|    Mar 23 Fri, 2018 2:58 am
Home   >  Todays Paper  >  page 12  >  

പ്രകൃതിവാതകത്തിലേക്കു മാറ്റിയാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താവും

Published : 13th March 2016 | Posted By: SMR

എം പി വിനോദ്

പ്രകൃതിവാതകം വന്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഗെയിലും പെട്രോനെറ്റി ല്‍ പങ്കാളിത്തമുള്ള എണ്ണക്കമ്പനികളും നടത്തിയ നീക്കം ഞെട്ടിക്കുന്നതാണ്. പ്രകൃതിവാതകത്തിലേക്കു മാറണമെന്ന കേന്ദ്രനിര്‍ദേശം നഷ്ടക്കണക്കു പറഞ്ഞ് തള്ളിയപ്പോള്‍ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കുകയായിരുന്നു ആദ്യപടി.
വന്‍ ഉപയോക്താവെന്നു പറഞ്ഞ് പമ്പുകള്‍ക്കു നല്‍കുന്നതിനെക്കാള്‍ കൂടിയ വിലയും ഈടാക്കി. എന്നാല്‍, സപ്ലൈകോ പമ്പുകളി ല്‍ നിന്നും സ്വകാര്യ പമ്പുകളി ല്‍ നിന്നും ഡീസല്‍ വാങ്ങി ഈ നീക്കത്തെ കെഎസ്ആര്‍ടിസി അതിജീവിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയും സമ്പാദിച്ചു. എന്നാല്‍, എണ്ണക്കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചു. കെഎസ്ആര്‍ടിസിക്കുണ്ടാവുന്ന നഷ്ടം ജനങ്ങളെയാണു ബാധിക്കുക എന്നു വിലയിരുത്തിയ സുപ്രിംകോടതി ഡീസല്‍ സബ്‌സിഡി തടയാനാവില്ലെന്നു വിധിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുക ള്‍ പ്രകൃതിവാതകത്തിലേക്കു മാറിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കോര്‍പറേഷന്‍ നിലപാടെടുത്തത്. കോര്‍പറേഷന് 6128 ബസ്സുകളാണ് ഉള്ളത്. ഇവയെല്ലാം ഓടുന്നത് ഡീസലിലും. ഇവ സിഎന്‍ജിയാക്കാന്‍ ഒരു ബസ്സിന് നാലു ലക്ഷം രൂപ ചെലവു വരും. ഇതോടെ 240 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും. പ്രതിമാസം 90 കോടി രൂപയിലേറെ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍പോലും പണമില്ല. ഈ അവസ്ഥയില്‍ സിഎന്‍ജിയിലേക്കു മാറാനാവില്ലെന്നായിരുന്നു നിലപാട്.
എന്നാല്‍ സിറ്റി ഗ്യാസ് പദ്ധതി, ഐഒസി അദാനി ഗ്യാസ് ലിമിറ്റഡ് നേടിയതോടെ കൊച്ചിയില്‍ സിഎന്‍ജി പമ്പുകള്‍ സ്ഥാപിച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ സിഎന്‍ജിയിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നുണ്ട്. പരീക്ഷണ അടിസ്ഥാനത്തി ല്‍ കൊച്ചിയില്‍ പുതിയ സിഎന്‍ജി ബസ്സുകള്‍ വാങ്ങാന്‍ സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി 19.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സിഎന്‍ജിയിലേക്കു മാറാ ന്‍ 100 കോടി അനുവദിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനവുമുണ്ട്. 100 കോടി സഹായം വാങ്ങി 240 കോടി നഷ്ടമുണ്ടാക്കുന്ന സിഎന്‍ജിയിലേക്കുള്ള മാറ്റം കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തെത്തിക്കും. എന്നാല്‍, ഈ യാഥാര്‍ഥ്യം മറച്ചുവച്ച് സിഎന്‍ജിയിലേക്കു മാറ്റുന്നതിനായുള്ള പ്രചാരണത്തിനായി ഗെയില്‍ നിയോഗിച്ച പിആര്‍ ഏജന്‍സി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. സംഘടനാതലത്തില്‍ ഈ ആവശ്യം ഉയര്‍ത്തികൊണ്ടുവരാനാണു നീക്കം.
സിഎന്‍ജി ബസ്സുകള്‍ കേരളത്തില്‍ വിജയകരമാവില്ലെന്നാണ് വാഹനരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഡല്‍ഹിപോലെയുള്ള സമതലപ്രദേശങ്ങളിലാണ് സിഎന്‍ജി ബസ് വിജയകരമായി ഓടിക്കാന്‍ കഴിയുക. കയറ്റവും ഇറക്കവും വളവുകളുമുള്ള റൂട്ടില്‍ സിഎന്‍ജി ബസ്സുകള്‍ വേഗത്തില്‍ ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഡല്‍ഹിയില്‍ പെട്രോള്‍ വാഹനങ്ങള്‍ സിഎന്‍ജിക്കൊപ്പം പെട്രോളും ഉപയോഗിക്കുന്നുണ്ട്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പെട്രോളാണ് ഉപയോഗിക്കുക. സിഎന്‍ജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വാഹനം മുന്നോട്ടുനീങ്ങാന്‍ പ്രയാസമാണ്. ഈ പരിമിതി കേരളത്തില്‍ രൂക്ഷമാവും.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഭൂരിഭാഗം റൂട്ടുകളും കയറ്റവും ഇറക്കവും വളവും നിറഞ്ഞ പ്രദേശങ്ങളാണ്. അതിനാല്‍ നിരപ്പായ റോഡുകളുള്ള നഗരങ്ങളിലൊഴികെ മറ്റിടങ്ങളില്‍ സിഎന്‍ജി ബസ് വിജയമാവില്ലെന്നാണ് വാഹനരംഗത്തെ വിദഗ്ധരുടെ നിലപാട്. കുറഞ്ഞ ചെലവില്‍ സിഎന്‍ജി നല്‍കിയാല്‍ മാത്രമേ ഡീസല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസമുണ്ടാവൂ. കൂടുതല്‍ വില ഈടാക്കിയാല്‍ ഡീസലില്‍ തുടരുന്നതായിരിക്കും ലാഭം.

(നാളെ: സുരക്ഷയൊരുക്കാതെ സിറ്റി ഗ്യാസ് പദ്ധതി)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss