|    Jun 22 Fri, 2018 4:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രകൃതിവാതക പൈപ്പ്‌ലൈനിന് ഇന്ത്യ- റഷ്യ നീക്കം

Published : 17th October 2016 | Posted By: SMR

പനാജി: 2500 കോടി ഡോളര്‍ ചെലവില്‍ പ്രകൃതിവാതക കുഴല്‍ നിര്‍മിക്കുന്ന പദ്ധതിയെപ്പറ്റി പഠിക്കാന്‍ ഇന്ത്യയും റഷ്യയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 8ാം ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
നിര്‍മാണം യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ വാതക കുഴലായിരിക്കും ഇത്. സൈബിരീയയില്‍ നിന്നുള്ള പ്രകൃതിവാതകം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. 4500 മുതല്‍ 6000 കിലോമീറ്റര്‍ ദൂരം വരെയാണ് വാതകം ഇന്ത്യയിലെത്തിക്കാന്‍ കുഴല്‍ സ്ഥാപിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വാതകം ഹിമാലയം വഴി ഉത്തരേന്ത്യയിലെത്തിക്കുകയാണ് എളുപ്പവഴി. എന്നാല്‍, അതിന് സാങ്കേതിക വെല്ലുവിളികള്‍ ഏറെയാണ്. മധ്യേഷ്യന്‍ രാജ്യങ്ങളായ ഇറാനിലൂടെയും പാകിസ്താനിലൂടെയും ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെത്തിക്കുന്നതാണ് ബദല്‍വഴി.
ചൈന, മ്യാന്‍മര്‍ വഴി ബംഗ്ലാദേശിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തേക്കുള്ള വഴിയാണ് ഏറ്റവും ദൈര്‍ഘ്യമുള്ളതും ചെലവേറിയതുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. 6000 കിലോമീറ്റര്‍ നീളത്തില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനാണ് 2500 കോടി ഡോളര്‍ ചെലവ് വരുന്നത്. പത്തുലക്ഷം ബ്രിട്ടിഷ് തെര്‍മല്‍ യൂനിറ്റ് വാതകമെത്തിക്കാന്‍ 12 ഡോളര്‍ ചിലവുവരുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ജിസി വിദേശ് ലിമിറ്റഡ്, ഗെയില്‍ ഇന്ത്യാ ലിമിറ്റഡ്, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് വിശദമായ പഠനം നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss