|    Nov 14 Wed, 2018 7:10 pm
FLASH NEWS

പ്രകൃതി ആഗോള ജൈവ സംഗമവും പ്രദര്‍ശനവും: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published : 25th February 2018 | Posted By: kasim kzm

കോട്ടയം: എംജി  സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ “പ്രകൃതി’ ആഗോള ജൈവസംഗമവും പ്രദര്‍ശനവും കോട്ടയം സിഎംഎസ് കോളേജില്‍ സംഘടിപ്പിക്കുമെന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രഫ. സാബു തോമസ് പറഞ്ഞു. കോട്ടയത്തെ മാധ്യമ ബ്യൂറോ ചീഫുമാര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്ക, ജര്‍മനി, ഇസ്രായേല്‍, കാനഡ, ഭൂട്ടാന്‍, ബെല്‍ജിയം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ജൈവസംഗമത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 20ല്‍പ്പരം രാജ്യങ്ങളിലെ കാര്‍ഷിക മേഖലാ പ്രവര്‍ത്തകരെയും അന്തര്‍ദേശീയ ശ്രദ്ധ നേടിയ ക്ലോഡ് അല്‍വാരിസ് തുടങ്ങിയ പ്രശസ്ത ജൈവ സന്ദേശ പ്രയോക്താക്കള്‍ സംഗമത്തിലെത്തും. ശാസ്ത്രം, ആരോഗ്യം പരിസ്ഥിതി, സംസ്‌കാരം, മാധ്യമം, കര്‍ഷകര്‍, വാണിജ്യം എന്നീ മേഖലകളിലായി 44 ഉപവിഷയങ്ങളില്‍ അഞ്ച് വേദികളിലായി പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും.
200 പ്രബന്ധങ്ങള്‍ക്കാണ് അവതരണാനുമതി ലഭിക്കുക. ഭക്ഷണം ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപയാണ്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും ഇതര വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഫീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടില്‍ നിന്ന് നല്‍കാനുള്ള അനുമതിയും ലഭ്യമാക്കും. സെമിനാറില്‍ പങ്കെടുക്കുന്നതിനായി കൃഷിഭവനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് 100 രൂപ നല്‍കിയാല്‍ മതി. മാര്‍ച്ച് 15 ആണ് അവസാന തീയ്യതി. സംഗമത്തോടനുബന്ധിച്ച് ജൈവ കാര്‍ഷിക പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. 100 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു സ്റ്റാളിന് 5000 രൂപയാണ് ഫീസ്. 110 സ്റ്റാളുകളാണ് ഉണ്ടാകുക. കൃഷിഭവനില്‍ നിന്നോ കേരള ജൈവ കര്‍ഷകസമിതിയില്‍ നിന്നോ സാക്ഷ്യപത്രം ഹാജരാക്കുന്ന കര്‍ഷകര്‍ക്ക് 500 രൂപ  നല്‍കിയാല്‍ മതിയാകും. മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രത്യേക സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്. എക്‌സിബിഷനോടനുബന്ധിച്ച് ജൈവകൃഷി ഉല്‍പ്പന്നങ്ങളുടെ മല്‍സരവും പ്രദര്‍ശനവും നടത്തുന്നതാണ്. പച്ചക്കറികള്‍ക്കും, ഫലങ്ങള്‍ക്കും, കിഴങ്ങുവിളകള്‍ക്കും പ്രത്യേക മല്‍സരം ഉണ്ടാകും.
കൃഷിവകുപ്പുമായി സഹകരിച്ച് മൊബൈല്‍ മണ്ണുപരിശോധന സൗകര്യവും ലഭ്യമാക്കും. നാടന്‍ വിഭവങ്ങളുടെ നിര്‍മാണം, പ്രദര്‍ശനം, കാര്‍ഷിക ഫിലിം ഫെസ്റ്റിവെല്‍, പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.മണ്ണൊരുക്കല്‍, കംപോസ്റ്റിങ്, നേഴ്‌സറി ബഡ് നിര്‍മാണം, ഗ്രോബാഗ് നിറയ്ക്കല്‍, വിത്ത് സംസ്‌കരണം സംഭരണം, പച്ചക്കറികള്‍, കിഴങ്ങ് വിളകള്‍ എന്നിവയുടെ നടീല്‍, ജൈവവള നിര്‍മാണം, ജൈവ കീടനാശിനി നിര്‍മാണം എന്നിവയുടെ പ്രായോഗിക പരിശീലനവും നല്‍കും. 25ല്‍പ്പരം പ്രശസ്ത ചിത്രകാരന്മാര്‍ ജൈവസംഗമത്തില്‍ പങ്കെടുത്ത് ചിത്രരചന നടത്തും. എല്ലാ ദിവസവും സാംസ്‌കാരിക കലാപരിപാടികളും ഉണ്ടാവും.
കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 12 ഫീച്ചര്‍ ഫിലിമുകളും 30 ഡോക്യുമെന്ററി ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച കാര്‍ഷിക ഫിലിം ഫെസ്റ്റിവലും ജൈവസംഗമത്തോടൊത്ത് സംഘടിപ്പിക്കും. പ്രശസ്ത ജൈവ കാര്‍ഷിക വിദഗ്ധന്‍ കെ വി ദയാല്‍, സര്‍വകലാശാലാ എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സന്തോഷ് പി തമ്പി, ഡോ. അജു കെ നാരായണന്‍, ജൈവം കോര്‍ഡിനേറ്റര്‍ ജി ശ്രീകുമാര്‍, ജൈവം ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എബ്രഹാം പി മാത്യു, കെയുഡബ്ല്യുജെ സംസ്ഥാന സെക്ര. ഷാലു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss