|    Mar 25 Sat, 2017 3:23 pm
FLASH NEWS

പ്രഖ്യാപനങ്ങള്‍ക്കു സ്വാഗതം; ഇനി…?

Published : 2nd July 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോവുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനം. അഴിമതിക്കെതിരേയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെന്നു മുന്നണി വിലയിരുത്തുന്നു. അതുകൊണ്ട് അഴിമതിക്കെതിരേ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. അഴിമതിഭരണം അഴിമതിരഹിത ഭരണമാക്കുമെന്ന നയമാണ് പുതിയ ഗവണ്‍മെന്റിന്റേത് എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
നയപ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അത് അതേ ഗൗരവത്തില്‍ കാണേണ്ടതും പരിശോധിക്കേണ്ടതുമുണ്ട്. അതിനു നമ്മുടെ മുമ്പില്‍ ഒരു മാതൃകയുണ്ട്. നമ്മുടെ പ്രധാനമന്ത്രി. അഴിമതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നത്. ഈയിടെ ഒരു അമേരിക്കന്‍ പത്രത്തോട് അദ്ദേഹം പ്രതികരിച്ചത് പക്ഷേ, ഇങ്ങനെയാണ്: ”തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ എന്തെല്ലാം പറയും. അതൊക്കെ കാര്യമാക്കാനുണ്ടോ.”
ആ പ്രതികരണം മാത്രമല്ല, വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമാകെ പിടിച്ചെടുത്ത് ഓരോ ഇന്ത്യന്‍ പൗരനും 15 ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ വാഗ്ദാനം. വിതരണത്തിന്റെ കാര്യമിരിക്കട്ടെ, രണ്ടുവര്‍ഷം ഭരണത്തിലിരുന്നിട്ടും വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് നാട്ടിലേക്കെത്തിക്കുന്നതു പോവട്ടെ, അതെവിടെ, ആരുടെയൊക്കെ നിക്ഷേപമായി കിടപ്പുണ്ടെന്നു കണ്ടെത്തി ജനങ്ങളെ അറിയിക്കാന്‍പോലും മോദി ഗവണ്‍മെന്റിനു കഴിഞ്ഞിട്ടില്ല.
വേണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനും അങ്ങനെ ഒഴികഴിവ് അധികാരത്തിലേറിയപ്പോള്‍ സ്വീകരിക്കാമായിരുന്നു. മറിച്ചാണ് അവര്‍ പ്രഖ്യാപിച്ചത്. അവരെ വിശ്വസിച്ച് വോട്ട് നല്‍കിയവര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ഥ്യമുണ്ടാവും. എന്നാല്‍, ഇവിടെ പൂര്‍ണവിരാമമിട്ട് ആശ്വസിക്കാനാവില്ല. കാരണം, നയപ്രഖ്യാപനമേ ആയുള്ളൂ. ഇത് പ്രയോഗത്തില്‍ വരുത്തുകയും ഫലസിദ്ധി അനുഭവപ്പെടുകയും വേണം. പ്രതീക്ഷയോടെ ആ സാധ്യതയിലേക്കു നോക്കുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാണ്.
അഴിമതി പ്രകൃതിയില്‍ വളരുന്ന വിഷച്ചെടിയല്ല. ഭരണനയവുമായും ഭരണനടപടിയുമായും ബന്ധപ്പെട്ട് ഉല്‍പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. അഴിമതിവിരുദ്ധ-ജനപക്ഷനയം നടപ്പാക്കുന്നതില്‍ അധികാരപ്രക്രിയയില്‍നിന്ന് ജനവിരുദ്ധമായും സമാന്തരമായും വളരുന്നത്. ജനാധിപത്യത്തെ വിഴുങ്ങുന്നത്. പണ്ട് സാമൂതിരി രാജാവിനെ കണ്ട് ഒരു തൊഴില്‍രഹിതന്‍ അപേക്ഷ സമര്‍പ്പിച്ച കഥയുണ്ട്. തിരയെണ്ണാനുള്ള ജോലിയാണ് അയാള്‍ രാജാവിനോടു തേടിയത്. കോഴിക്കോട് കടപ്പുറത്ത് അയാള്‍ ജോലിയാരംഭിച്ചു. എണ്ണം ശരിയായെടുക്കുന്നതിന് വഞ്ചികളും പത്തേമാരികളും കപ്പലുകളുമടക്കം തിരമുറിച്ച് തടസ്സം സൃഷ്ടിക്കുന്നുവെന്ന് അയാള്‍ പരാതിപ്പെട്ടു. തിരകള്‍ മുറിക്കാതെ പോവാനാവാത്തതുകൊണ്ട് തിരയെണ്ണുന്നവന് കിമ്പളം കൊടുക്കാന്‍ കടല്‍യാത്രികരെല്ലാം നിര്‍ബന്ധിതരായി.
അതുതന്നെയാണല്ലോ യുഡിഎഫ് ഗവണ്‍മെന്റ് മദ്യനയം നടപ്പാക്കിയപ്പോള്‍ സംഭവിച്ചത്. സോളാര്‍ പദ്ധതിയും പരിസ്ഥിതി സൗഹൃദമായ ഏറ്റവും വിലകുറഞ്ഞ ഊര്‍ജനയവുമായി ബന്ധപ്പെട്ടതായിരുന്നു. അതില്‍ നിന്നാണ് എംഎല്‍എമാര്‍, മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങി സര്‍ക്കാരും ഭരണവുമായി ബന്ധപ്പെട്ട എല്ലാ ജാക്കിജോക്കികളുടെയും മുമ്പിലും അഴിമതിയുടെ അവതാരങ്ങളായി രംഭ-തിലോത്തമമാര്‍ അഴിഞ്ഞാടിയത്. ഇപ്പോള്‍ മദ്യനയം തിരുത്തുമെന്ന് പുതിയ ഗവണ്‍മെന്റ് പ്രഖ്യാപിക്കുമ്പോഴും നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഫയലില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ അഴിമതി മറ്റൊരു വിധത്തില്‍ പിറന്നുവീഴില്ലെന്നു പറയാനാവില്ല.
ആഗോളവല്‍ക്കരണത്തിന് ബദല്‍ നയമുണ്ടാക്കുമെന്നു പറയുമ്പോള്‍ നിയമസഭാ സാമാജികര്‍ക്കും അവര്‍ക്ക് രാഷ്ട്രീയവും ആശയവും നയവ്യക്തതയും നല്‍കുന്ന പാര്‍ട്ടിനേതാക്കള്‍ക്കും നയവ്യക്തതയുണ്ടാവണം. എന്താണ് ആഗോളവല്‍ക്കരണനയം? ചരക്ക് ഗതാഗത നികുതിനയം സംബന്ധിച്ച ബില്ല് കേരളത്തിന് പാല്‍പ്പായസമാണെന്നു ധനമന്ത്രി ടി എം തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഈയിടെ പറയുകയുണ്ടായി. ഇവരാണ് ഇവിടെ ആഗോളവല്‍ക്കരണ നയത്തിന് ബദല്‍നയം കുറിക്കാന്‍ നേതൃത്വം നല്‍കുമെന്നു പറയുന്നത്. ആഗോളവല്‍ക്കരണവുമായി ബന്ധപ്പെട്ട വികസന നയങ്ങളും സാമ്പത്തിക നയങ്ങളും ഓരോ രാജ്യത്തും നടപ്പാക്കുമ്പോള്‍ ഉയരുന്ന സംഘര്‍ഷങ്ങളുണ്ട്. വെനിസ്വേല തൊട്ട് വിവിധ ലാറ്റിനമേരിക്കന്‍ നാടുകളിലെ പരീക്ഷണങ്ങള്‍, ഗ്രീസിലെ സംഭവവികാസങ്ങള്‍, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വേറിട്ടു പുറത്തുപോവുന്നതടക്കമുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍. ഇവിടെ നമ്മുടെ നാട്ടില്‍ തന്നെ അമേരിക്കന്‍ വിശ്വസ്ത സൈനിക-സാമ്പത്തിക സഖ്യശക്തിയാവാനുള്ള ത്വരിത നടപടികളുടെ പ്രത്യാഘാതങ്ങള്‍ വരാന്‍പോവുന്നു. പ്രതിരോധമേഖലയടക്കം 100 ശതമാനം വിദേശമൂലധനം, ഇതിന്റെ ഭാഗമായുള്ള ആയുധനിര്‍മാണവും ആഗോള വില്‍പനയും മറ്റും മറ്റും.
ഇവയുടെയെല്ലാം അനുഭവപാഠങ്ങളുമായി ചേര്‍ത്തുള്ള ബദല്‍ പരിപ്രേക്ഷ്യത്തില്‍നിന്നാണ് കേരള ബദല്‍ മാതൃകയുടെ ആശയ-രാഷ്ട്രീയ-സാമ്പത്തിക അടിത്തറ രൂപപ്പെടുത്തേണ്ടത്. ജൈവപച്ചക്കറി കൃഷിയും മാലിന്യനിര്‍മാര്‍ജനവുമൊക്കെ നല്ല പരിപാടികളാണ്. അതുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പും പോരാട്ടവും സാധ്യമാവില്ല. അവ ബദല്‍ നയങ്ങളുമാവില്ല.
ഇപ്പോള്‍ ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കുന്ന സാമാജികരും മന്ത്രിമാരും ബ്യൂറോക്രസിയും പോലിസും അനുഭാവമുള്ള ജനങ്ങള്‍പോലും പൂര്‍ണമായി അഴിമതിരഹിതരോ സംശുദ്ധരോ ആണെന്നു പറയാനാവില്ല. കാര്യം സാധിച്ചെടുക്കേണ്ടവര്‍ ജനവിധിക്കൊപ്പം അധികാരത്തിന്റെ പക്ഷത്തേക്കു മറിയുന്നവരാണ്. അധികാരത്തെ സ്വയം വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരുമുണ്ട്. അഴിമതിവിരുദ്ധ നടപടികളും വികസനപദ്ധതികളും പരിപാടികളും ജനങ്ങള്‍ക്കും നാടിനും ലഭ്യമാവേണ്ടതാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയ ഒരവസ്ഥ ഈ ഗവണ്‍മെന്റ് നേരിടുന്നുണ്ട്. മുന്‍ ഗവണ്‍മെന്റ് തകര്‍ത്തതെല്ലാം ശരിപ്പെടുത്തുക എന്നുള്ള ജോലിയാണ് പുതിയ ഗവണ്‍മെന്റിനു ചെയ്യാനുള്ളത് എന്ന്. അതിനുതന്നെ അഞ്ചുവര്‍ഷം വേണ്ടിവരും. ഭരണസംവിധാനമാകെ ആ അവസ്ഥയിലാക്കിയാണ് അവര്‍ ഇറങ്ങിപ്പോയിട്ടുള്ളത്.
അതിനിടയ്ക്കാണ് വ്യത്യസ്തമായ ബദല്‍നയങ്ങള്‍ നടപ്പില്‍വരുത്തുന്ന ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്. അതു ചെയ്യുമെന്ന പ്രഖ്യാപനത്തിന് പൂച്ചെണ്ടുകള്‍. പക്ഷേ, പ്രവൃത്തിയില്‍ അതിനു കഴിയണമെങ്കില്‍ ഗവണ്‍മെന്റ് ജനങ്ങളുടെയാകെ ഗവണ്‍മെന്റാണെന്ന വിശ്വാസവും ബോധ്യവും അതിവേഗം സൃഷ്ടിക്കാന്‍ സാധിക്കണം. ഏതെങ്കിലുമൊരു പാര്‍ട്ടിയോ അതിന്റെ നേതാവോ അല്ല കേരളം ഭരിക്കുന്നതെന്ന ബോധ്യവും.
കടല്‍വെള്ളത്തിലെ ഉപ്പറിയാന്‍ കൈവെള്ളയില്‍ ഏതാനും തുള്ളിയെടുത്തു രുചിച്ചാല്‍ മതി. തലശ്ശേരിയില്‍ ഒരു പിഞ്ചുകുഞ്ഞുമായി രണ്ടു ദലിത് സ്ത്രീകള്‍ ജയിലില്‍ പോവേണ്ടിവന്ന സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെ: ”കുട്ടിയെ ആരും ജയിലിലയച്ചിട്ടില്ല. അമ്മ കൊണ്ടുപോയതാണ്. ആദിവാസി കുട്ടികള്‍ ഇതിനു മുമ്പും ജയിലില്‍ പോയിട്ടുണ്ട്.” ആഗോളവല്‍ക്കരണത്തിനെതിരേ ബദല്‍നയം രൂപീകരിക്കുന്നവര്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ തല്‍ക്കാലം ഇത്രമാത്രം പറഞ്ഞുനിര്‍ത്തുന്നതല്ലേ ഔചിത്യം.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക