|    May 30 Tue, 2017 12:36 am
FLASH NEWS

പോസ്റ്റ്‌മോര്‍ട്ടം നിയമം ഭേദഗതി ചെയ്യുന്നു

Published : 12th August 2016 | Posted By: G.A.G

നാഗ്പൂര്‍: രാജ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പഠിക്കാന്‍ ലോകമ്മീഷന് കേന്ദ്രം നിര്‍ദേശം നല്‍കി. സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപോര്‍ട്ട് ലഭിച്ചാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.
മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സേവാഗ്രാം (വാര്‍ധ) ക്ലിനിക്കല്‍ ഫോറന്‍സിക് മെഡിക്കല്‍ യൂനിറ്റിന്റെ ചുമതലയുള്ള ഡോ. ഇന്ദ്രജിത് ഖണ്ഡേക്കര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും 82 പേജ് വരുന്ന പഠനറിപോര്‍ട്ട് ഈയിടെ സമര്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ലോകമ്മീഷന് നിര്‍ദേശം നല്‍കിയതെന്ന് ഖണ്ഡേക്കര്‍ അറിയിച്ചു.
ക്രിമിനല്‍ നിയമങ്ങളുടെ എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം തുടങ്ങിയവയിലെ വിവിധ നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
1898ല്‍ ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന പോസ്റ്റ്‌മോര്‍ട്ടം നിയമം കാലഹരണപ്പെട്ടതാണെന്ന് ഖണ്ഡേക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാര്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 174ാം വകുപ്പ് ശരിയായ രീതിയിലല്ല പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
100 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തില്‍ ഒരു ഭേദഗതി പോലും ഉണ്ടായിട്ടില്ല. നിയമഭേദഗതി പോലിസ് അന്വേഷണത്തിലെ അപാകതയും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ മോശം ഗുണനിലവാരവും തടയുമെന്നും ഖണ്ഡേക്കര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭേദഗതി ചെയ്യാത്ത പഴയ നിയമം അശാസ്ത്രീയമായ അന്വേഷണത്തിനും അപൂര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനും കാരണമാവുന്നു. ശിക്ഷാനിരക്ക് കുറഞ്ഞുപോവുന്നതും ഇക്കാരണത്താലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനും പഴയ നിയമം തടസ്സമാണ്. മ്യൂസിയത്തില്‍ സൂക്ഷിക്കുന്നതിനായി വിവിധ അവയവങ്ങളും ഗര്‍ഭിണികളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭ്രൂണങ്ങളും ശേഖരിക്കുന്നത് ആശങ്കാജനകമാണെന്നും ഖണ്ഡേക്കറുടെ റിപോര്‍ട്ടിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day