|    Mar 22 Thu, 2018 9:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

”പ്രകോപനം സൃഷ്ടിച്ച് വിഎച്ച്പി ലഘുലേഖ”

Published : 30th November 2016 | Posted By: SMR

slug-navas-aliതേജസ് അധികൃതരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി പരസ്യ നിരോധനത്തിന്റെ കാരണം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിക്കുകയുണ്ടായി.   2010 ഒക്ടോബര്‍ 29ന് പിആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ പി കെ ലാല്‍ തേജസില്‍ വന്ന ‘പ്രകോപനപരമായ’ ചില വാര്‍ത്തകളുടെ പകര്‍പ്പ് എഡിറ്റര്‍ക്ക് അയച്ചു. ആ പകര്‍പ്പുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും തേജസില്‍ വന്ന വാര്‍ത്തകള്‍ ആരെയാണ് പ്രകോപിപ്പിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. 2009 നവംബര്‍ ഒന്നിന് തേജസ് പ്രസിദ്ധീകരിച്ച ‘പ്രകോപനം സൃഷ്ടിച്ച് വിഎച്ച്പി ലഘുലേഖ’ എന്ന വാര്‍ത്തയാണ് ദേശവിരുദ്ധമായി പിആര്‍ഡി അധികൃതര്‍ കാണിച്ചത്. ലൗ ജിഹാദ് എന്ന കള്ളക്കഥയുടെ പേരില്‍ വിഎച്ച്പി വര്‍ഗീയവിഷം വമിപ്പിക്കുന്ന ഒരുലക്ഷം ലഘുലേഖ, അതും പേരുവയ്ക്കാതെ അടിച്ചു വിതരണം ചെയ്യുന്നുണ്ടെന്നും പോലിസ് നടപടിയെടുക്കുന്നില്ലെന്നും കാണിച്ചുള്ള ആ വാര്‍ത്തയാണ് വര്‍ഗീയത വളര്‍ത്തുന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി കാണിച്ചത്. ഇല്ലാക്കഥകളുടെ പേരില്‍ ഒരു സമുദായത്തിനെതിരേ വര്‍ഗീയ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ആ വാര്‍ത്ത വര്‍ഗീയത വളര്‍ത്തുന്നതാണെന്നു പറയാന്‍ പുരോഗമനം കൊടികയറിയ സംസ്ഥാനത്തെ പിആര്‍ഡി വകുപ്പിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ലൗ ജിഹാദിനെതിരേ കെഎംവൈഎഫ് കാംപയിന്‍ സംഘടിപ്പിക്കും, പാക് അണ്വായുധം സുരക്ഷിതമല്ലെന്ന യുഎസ് റിപോര്‍ട്ട് പാകിസ്താന്‍ നിഷേധിച്ചു എന്നീ വാര്‍ത്തകളും തേജസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കേരള ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അവ ദേശവിരുദ്ധവും വര്‍ഗീയത ഇളക്കിവിടുന്നതുമായി മാറി. രാജ്യത്തെ പ്രമുഖ ഗാന്ധിയനും ഛത്തീസ്ഗഡിലെ സാമൂഹികപ്രവര്‍ത്തകനുമായ ഹിമാന്‍ശു കുമാര്‍ ഛത്തീസ്ഗഡില്‍ ആദിവാസികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ സംബന്ധിച്ചു നടത്തിയ പ്രസംഗം തേജസ് റിപോര്‍ട്ട് ചെയ്തപ്പോള്‍ അതും രാജ്യവിരുദ്ധ വാര്‍ത്തകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. വന്ദേമാതരം ആലപിക്കുന്നത് ഇസ്‌ലാമികവിരുദ്ധമാണെന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിലപാട് രാജ്യത്തെ ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വന്നതാണ്. മറ്റു മലയാള പത്രങ്ങളോടൊപ്പം തേജസിലും ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. പക്ഷേ, തേജസില്‍ ഈ വാര്‍ത്ത വന്നപ്പോള്‍ സര്‍ക്കാര്‍ വകുപ്പിന് അതില്‍ വര്‍ഗീയവികാരം പ്രസരിപ്പിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചു. അതേസമയം, സദൃശമായ പല വാര്‍ത്തകളും മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഉദാഹരണമായി, ‘കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നില്ല’ എന്ന തലക്കെട്ടില്‍ 2010 ഒക്ടോബര്‍ 25ന് മാതൃഭൂമി പത്രം പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. ‘അധിനിവേശം ചോരയില്‍ കുതിര്‍ന്നു, ഇറാഖില്‍ കൊന്നത് 66,000 പൗരന്‍മാരെ’ എന്ന തലക്കെട്ടില്‍ അമേരിക്കയുടെ ക്രൂരത സംബന്ധിച്ച വാര്‍ത്തയും അതേ പത്രം നല്‍കുകയുണ്ടായി. ഇതിലൊന്നും ദേശവിരുദ്ധതയോ അമേരിക്കയോടുള്ള എതിര്‍പ്പോ അധികൃതര്‍ കണ്ടിരുന്നില്ല.
രാജ്യത്തെ ഇംഗ്ലീഷ് പത്രങ്ങള്‍ ഇന്ത്യയുടെ വിദേശനയത്തെ അപഗ്രഥിച്ചും വിമര്‍ശിച്ചും ലേഖനങ്ങളെഴുതാറുണ്ട്. ഇതിനായി പ്രത്യേക ലേഖകര്‍ വരെ ഉണ്ട്. ഇന്ത്യ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നതിനെ വിമര്‍ശിച്ച് പ്രമുഖ ദേശീയ പത്രങ്ങളില്‍ പലപ്രാവശ്യം വാര്‍ത്തകള്‍ വന്നതാണ്. അത്തരം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം വിലക്കാറില്ല. ഇപ്രാവശ്യം പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ കോടികളാണ് ഒന്നാംപേജില്‍ കളര്‍ പരസ്യം കൊടുക്കാന്‍ ചെലവഴിച്ചത്. 2010ല്‍ ആദ്യമായി തേജസിന് പരസ്യം നിഷേധിക്കുമ്പോള്‍ പത്രം പ്രസിദ്ധീകരണം തുടങ്ങി നാലുവര്‍ഷം പിന്നിട്ടിരുന്നു. ഇത്രയും ദിവസത്തെ പത്രങ്ങളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കി കണ്ടെത്തിയ ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ വാര്‍ത്തകളാണ് നേരത്തേ പരാമര്‍ശിച്ചവയെല്ലാം. അത്തരം തമാശയുളവാക്കുന്ന തെളിവുകള്‍ വേറെയുമുണ്ട്.
സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റു പത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തേജസില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ വന്നതിന്റെ ഒരു തെളിവും ഇതുവരെ കാണിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോ കേരളത്തിലെ പിആര്‍ഡി വകുപ്പിനോ സാധിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് തേജസിലെ വാര്‍ത്തകളില്‍ മാത്രമായി ദേശവിരുദ്ധത കാണുന്നത്? എന്തുകൊണ്ടാണ് തേജസിനു മാത്രമായി പരസ്യം നിഷേധിക്കുന്നത്? ഇതിനുള്ള മറുപടി കേന്ദ്ര ആഭ്യന്തര വകുപ്പ് കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലുണ്ട്. ഫെഡറലിസം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത രാജ്യമാണ് ഇന്ത്യ. പോലിസ് വകുപ്പ് സംസ്ഥാനത്തിന്റെ അധികാരത്തിനു കീഴിലാണ്. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പില്‍ നിന്ന് ഉദ്ഭവിച്ച ഒരു ഫയലിലെ നടപടിക്രമത്തിന്റെ ഭാഗമായാണ് തേജസ് ദിനപത്രത്തിന് പരസ്യം നിഷേധിച്ചത് എന്ന് പിആര്‍ഡി അറിയിച്ച കാര്യം നേരത്തേ പരാമര്‍ശിച്ചിരുന്നു. അത്ര സ്‌ഫോടനാത്മകമാണോ ആ കത്ത്.

 (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss