|    Apr 27 Fri, 2018 12:58 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രകടനപത്രികകള്‍ പറയുന്നത്

Published : 23rd April 2016 | Posted By: SMR

slug-electionഇരുമുന്നണികളും മദ്യം മുഖ്യ അജണ്ടയാക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സവിശേഷതയായി അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും താല്‍പര്യമില്ലാത്ത മദ്യത്തിന്റെ പേരില്‍ സമര്‍ഥമായി വോട്ടുവേട്ട നടത്താമെന്ന് ഇരുമുന്നണികളും കണക്കുകൂട്ടുന്നു.
വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കുന്നതിന് ഇരുമുന്നണികളും തങ്ങളുടെ പ്രകടനപത്രികകളില്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ആവര്‍ത്തിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ അവരുടെ പത്രികകളില്‍ ഇക്കാര്യം പരാമര്‍ശിക്കാറുണ്ടായിരുന്നുവെങ്കിലും ഇത്തവണയാണ് ഇതു മുഖ്യ വിഷയമായി വന്നത്. യുഡിഎഫ് ഗവണ്‍മെന്റ് മദ്യനിരോധനത്തിനായി കര്‍ശനമായ ചില നടപടികള്‍ സ്വീകരിച്ചതാണ് ഇതിനു കാരണം. സര്‍ക്കാര്‍ മദ്യനയം ശക്തമായി തുടരുമെന്നും നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുകയില്ലെന്നും പത്രിക ഉറപ്പുനല്‍കുന്നു. ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രസ്ഥാനം തുടങ്ങുമെന്നും ഐക്യജനാധിപത്യമുന്നണി പ്രഖ്യാപിക്കുന്നു. എന്നാല്‍, മദ്യവര്‍ജനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമെന്ന് അവരുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. മദ്യനിരോധനത്തെ മുന്നണി അനുകൂലിക്കുന്നില്ല. നിരോധനം പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്നും മുന്നണി പറയുന്നു.
അധികാരത്തില്‍ വന്നാല്‍ മദ്യലഭ്യത കുറയ്ക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിക്കുന്നു. മദ്യത്തോടുള്ള ജനങ്ങളുടെ താല്‍പര്യം കുറച്ചുകൊണ്ടുവരാന്‍ ജനകീയമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും മുന്നണി പറയുന്നു. മദ്യമുക്ത കേരളം എന്ന മുദ്രാവാക്യമാണ് മുന്നണി മുമ്പോട്ടുവയ്ക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കുമെന്നോ തുറക്കില്ലെന്നോ എല്‍ഡിഎഫ് പറയുന്നില്ല. മുന്നണി അധികാരത്തില്‍ വന്നാല്‍ മദ്യനയം രൂപപ്പെടുത്താനാണ് തീരുമാനം. മദ്യപാനംകൊണ്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നുണ്ട്. മദ്യനിരോധനത്തിനു വേണ്ടി നിലകൊള്ളുന്ന യുഡിഎഫിനെതിരേ മദ്യപാനികളും അവരോടൊപ്പമുള്ളവരും അണിനിരക്കുമെന്നും അവരുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നും ഇടതുമുന്നണി നേതാക്കള്‍ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ ഉണ്ടായ തിരിച്ചടിയാണ് ഇടതുമുന്നണിയുടെ പിടിവള്ളി.
തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ സമ്പൂര്‍ണ മദ്യനിരോധനത്തില്‍ ഊന്നിയുള്ള പ്രചാരണങ്ങള്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടാവാത്തത് വോട്ട് ചോര്‍ച്ച തടയാനാണ്. മദ്യവിഷയത്തില്‍ ജനങ്ങളുടെ അനുകൂലവും പ്രതികൂലവുമായ നിലപാടുകള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് ഇരുമുന്നണികളും മദ്യവിഷയം കൈകാര്യം ചെയ്തത്. രണ്ടു മുന്നണികളും ഇക്കാലമത്രയും അനുവര്‍ത്തിച്ചുവന്ന പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത നയം തന്നെയാണ് പ്രകടനപത്രികകളില്‍ ഉള്‍ക്കൊള്ളിച്ചത്. സംസ്ഥാനത്ത് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇരുമുന്നണികളും മാറിമാറി അധികാരം കൈയാളുന്ന അനുഭവമാണല്ലോ. അതുകൊണ്ട് നടപ്പില്‍ വരുത്താന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ പ്രകടനപത്രികകളില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളൂ. വിപുലമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയുമാണ് പത്രികകള്‍ തയ്യാറാക്കിയതെന്നതു ശ്രദ്ധേയമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്ന സിപിഎം മാസങ്ങള്‍ക്കു മുമ്പുതന്നെ ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. പാര്‍ട്ടി പഠനകോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു. ഐക്യജനാധിപത്യ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേരത്തേ തന്നെ പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാസങ്ങള്‍ക്കു മുമ്പുതന്നെ മാനിഫെസ്റ്റോയെക്കുറിച്ച് പല പ്രമുഖരുമായും ആശയവിനിമയം നടത്തിയിരുന്നു.
ഇരുമുന്നണികളുടെയും പ്രകടനപത്രികകള്‍ പരിശോധിച്ചാല്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന കൊടുത്തതായി കാണാം. വോട്ടര്‍മാര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത് ഭരണം ഏല്‍പിക്കുമെന്ന ഉറച്ചവിശ്വാസമാണ് പ്രകടനപത്രികകളില്‍ കാണുന്നത്. തങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന ഓരോ വാഗ്ദാനങ്ങള്‍ക്കും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവുമെന്ന് ഇരുകൂട്ടരും കരുതുന്നു. രണ്ടു മുന്നണികളും ഭരണത്തിനുവേണ്ടി സോഷ്യലിസ്റ്റ് പ്രകടനപത്രികകള്‍ സമ്മതിദായകരുടെ മുമ്പില്‍ വയ്ക്കുന്നു എന്നു പറയാം.
സകല മനുഷ്യര്‍ക്കും ഭക്ഷണവും തൊഴിലും പാര്‍പ്പിടവും വിഭാവന ചെയ്യുന്നതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതി. ഈ മൂന്നു വിഷയങ്ങള്‍ക്കാണ് ഇരുമുന്നണികളും പ്രാധാന്യം നല്‍കിയത്. വിശക്കുന്ന ഒരാള്‍പോലും കേരളത്തില്‍ ഉണ്ടാവാതിരിക്കാന്‍ സൗജന്യ ഭക്ഷണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. തമിഴ്‌നാട്ടിലെ അമ്മ ഹോട്ടല്‍ മാതൃകയില്‍ മാവേലി ഹോട്ടലുകളിലൂടെ മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുമെന്ന് ഐക്യജനാധിപത്യ മുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ആരോഗ്യം എന്നത് ഇരുമുന്നണികളുടെയും നയമാണ്. താമസകാര്യത്തില്‍ ഇരുമുന്നണികളും ഒരേ വാഗ്ദാനമാണു നല്‍കുന്നത്. ഇടതുമുന്നണി വീട് എന്നു പറയുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി പാര്‍പ്പിടം എന്നു പറയുന്നു എന്ന വ്യത്യാസമേയുള്ളൂ. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അഞ്ചുവര്‍ഷംകൊണ്ട് വീടില്ലാത്തവര്‍ക്കൊക്കെ വീട് നിര്‍മിച്ചുനല്‍കുമെന്നാണ് ഇരുമുന്നണികളുടെയും വാഗ്ദാനം. അതിന്റെ വിശദാംശങ്ങള്‍ ഇരുകൂട്ടരും വെളിപ്പെടുത്തുന്നില്ല. അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങളാണ് ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ ഒരു കണക്ക് യുഡിഎഫ് പ്രഖ്യാപിക്കുന്നില്ല. പെന്‍ഷന്‍പ്രായം കൂട്ടുമെന്ന് ഇരുമുന്നണികളുടെയും പത്രികയിലില്ല.
വിദ്യാഭ്യാസരംഗത്തെ സമൂലമായ മാറ്റത്തിനാണ് എല്‍ഡിഎഫ് ഊന്നല്‍ കൊടുക്കുന്നതെങ്കില്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. എട്ടാം ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. വിലക്കയറ്റം തടയാന്‍ പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ രണ്ടു പത്രികകളിലും ഉണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മാവേലി സ്‌റ്റോറുകളിലെ നിത്യോപയോഗസാധനങ്ങള്‍ക്ക് അഞ്ചു വര്‍ഷവും വില വര്‍ധിപ്പിക്കുകയില്ലെന്ന് രണ്ടു മുന്നണികളും പ്രഖ്യാപിക്കുന്നു.
സംസ്ഥാനത്തിന്റെ കാര്‍ഷികവും വ്യാവസായികവും പരിസ്ഥിതിസൗഹൃദവുമായ വികസന നിര്‍ദേശങ്ങള്‍ രണ്ടു പത്രികകളിലും ഉണ്ട്. കേരളം നേരിടുന്ന ഊര്‍ജക്ഷാമം പരിഹരിക്കുന്നതിന് ക്രിയാത്മകവും ഭാവനാപൂര്‍ണവുമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇടതുമുന്നണി പറയുന്നു. ഐടി മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന വികസനരംഗത്ത് പുരോഗതി കൈവരിക്കുന്നതിനും ഫലപ്രദമായ നിര്‍ദേശങ്ങള്‍ പത്രികകളില്‍ ഇല്ല. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ വാഗ്ദാനം ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും വിഷമമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്ന പദ്ധതികളും ഇരുമുന്നണികളും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ഇരുമുന്നണികള്‍ക്കും താല്‍പര്യമില്ല. മറിച്ച് ചെറുകിട വ്യവസായങ്ങളിലാണ് ഇരുകൂട്ടരും ശ്രദ്ധപതിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള പത്രികകള്‍ ജനസമക്ഷം സജീവമായ ചര്‍ച്ചയാവട്ടെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss