|    Oct 23 Tue, 2018 7:32 am
FLASH NEWS

പോസ്റ്റുമാനില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

അടിമാലി: സ്ത്രീ പീഡന കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഒപ്പമുള്ള യുവതി ഒളിവില്‍. അടിമാലി പരിശക്കല്ല് സ്വദേശി ചവറ്റുകുഴിയില്‍ ഷൈജ(40)നെയാണ് അറസ്റ്റ് ചെയ്തത്. ഷൈജനോടൊപ്പം കേസില്‍ ഉള്‍പ്പെട്ട കത്തിപ്പാറ സ്വദേശിനി ലതയ്‌ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. കത്തിപാറ പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാന്‍ ഇടയക്കാട്ട് കുര്യാക്കോസിനെയാണു പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ 75,000 രൂപ ഷൈജന്‍ കൈവശപ്പെടുത്തി. കേസിലെ പ്രതികളായ ഷൈജനും ലതയും സുഹൃത്തുകളാണ്. ഈ മാസം ആദ്യം ലതയെ കുര്യാക്കോസ് പീഡിപ്പിച്ചെന്നും സംഭവത്തെപ്പറ്റി പോലിസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ 1.75 ലക്ഷം രൂപ നല്‍കണമെന്നും ഷൈജന്‍ ഫോണിലൂടെ കുര്യാക്കോസിനോട് ആവശ്യപ്പെട്ടു. ലതയുടെ വക്കീലായ അഡ്വ. ഫ്രാന്‍സിസാണെന്ന് പരിചയപ്പെടുത്തിയിരുന്നു ഫോണ്‍ വിളി. എന്നാല്‍ ലതയുമായി കത്തുകള്‍ കൈമാറിയുള്ള പരിചയം മാത്രമാണുള്ളതെന്ന് പറഞ്ഞ് കുര്യാക്കോസ് ഫോണ്‍ അവഗണിച്ചു. എന്നാല്‍ ഭീഷണി ശക്തമായി. യൂവതി കുര്യാക്കോസിനെതിരേ പോലിസില്‍ പരാതി നല്‍കി. ഇതോടെ മാനഹാനി ഭയന്ന് പണം നല്‍കാമെന്ന് കുര്യാക്കോസ് സമ്മതിച്ചു. ഷൈജന്‍ പറഞ്ഞ പ്രകാരം സപ്തംബര്‍ ഏഴിന് അമ്പതിനായിരം രൂപ അടിമാലിയില്‍ വച്ചും, 25,000 രൂപ  ഇരുമ്പുപാലത്തു വച്ചും ഏല്‍പ്പിച്ചു. ഇരുമ്പുപാലത്തെ വിദേശമദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി വരുന്നതിനിടയിലാണ് അടിമാലി സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഷൈജനെ അറസ്റ്റ് ചെയ്തത്. ഇയാളെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷൈജനൊപ്പം തട്ടിപ്പിനു കൂട്ടുനിന്ന ലതയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വിശ്വാസ വഞ്ചന, ചതി, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ഷൈജനുമേല്‍ ചുമത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss