, ഇലക്ട്‌ട്രോണിക്‌സ്- 6 എന്നിങ്ങനെയാണ് അധിക സീറ്റുകള്‍. ഇതിലേക്കുള്ള പ്രവേശനം നേരത്തെയുള്ള ഓണ്‍ലൈന്‍ അപേക്ഷപ്രകാരം യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ അലോട്ട്‌മെന്റ് ലിസ്റ്റില്‍ നിന്ന് ഇന്നും നാളെയുമായി നടക്കും.
എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുവദിക്കുകയും ഈ വര്‍ഷം തന്നെ തുടങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്ന പിജി കോഴ്‌സുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല.
രണ്ടു കോഴ്‌സുകളാണ് അനുവദിക്കപ്പെട്ടത്. എംഎ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, എംഎ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളാണ് കോളജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള വര്‍ക്ക്‌ലോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യൂനിവേഴ്‌സിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളിലെല്ലാം അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയില്‍ അനുവദിക്കപ്പെട്ട പിജിക്ക് സീറ്റ് പ്രതീക്ഷിച്ച് നിരവധി വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നുണ്ട്. 35 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടിയിലെ സര്‍ക്കാര്‍ കോളജിനോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയ്ക്കാണ് പിജി കോഴ്‌സുകള്‍ തുടങ്ങുന്നതോടെ നേരിയ പരിഹാരമാവുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക