|    Jan 17 Tue, 2017 8:10 am
FLASH NEWS

പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി; വിലങ്ങാട് ആദിവാസിസമൂഹം നരകയാതനയില്‍

Published : 9th July 2016 | Posted By: SMR

കെ എം സജേഷ്

നാദാപുരം: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, ചോര്‍ന്നൊലിക്കുന്ന വീടുകള്‍, കുടിവെള്ളത്തിനായി പുഴയെ ആശ്രയിക്കേണ്ട അവസ്ഥ, ജോലി ഇല്ലാത്തതിനാല്‍ പട്ടിണിയെ പ്രതിരോധിക്കാന്‍ മദ്യവില്‍പ്പന തൊഴിലാക്കിയവര്‍, കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും അടിമപ്പെട്ടവര്‍- കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനിയിലെ മുന്നൂറോളം വരുന്ന കുടുംബങ്ങളുടെ തീരാദുരിതത്തിന്റെ ചെറുചിത്രമാണിത്. സ്വന്തം വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പ് പാഴ്‌വാക്കായതോടെ പിറന്ന മണ്ണില്‍ നരകയാതന അനുഭവിക്കുകയാണ് വിലങ്ങാട് ആദിവാസി സമൂഹം.
2014 ഫെബ്രുവരി 14ന് അന്നത്തെ പട്ടികജാതി-വര്‍ഗ്ഗ ക്ഷേമകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയും, യുഡിഎഫ് നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആദിവാസി കോളനിയില്‍ എത്തുകയും എല്ലാവര്‍ക്കും വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ എന്നിവ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭരണം മാറിയിട്ടും മന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ല.
2002 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസി ഭവനപദ്ധതിപ്രകാരം വീടില്ലാത്തവര്‍ക്ക് വീട് വെയ്ക്കാന്‍ പെരുവണ്ണാമൂഴിയിലെ മുതുകാട് ചെങ്കുത്തായ മലമുകളിലെ വനത്തിനുള്ളില്‍ ഭൂമി നല്‍കിയിരുന്നു. ഈ മേഖലയില്‍ ഇരുമ്പ് അയിര് ഖനനത്തിനായി സ്വകാര്യ കമ്പനി വാങ്ങിക്കൂട്ടിയ മുതുകാട് എസ്റ്റേറ്റിനു സമീപത്തായിരുന്നു സ്ഥലം നല്‍കിയത്. കിലോമീറ്ററോളം ചെങ്കുത്തായ മലകയറിയാല്‍ മാത്രമേ സ്ഥലത്തെത്തിച്ചേരാന്‍ കഴിയൂവെന്നതിനാല്‍ പല കുടുംബങ്ങളും ഈ ഭൂമി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഭൂമി ഉപയോഗപ്രദമല്ലെങ്കില്‍ പുനപ്പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പും നല്‍കി. വിലങ്ങാട് നിന്ന് പന്നിയേരി വരെയുള്ള എട്ട് കിലോമീറ്റര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറോ ത്രിതല പഞ്ചായത്തുകളോ റോഡ് ടാര്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ല.
2004 ല്‍ പിഎംജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ ചിലവില്‍ വിലങ്ങാട് മുതല്‍ കൂത്താടി വരെ രണ്ടു കിലോമീറ്റര്‍ ടാര്‍ ചെയ്‌തെങ്കിലും പ്രവൃത്തിയിലെ അപാകതകള്‍ കാരണം മാസങ്ങള്‍ക്കുള്ളില്‍ റോഡ് പഴയപടിയായി. കൂത്താടി മുതല്‍ പന്നിയേരി വരെയുള്ള ആറ് കിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ കരാര്‍ എടുത്ത കമ്പനി പ്രവൃത്തി ഉപേക്ഷിച്ചു.
പിന്നീട് കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടില്‍ നിന്ന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ അനുവദിക്കുകയും റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കുകയും ചെയ്തു.
മാടാന്‍ഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍, മാടാഞ്ചേരി പറക്കാട് എന്നീ കോളനികളിലേക്ക് എത്താനുള്ള ഏക റോഡ് ഇതുമാത്രമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ജോലിക്ക് പോകുന്നവരും കുറ്റല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിയോട് വെല്‍ഫയര്‍ എല്‍പി സ്‌കൂളിലെ അധ്യാപകരും നാല്‍പ്പത് രൂപ ജീപ്പ് കൂലി നല്‍കിയാണ് വിലങ്ങാട് എത്തുന്നതും പോകുന്നതും. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കാനും രോഗികളെ ആശുപത്രികളിലെത്തിക്കാനും സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോത്രസാരഥി തുടക്കത്തില്‍ വന്‍വിജയമായിരുന്നെങ്കിലും പിന്നീട് ഫണ്ട് ലഭിക്കാതെ വന്നതോടെ പദ്ധതി ഏറ്റെടുത്ത് നടത്തിയിരുന്ന സ്വകാര്യ വാഹനഉടമകള്‍ പിന്‍വാങ്ങുകയായിരുന്നു. ഇതോടെ യുപി മുതല്‍ ഹൈസ്‌കൂള്‍ വരെ പഠി്ക്കുന്ന വിദ്യാര്‍ഥികള്‍ 15 കിലോമീറ്റര്‍ അകലെയുള്ള വെള്ളിയോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമയത്ത് എത്തണമെങ്കില്‍ രാവിലെ ആറിന് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്.
പണിയര്‍ സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന കെട്ടില്‍, അടുപ്പില്‍ കോളനികളുടെ അവസ്ഥ അതിദയനീയമാണ്. ഇവിടെ 55 കുടുംബങ്ങളിലായി 50 ഓളം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. വളയം ജനമൈത്രി പോലിസ് ഈ കോളനികളിലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ അമിതമദ്യപാനവും മറ്റും തടയാന്‍ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടിരുന്നു. ഈ കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി വിലങ്ങാട് കമ്പിളിപ്പാറയില്‍ റോഡ്‌സൗകര്യമോ കുടിവെള്ളമോ ലഭ്യമല്ലാത്ത ചെങ്കുത്തായ കുന്നിന്‍ മുകളില്‍ നാല്‌സെന്റ് സ്ഥലം വാങ്ങി ആറ് വീടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കി. എന്നാല്‍ സിമന്റ് കട്ട ഉപയോഗിച്ച് നിര്‍മിച്ച വീടിന് കക്കൂസോ വയറിങ്ങോ നടത്താതെ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. അടുപ്പില്‍ കോളനിയിലെ കുടുംബങ്ങള്‍ കഴിഞ്ഞ വേനലില്‍ കടുത്ത വരള്‍ച്ച ആരംഭിച്ചതോടെ കുടിവെള്ളത്തിനായി വിലങ്ങാട് പുഴയില്‍ കുഴുകുത്തി കിട്ടുന്ന മലിനജലമായിരുന്നു ഉപയോഗിച്ചത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് കെട്ടില്‍ കോളനിയില്‍ പൈപ്പ് വഴി വെള്ളമെത്തിയെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത മലിനമായ ടാങ്കില്‍ നിറച്ച വെള്ളമാണ് കുടിക്കാനായി നല്‍കിയത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഭരണതലങ്ങളിലും ഉദ്യോഗസ്ഥതലത്തിലും പെട്ടവര്‍ കവര്‍ന്നെടുക്കുകയാണ് പതിവ്. മുഖ്യധാരയില്‍നിന്നകന്ന് കഴിയുന്ന കാടിന്റെ മക്കളുടെ ഈ അവസ്ഥ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് അപമാനകരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക