|    May 24 Thu, 2018 12:02 pm

പ്രഖ്യാപനങ്ങള്‍ ജലരേഖയായി; നടപടികള്‍ കടലാസിലൊതുങ്ങി

Published : 8th November 2016 | Posted By: SMR

അജീഷ് വേലനിലം

മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയുടെ പുനരുദ്ധാരണത്തിനു വേണ്ടി പ്രഖ്യാപനങ്ങളുടെ പെരുമഴയാണുണ്ടായത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ മല്‍സരിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറി. സംസ്ഥാനത്ത് ആദ്യമായി ചിക്കുന്‍ഗുനിയയും തക്കാളിപ്പനിയും മുണ്ടക്കയത്ത് റിപോര്‍ട്ട് ചെയ്ത സമയം ചിക്കുന്‍ഗുനിയ ബാധിച്ച് ആയിരങ്ങളായിരുന്നു ഈ ആതുരാലയത്തെ ആശ്രയിച്ചിരുന്നത്. അതോടൊപ്പം തന്നെ നിരവധി വിഐപികളും ഇവിടെ സന്ദര്‍ശനത്തിനെത്തി. വി എസ് അച്യുതാനന്ദന്‍, മന്ത്രി ശ്രീമതി തുടങ്ങിയവരും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഉടന്‍ തന്നെ ആശുപത്രിയെ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കുമെന്ന പ്രഖ്യാപനം അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഈ പ്രഖ്യാപനം രേഖകളായി മാറിയിട്ടില്ല. തുടര്‍ന്ന് 2014ല്‍ പുതിയ കെട്ടിട ഉദ്ഘാടനത്തിന് വന്ന അന്നത്തെ ആരോഗ്യമന്ത്രി ശിവകുമാര്‍ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. തുടര്‍ന്ന് 2015 ലെ പൊതുബജറ്റിലും മുണ്ടക്കയം സര്‍ക്കാരാശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനം വന്നു. ആ പ്രഖ്യാപനവും ഫയലില്‍ ഉറങ്ങി. പിഎച്ച്‌സിയുടെ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് തുടര്‍ന്നും നിയമനങ്ങള്‍ നടന്നത്. മൂന്നു ഡോക്ടര്‍മാരുടെ പോസ്റ്റില്‍ ഒരു കാലത്തും സ്ഥിരമായി ഡോക്ടര്‍മാരുണ്ടായിട്ടില്ല. അഥവാ ഡോക്ടര്‍മാരെ നിയമിച്ചാല്‍ തന്നെ അവര്‍ വേഗത്തില്‍ തന്നെ അവധിയെടുക്കുകയോ സ്ഥലം മാറ്റം വാങ്ങി പോവുകയോ ചെയ്യുകയാണ് പതിവ്. ഇതിനെതിരേ ശക്തമായ ഇടപെടല്‍ നടത്താന്‍ മുണ്ടക്കയത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഭരണ നിര്‍വഹണ ചുമതലയുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനോ കഴിഞ്ഞിട്ടില്ല എന്നത് നഗ്നമായ സത്യമാണ്. സമീപപ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളായ കൂട്ടിക്കല്‍, എരുമേലി  പിഎച്ച്‌സികള്‍ കാലോചിതമായി വികസനം കൈവരിക്കുമ്പോളും മാറ്റമില്ലാതെ തുടരുന്നത് മുണ്ടക്കയം ആശുപത്രി മാത്രമാണ്. ഇനി പിഎച്ച്‌സി ഗ്രെയ്ഡില്‍ തന്നെ നില്‍ക്കുമ്പോഴും ജനപ്രതിനിധികള്‍ മനസ്സുവച്ചിരുന്നെങ്കില്‍ പ്രത്യേക പരിഗണനയില്‍പ്പെടുത്തി കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിക്കാന്‍ കഴിയുമായിരുന്നു. ചില ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഇടവേള കിട്ടാതെ ഒരു ഡോക്ടര്‍ തന്നെ മുന്നൂറിലധികം രോഗികളെ പരിശോധിച്ച സംഭവവും ഇവിടെ നടന്നിട്ടുണ്ട്. ആശുപത്രിക്ക് സ്വന്തമായുള്ള ഒരേക്കര്‍ 18 സെന്റ്  ഭൂമി സംരക്ഷിക്കുന്ന കാര്യത്തില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. കാലങ്ങളായി തുടരുന്ന ചില തല്‍പ്പര കക്ഷികളുടെ കടന്നുകയറ്റം ആശുപത്രിയുടെ ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ വാദം അരക്കിട്ടുറപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ വര്‍ഷം ആശുപത്രിയുമായി ബന്ധപ്പെട്ട് നടന്നത്.നാളെ: വിവാദമായ ചുറ്റുമതില്‍ നിര്‍മാണം മുഖം തിരിച്ച് സംരക്ഷകര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss