|    Oct 22 Mon, 2018 8:44 pm
FLASH NEWS

പ്രകൃതിയെ അറിഞ്ഞ് നടത്തുന്ന ഇടപെടലുകള്‍ മഹത്തരം: എംഎല്‍എ

Published : 24th January 2017 | Posted By: fsq

 

മലപ്പുറം: പ്രകൃതിയേയും സംസ്‌കാരത്തെയും അറിഞ്ഞ് നടത്തുന്ന ഇടപെടലുകളാണ് ഏറ്റവും മഹത്തരമായ സാമൂഹിക പ്രവര്‍ത്തനമെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ചലിക്കുന്ന വിത്തു ലൈബ്രറിയും ഹരിത സന്ദേശ യാത്രയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയില്‍ നിന്ന് അകന്ന് പോയ നമുക്ക് വിത്തിനെ കുറിച്ചും മഴയെ കുറിച്ചും അറിയാതെയായി. ഇനിയുള്ള കാലം നഷ്ടപ്പെട്ടുപോയ എല്ലാറ്റിയേയും തിരിച്ചു പിടിക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കണം ഉണ്ടാവേണ്ടതെന്നും  ഹരിത കേരള മിഷന്‍ പദ്ധതി അതിന് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. ജൈവ കര്‍ഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് മലയാളി യാത്രയ്ക്ക് നേതൃത്വം നല്‍കി. ജൈവ ക്യഷിയുടെ പ്രാധാന്യവും വിത്തുകളുടെ പരിചയപ്പെടുത്തലും അദ്ദേഹം നടത്തി. മണ്ണും പരിസരവും സംരക്ഷിക്കുക, ശുദ്ധമായ കുടിവെള്ളം, വായു തുടങ്ങിയവ ഉറപ്പാക്കുക, വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുകയും ജൈവ കൃഷി രീതികളും വിത്തുകളും പരിചയപ്പെടുത്തുക, സ്‌കൂള്‍ കോമ്പൗണ്ടുകളെ പ്ലാസ്റ്റിക് മുക്തമാക്കുക തുടങ്ങിയവയുടെ പ്രചാരണമായിരുന്നു ഹരിത സന്ദേശയാത്ര ലക്ഷ്യമിട്ടത്.ആലിപ്പറമ്പ് പരിയാപുരം എഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ടീച്ചര്‍, പോര്‍ച്ചുഗീസ് പരിസ്ഥിതി പ്രവര്‍ത്തക ഡോ.അയ്‌ന, ചിത്രകാരനും പോര്‍ച്ചുഗീസ് പരിസ്ഥിതി ഫോട്ടോ ഗ്രാഫറുമായ ഫിലിപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, ഹെഡ്മാസ്റ്റര്‍ സി കെ മുനീര്‍, പഞ്ചായത്ത് അംഗം കെ റുക്‌സാന, പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് അടക്കാപ്പുത്തൂര്‍, പി മുരളി മോഹന്‍, സ്‌കൂള്‍ ലീഡര്‍ റഹീസ് വി കെ എന്നിവര്‍ പങ്കെടുത്തു. ആനമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ നടന്ന സ്വീകരണ പരിപാടിയില്‍ പോര്‍ച്ചുഗീസ് പരിസ്ഥിതി ഫോട്ടോ ഗ്രാഫര്‍ ഫിലിപ്പ് ഓര്‍മ മരം നട്ടു. പ്രധാനാധ്യാപിക സാലി, ഹരിത സേന കണ്‍വിനര്‍ കെ വിജയകുമാരി, സ്‌കൂള്‍ ലീഡര്‍ ദേവിക പി പങ്കെടുത്തു. തൂത ദാറുല്‍ ഉലും ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പിടിഎ പ്രസിഡന്റ് സി എച്ച് ഹമീദ് ഓര്‍മ മരം നട്ടു ഹെഡ്മിസ്ട്രസ് എന്‍ ഗീത ടീച്ചര്‍, ഡപ്യൂട്ടി എച്ച്എം ബേബി പ്രസന്ന, പിടിഎ വൈസ് പ്രസിഡന്റ് ഉമ്മര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.ആലിപ്പറമ്പ് ഗവ. ഹൈസ്‌കൂളില്‍ നടന്ന സമാപന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അഷ്‌റഫ് എന്‍, പിടിഎ പ്രസിഡന്റ് കെ സൈനുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഓര്‍മ മരം നട്ടു. പ്രധാന അധ്യാപകന്‍ സുരേഷ് ബാബു, അധ്യപകരായ ആന്റണി മൈക്കിള്‍, എ പി മനോജ് എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss