|    Apr 24 Mon, 2017 5:07 am
FLASH NEWS

പ്രഖ്യാപനം ഇന്ന്; സംസ്ഥാനം ഒഡിഎഫ് സമ്പൂര്‍ണതയിലേക്ക്

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: കേരളപ്പിറവിദിനമായ ഇന്ന് കേരളത്തെ വെളിയിട വിസര്‍ജന വിമുക്ത (ഒഡിഎഫ്) സംസ്ഥാനമായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയിലെ ജനസാന്ദ്രതയേറിയ ആദ്യത്തെ ഒഡിഎഫ് സംസ്ഥാനം എന്ന പദവി കേരളത്തിന് സ്വന്തമാവും. വൈകീട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ഗ്രാമവികസന-കുടിവെള്ള-ശുചിത്വ മന്ത്രി നരേന്ദ്രസിങ് തോമറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഡിഎഫ് പ്രഖ്യാപനം നിര്‍വഹിക്കും.
ശുചിത്വമുറപ്പിക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി സമയബന്ധിതമായി മൂന്നുമാസംകൊണ്ടാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. 941 ഗ്രാമപ്പഞ്ചായത്തുകളിലായി 1,74,720 ശുചിമുറികളാണ് ജനകീയ പങ്കാളിത്തത്തോടുകൂടി പൂര്‍ത്തീകരിച്ചത്. ഒന്നേമുക്കാല്‍ലക്ഷം കുടുംബങ്ങളിലെ ഏകദേശം എട്ടു ലക്ഷത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ വിഹിതമായി 12,000 രൂപയും ഗ്രാമപ്പഞ്ചായത്ത് വിഹിതമായി 3,400 രൂപയുമാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്. ഇതിനു പുറമേ മലയോര, തീരദേശ-വെള്ളക്കെട്ട് മേഖലകളിലെ ഓരോ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ അധിക ധനസഹായമായി 10,000 രൂപ മുതല്‍ 60,000 രൂപ വരെ നല്‍കി. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു തടസ്സമായി നിന്നിരുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് തല്‍ക്കാലത്തേക്ക് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 98 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ 73 ഗ്രാമപ്പഞ്ചായത്തുകളിലായി 14,211 ശുചിമുറികള്‍, കൊല്ലം ജില്ലയില്‍ 68 ഗ്രാമപ്പഞ്ചായത്തുകളിലായി 12,777, പത്തനംതിട്ട ജില്ലയില്‍ 53 ഗ്രാമപ്പഞ്ചായത്തുകളിലായി 10,182, ആലപ്പുഴ ജില്ലയില്‍ 72 ഗ്രാമപ്പഞ്ചായത്തുകളിലായി 14,985, കോട്ടയം ജില്ലയില്‍ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 9,141, ഇടുക്കി ജില്ലയില്‍ 52 ഗ്രാമപ്പഞ്ചായത്തുകളിലായി 21,081, എറണാകുളം ജില്ലയില്‍ 82 ഗ്രാമപ്പഞ്ചായത്തുകളിലായി 7,808, തൃശൂര്‍ ജില്ലയില്‍ 86 ഗ്രാമപ്പഞ്ചായത്തുകളിലായി 3,002, പാലക്കാട് ജില്ലയില്‍ 88 ഗ്രാമപ്പഞ്ചായത്തുകളിലായി 23,075, വയനാട് ജില്ലയില്‍ 23 ഗ്രാമപ്പഞ്ചായത്തുകളിലായി 13,777, കോഴിക്കോട് ജില്ലയില്‍ 70 ഗ്രാമപ്പഞ്ചായത്തുകളിലായി 12,799, മലപ്പുറം ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളിലായി 12,011, കണ്ണൂര്‍ ജില്ലയില്‍ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 7,182, കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപ്പഞ്ചായത്തുകളിലായി 12,689 ശുചിമുറികള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day