|    Oct 20 Sat, 2018 7:33 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രകൃതി കലിതുള്ളുമ്പോള്‍

Published : 18th August 2018 | Posted By: kasim kzm

സി കെ എം നബീല്‍

ഭൂമിയെ കൈകാര്യം ചെയ്യുക എന്നു പറഞ്ഞാല്‍ വെള്ളം കൈകാര്യം ചെയ്യുക എന്നാണര്‍ഥം. വെള്ളം കൈകാര്യം ചെയ്യുക എന്നതുകൊണ്ട് ജീവന്‍ സംരക്ഷിക്കുക എന്നുമാണര്‍ഥം. ഈ പറഞ്ഞതിനെ വളരെ അടുത്ത ഇടവേളകളിലെ രണ്ടു സമയത്തെയും സന്ദര്‍ഭത്തെയും മുന്‍നിര്‍ത്തി കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കിത്തരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതില്‍ രണ്ടാമത്തേത് ഈ ഉരുള്‍പൊട്ടല്‍/വെള്ളപ്പൊക്ക ദുരന്തമാണ്. ആദ്യത്തേത് കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായും ഒപ്പം 9 ജില്ലകളെ അതീവ വരള്‍ച്ച ബാധിത ജില്ലകളായും പ്രഖ്യാപിച്ച സന്ദര്‍ഭമാണ്. രണ്ടിടത്തും വെള്ളമാണ് ‘വില്ലന്‍.’
ആകെ ഞരമ്പുകളാണ് എന്നതാണു കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത. വെള്ളമൊഴുകുന്ന ഭൂഗര്‍ഭ/ഭൂപ്രതല നീര്‍ച്ചാലുകളെയാണ് ഭൂപ്രകൃതിയുടെ ഞരമ്പുകള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇടമുറിയാതെ ജനവാസമേഖലകള്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ലഭ്യതയാണ്. കേരളത്തിന്റെ സവിശേഷമായ ഹൈഡ്രോളജിക്കല്‍ സിസ്റ്റം (ജലവിതരണ സംവിധാനം) ആണിത് സാധ്യമാക്കുന്നത്. മഴ പെയ്യുന്നതും മഴവെള്ളം ഭൂഗര്‍ഭജലമായി സംഭരിക്കപ്പെടുന്നതും ഒഴുകിപ്പരന്ന് വിതരണം ചെയ്യപ്പെടുന്നതും പിന്നെയും നീരാവിയായി കാര്‍മേഘം ഉണ്ടാകുന്നതുമൊക്കെ ചേര്‍ന്ന ചാക്രികപ്രക്രിയയെയാണ് ഹൈഡ്രോളജിക്കല്‍ സിസ്റ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ജലവിതരണത്തിന്റെ സിംഹഭാഗവും പൂര്‍ത്തീകരിക്കപ്പെടുന്നത് ജലവിതരണ പാതകളിലൂടെയാണ്. നദികളായും പുഴകളായും പ്രാദേശിക നീരൊഴുക്കുകളായുമൊക്കെ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച ജലവിതരണ സംവിധാനത്തിനും പ്രകൃതിയിലെ ജലവിതരണ പാതകള്‍ക്കും സംഭവിക്കുന്ന തടയാന്‍ കഴിയാത്ത മാറ്റങ്ങളാണ് മുകളില്‍ പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളുടെയും കാരണം. ഭൂമിയുടെ ഉപയോഗത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ചാണ് വെള്ളം കിട്ടാത്തതിന്റെയും വെള്ളംകൊണ്ട് പൊറുതിമുട്ടുന്നതിന്റെയും വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നത്.
ഇനി രണ്ടാമത്തെ സന്ദര്‍ഭമെടുക്കാം. ചരിത്രരേഖകളിലും ക്രി.മു മൂന്നാം നൂറ്റാണ്ട് മുതല്‍ ക്രി.ശേ നാലാം നൂറ്റാണ്ട് വരെയുള്ള സംഘം സാഹിത്യങ്ങളിലും ക്രി.ശേ ഒമ്പതാം നൂറ്റാണ്ട് മുതല്‍ കേരളത്തിലേക്ക് യാത്രചെയ്ത് എത്തിയിരുന്ന അറബികളുടെ യാത്രാവിവരണങ്ങളിലും ഉരുള്‍പൊട്ടല്‍ എന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാന്‍ കഴിയില്ല. ഇബ്‌നു ബതൂത്തയുടെ യാത്രാവിവരണങ്ങളില്‍ കടല്‍ക്ഷോഭങ്ങളെയും പുഴകള്‍ നിറഞ്ഞൊഴുകുന്ന വെള്ളപ്പൊക്കങ്ങളെയും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റി വിവരിക്കുമ്പോഴും ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയില്ല. ആദ്യകാലത്ത് കേരളത്തില്‍ വന്നുചേര്‍ന്ന പോര്‍ച്ചുഗീസുകാര്‍, ഡച്ച് പണ്ഡിതന്മാര്‍ തുടങ്ങിയവരുടെ വിവരണങ്ങളിലും ഉരുള്‍പൊട്ടല്‍ എന്ന പ്രകൃതി പ്രതിഭാസത്തിന്റെ സൂചനകളില്ല. എന്നാല്‍, 18ാം നൂറ്റാണ്ടില്‍ ആരംഭിച്ച കൊളോണിയല്‍ കാലഘട്ടത്തോടെ ഭൂപ്രകൃതിക്കു മേല്‍ സംഭവിച്ചുതുടങ്ങിയ കടന്നുകയറ്റങ്ങള്‍ സജീവമായതോടെയാണ് ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
കേരളത്തിന്റെ ഭൂഉപയോഗരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയതും ഈ കാലഘട്ടത്തിലായിരുന്നു. കടുത്ത വനനശീകരണവും നാണ്യവിളകളുടെ കടന്നുകയറ്റവും കുടിയേറ്റങ്ങളും ചേര്‍ന്നായിരുന്നു ഇത്. വനമേഖലകള്‍ കൂട്ടമായി വെട്ടിമാറ്റി പ്ലാന്റേഷനുകളും നാണ്യവിളത്തോട്ടങ്ങളും ഉയര്‍ന്നുവന്നതോടെ ഉയര്‍ന്ന മേഖലകളില്‍നിന്നുള്ള ശക്തമായ മണ്ണൊലിപ്പും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കേരളത്തിലുണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളെല്ലാം ഭൂഉപയോഗത്തില്‍ വന്നിട്ടുള്ള സാരമായ മാറ്റങ്ങളാണ് ഉരുള്‍പൊട്ടല്‍ ആഘാതങ്ങളുടെ അടിസ്ഥാന കാരണമെന്ന് ഊന്നിപ്പറയുന്നത് കാണാം. ഓരോ വര്‍ഷവും കൂടുതല്‍ ദുരന്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും നമ്മുടെ നാശനഷ്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുകയാണ്.
കേരളത്തിലെ ഭൂപ്രകൃതിക്കകത്ത് വിവിധ ഘട്ടങ്ങളിലുണ്ടായ മനുഷ്യപ്പെരുപ്പത്തിന്റെ ഒരു കണക്കുണ്ട്; മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ക്രയവിക്രയ പെരുപ്പത്തിന്റെ കണക്ക്. കഴിഞ്ഞ 80 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ തീരദേശത്തും സമതലങ്ങളിലും 306 ശതമാനമാണ് വര്‍ധന. അതേസമയം, മലനാടുകളിലും മലകളുടെ താഴ്‌വാരങ്ങളിലും കൂടി 1,342 ശതമാനമാണ് വര്‍ധന. ജനനനിരക്കിനെ അടിസ്ഥാനപ്പെടുത്തിയ കണക്കല്ല ഇത്. മറിച്ച്, ഭൂവിടങ്ങളില്‍ ഉണ്ടായ മനുഷ്യ ഇടപാടുകളുടെയും ക്രയവിക്രയങ്ങളുടെയും വ്യാപനത്തിന്റെ കണക്കാണ്. കുടിയേറ്റം ഒരു പ്രധാന കാരണമായി പറയുന്നുണ്ടെങ്കിലും അതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇടപാടുകളുടെ ഈ വ്യാപനം. ജനസംഖ്യാവര്‍ധനയെ തുടര്‍ന്ന് ഭൂമിയുടെ ആവശ്യം കൂടിയത് മാത്രമല്ല ഇവിടെ സംഭവിച്ചിട്ടുള്ളത്. അതിഭീകരമായ പ്രകൃതിവിഭവ കൊള്ളയും കൈയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും ഖനനങ്ങളും ഒരു നിയന്ത്രണവുമില്ലാത്ത ടൂറിസവും വര്‍ഷങ്ങളായി ഭൂമിയില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ചൂഷണത്തിന്റെ തിരിച്ചടിയാണ്; അഥവാ, പ്രകൃതിയോടുള്ള നമ്മുടെ ഇടപെടലിന്റെ ഉപോല്‍പന്നങ്ങളാണ് ഈ ഉരുള്‍പൊട്ടലുകള്‍. കൊളോണിയല്‍ കാലഘട്ടത്തിനുശേഷം ഇത്രനാള്‍ കഴിഞ്ഞിട്ടും ഓരോ തവണയും കൂടുതല്‍ വീര്യത്തോടെ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കൊളോണിയലിസത്തിന്റെ തദ്ദേശീയമായ ഒരു ചട്ടക്കൂടിലാണ് നമ്മളിതുവരെ ഭൂമിയെയും പ്രകൃതിവിഭവങ്ങളെയും കൈകാര്യം ചെയ്തിരുന്നതെന്ന് പറയേണ്ടി വരും.
അനിയന്ത്രിതമായ ഖനനങ്ങള്‍, ജലാശയങ്ങളുടെയും കോള്‍നിലങ്ങളുടെയും നികത്തല്‍, അറ്റമില്ലാത്ത നിര്‍മാണ പദ്ധതികള്‍ തുടങ്ങിയവ ഭൂഉപയോഗത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഖനനങ്ങളുടെ കാര്യമെടുക്കാം. കേരളത്തില്‍ എത്രയിടങ്ങളില്‍ ഖനനം നടക്കുന്നുണ്ടെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒമ്പത് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി കിട്ടിയാല്‍ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ‘വ്യവസായത്തെ’പ്പറ്റിയാണ് സര്‍ക്കാരിന്റെ ഈ നിലപാട്. എന്നാല്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. സജീവും ഡോ. അലക്‌സും ചേര്‍ന്നു നടത്തിയ പഠനം ഈ കണക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. കേരളത്തില്‍ ആകെ 5,924 പാറമടകളുണ്ടെന്നും ഇത് ആകെ ഭൂവിസ്തൃതിയുടെ 7,157 ഹെക്റ്റര്‍ വരുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഖനനങ്ങള്‍ നടക്കുന്നത് പരിസ്ഥിതിലോല പ്രദേശങ്ങളിലാണ്.
ഭൂമിയുടെ ഘടനാമാറ്റം, കാലാവസ്ഥാ വ്യതിയാനം, ജലവിതരണ സംവിധാനത്തിന്റെ നാശം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ള കാര്യമാണ് കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സസ്യനശീകരണം. ഖനനങ്ങളും വനനശീകരണവും മലമ്പ്രദേശം കൈയേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം സസ്യ നശീകരണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. ആദ്യമേ ലോലമായ ഭൂമിയില്‍ ബലംപ്രയോഗിച്ചും കൈയേറ്റം നടത്തിയുമുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ ഭൂമിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും അസ്ഥിരമാക്കുകയും ചെയ്യുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളില്‍ നടക്കുന്ന ഖനനങ്ങളെല്ലാം വലിയ അളവില്‍ വനസസ്യ മേലാപ്പുകളെ നശിപ്പിക്കുന്നതും ഭൂമിയുടെ ഘടനയെ മുച്ചൂടും തകര്‍ക്കുന്നതുമാണ്. പശ്ചിമഘട്ട മലനിരകളിലും പശ്ചിമഘട്ടത്തിലെ തന്നെ കാടുകളിലും പെയ്യുന്ന മഴ പ്രകൃത്യായുള്ള നീര്‍ച്ചാലുകള്‍ വഴി ഒഴുകിയെത്തുന്നതാണ് കേരളത്തിലെ നദികള്‍. താരതമ്യേന കൂടുതല്‍ മഴ പെയ്യുന്ന പശ്ചിമഘട്ട പ്രദേശങ്ങളിലെ മലമ്പ്രദേശങ്ങളിലും കാടുകളിലും പെയ്യുന്ന മഴ മുഴുവന്‍ അതേപടി ഒലിച്ചൊഴുകി വരാതിരിക്കാനുള്ള കാരണം മരത്തിന്റെ വേരുകളും മണ്‍പ്രതലവും വനസസ്യ മേലാപ്പുകളുമായിരുന്നു. മരത്തിന്റെ വേരുകളിലും മണ്ണിലും സസ്യമേലാപ്പുകളിലും തടഞ്ഞൊഴുകി നിശ്ചിത വേഗത്തിലായിരുന്നു മഴ ഭൂമിയില്‍ സഞ്ചരിച്ചിരുന്നത്.
ഭൂമിയുടെ ഉപയോഗത്തില്‍ വന്ന മാറ്റം പ്രസ്തുത ഘടനയെ ഇല്ലാതാക്കിയതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. പെയ്യുന്ന മഴയുടെ ഭൂമിയിലെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ അഭാവത്തില്‍ മഴവെള്ളം അതിനു തോന്നുംപോലെ ഭൂമിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. കൂടാതെ വഴിയിലുള്ള മണ്ണും ചളിയും കല്ലും പാറയുമൊക്കെ ഒഴുക്കിക്കൊണ്ടുവരാനും തുടങ്ങി. ഇടിച്ചുനിരത്തല്‍ മൂലമോ ഖനനത്താലോ കൂടുതല്‍ ദുര്‍ബലമായ പ്രതലത്തിലൂടെ ഈ ഒഴുക്കിക്കൊണ്ടുവരല്‍ എളുപ്പമായി. സസ്യ മേലാപ്പ് നഷ്ടപ്പെട്ട ഇടങ്ങളില്‍ മഴ കുറച്ചു സമയം തുടര്‍ച്ചയായി പതിക്കുമ്പോള്‍ തന്നെ മണ്ണിനെ അടര്‍ത്തിമാറ്റി ഒഴുക്കി ക്കൊണ്ടുവരാനും പാറകള്‍ക്ക് മുകളിലുള്ള വിടവുകളിലൂടെ പെയ്തിറങ്ങി മണ്ണില്‍ നിന്ന് അവയെ അടര്‍ത്തിമാറ്റി ഒഴുക്കാനും എളുപ്പം കഴിയുന്നു. ഒഴുക്കിന്റെ ഊക്കില്‍ വേരുപിടിച്ച മരങ്ങളെ പോലും പിഴുതെടുത്ത് കൊണ്ടുവരാനും കഴിയും. ഇതെല്ലാം കൂടി ഒറ്റ ഊക്കില്‍ മലമ്പ്രദേശത്തു നിന്ന് താഴ്ന്ന പ്രദേശത്തേക്ക് പതിക്കുന്നു. മഴവെള്ളം കാലങ്ങളായി ഭൂമിയില്‍ സഞ്ചരിച്ചിരുന്ന നീര്‍ച്ചാലുകള്‍ ഇതിനകം തന്നെ നികത്തപ്പെടുകയോ രൂപം മാറ്റി ഉപയോഗിക്കപ്പെടുകയോ തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്തതിനാല്‍ ഒഴുകി പരിചയിച്ച നീര്‍ച്ചാലുകളുടെ അഭാവത്തില്‍ മഴവെള്ളം അനിയന്ത്രിതമായ മട്ടില്‍ സഞ്ചരിക്കുന്നു. കേരളത്തില്‍ ഇതിനു മുമ്പ് ഇതിനേക്കാള്‍ മഴ പെയ്ത സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പെയ്യുന്ന ഓരോ മഴയ്ക്കും ഉരുള്‍പൊട്ടുന്നതും വെള്ളം പൊന്തുന്നതും ഇപ്പോള്‍ മാത്രമാണ്. ി

(ഗുവാഹത്തിയിലെ ‘ടിസ്സി’ല്‍
ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss