|    Nov 21 Wed, 2018 5:48 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രകൃതിദുരന്തങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കട്ടെ

Published : 20th August 2018 | Posted By: kasim kzm

ഇത് അച്ചടിച്ചുവരുമ്പോഴേക്കും കേരളം അതീവ ഗുരുതരമായ പ്രളയക്കെടുതിയില്‍ നിന്നു വിമുക്തമാവേണമേ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന. മഹാപ്രളയത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. 195 പേര്‍ ആഗസ്ത് 8 മുതലുള്ള പത്തു ദിവസങ്ങളില്‍ മരിച്ചു. കാണാതായവര്‍ 400ഓളം വരും. സംസ്ഥാനത്ത് 4000ഓളം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. ഏതാണ്ട് ഒമ്പതു ലക്ഷം പേര്‍ ഈ ക്യാംപുകളിലാണ് കഴിയുന്നത്.
വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. കൃഷിനാശം വ്യാപകമാണ്. ജോലിക്കു പോകാനാവാത്തതുമൂലം നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാണ്. കണക്കുകളില്‍ മാറ്റമുണ്ടാവാം. എങ്കിലും ഒരു കാര്യം തീര്‍ച്ച: സംസ്ഥാനം ഉണ്ടായതില്‍ പിന്നീട് ഉണ്ടായ ഏറ്റവും വലിയ ദുരിതമാണിത്. ഈ ദുരിതത്തെ അതിജയിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞേ തീരൂ.
തോരാതെ പെയ്യുന്ന മഴയ്ക്കും അണക്കെട്ടുകളില്‍ നിന്നുള്ള കുത്തൊഴുക്കിനുമിടയിലും ഒരളവോളം കാര്യക്ഷമമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ നടപടികളുമായി ജനങ്ങള്‍ സര്‍വാത്മനാ സഹകരിച്ചു. സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും, ഉദ്യോഗസ്ഥതലത്തില്‍ ചില വീഴ്ചകളുണ്ടായത് പറയാതിരിക്കാന്‍ വയ്യ. അതേപോലെത്തന്നെ ദുരിതാശ്വാസ നടപടികള്‍ പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കുന്ന കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഭിന്നതയ്ക്കു വഴിവച്ചിട്ടുണ്ട്. ഒരു മഹാദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായി കൈമെയ് മറന്നു രംഗത്തിറങ്ങേണ്ട സന്ദര്‍ഭത്തില്‍ ഇത്തരം വാദപ്രതിവാദങ്ങള്‍ ഒരുനിലയ്ക്കും ന്യായീകരിക്കാവുന്നതല്ല.
എന്നാല്‍, ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ഇതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ സ്വന്തം സഹോദരങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വേണ്ടി സര്‍വാത്മനാ മുന്നിട്ടിറങ്ങി. അവര്‍ ദേവാലയങ്ങളും സ്‌കൂളുകളും ദുരിതബാധിതര്‍ക്കായി തുറന്നുവച്ചു. ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ മല്‍സരിച്ചു. ഈ കേരളീയ മാതൃക തികച്ചും അനുകരണാര്‍ഹമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം അഭൂതപൂര്‍വമായ ഈ ദുരന്തം ഇനിയെങ്കിലും നമ്മുടെ കണ്ണു തുറപ്പിക്കുമോ എന്നതാണ് പ്രധാനം. കാലാവസ്ഥാ വ്യതിയാനം നമ്മുടെ പ്രകൃതിയുടെ താളം തെറ്റിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. പരിസ്ഥിതിക്ക് ഉണ്ടായ വിനാശമാണ് ന്യൂനമര്‍ദം പോലെയുള്ള പ്രതിഭാസങ്ങള്‍ വ്യാപകമാവാന്‍ കാരണം. കാടു നശിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കുന്നും മലയും ഇടിച്ചും നാം ‘വികസന’രംഗത്ത് അതിവേഗം ബഹുദൂരം സഞ്ചരിച്ചു.
പ്രകൃതിസംരക്ഷണമെന്ന അജണ്ട മാറ്റിവയ്ക്കുകയും പകരം നവമുതലാളിത്ത വികസനത്തിന്റെ പേരില്‍ പരിസ്ഥിതിക്കു നാശം വരുത്തുകയും ചെയ്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്കു വഴിതെളിയിക്കുന്നതെന്ന് ഇനിയൊരിക്കല്‍ പറയേണ്ടതില്ല. ശാസ്ത്രീയമായ ഒരു സുരക്ഷാ പദ്ധതി ആവിഷ്‌കരിക്കുന്നതിലും നാം പിന്നിലായി. പക്ഷേ, മഴ മാറുകയും മാനം തെളിയുകയും ചെയ്യുമ്പോള്‍ നാം ഇപ്പോള്‍ പഠിച്ച പാഠങ്ങള്‍ മറക്കുമോ എന്നതാണ് കാതലായ പ്രശ്‌നം. നല്ല വെയില്‍ കാണുമ്പോള്‍ മഹാപ്രളയം മറക്കുന്ന ഒന്നാണല്ലോ മാനവ ഹൃദയം. ഈ പ്രളയമെങ്കിലും നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss