|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോഷക സംഘടനകളെ ശക്തമാക്കാന്‍ യുഡിഎഫ്

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പോഷക സംഘടനകളെ ശക്തമാക്കാന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം തീരുമാനിച്ചു. യുഡിഎഫിന്റെ വിദ്യാര്‍ഥി, യുവജന, കര്‍ഷക, തൊഴിലാളി, മഹിള, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രത്യേക സംസ്ഥാന കണ്‍വന്‍ഷന്‍ 29, 30 തിയ്യതികളില്‍ വിളിച്ചുചേര്‍ക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായുള്ള സമരപരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. യുഡിഎഫ് നേതാക്കളെ അണിനിരത്തി സപ്തംബര്‍ 1 മുതല്‍ 10 വരെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ് നേതൃയോഗം ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം യോഗത്തിലുണ്ടാവും. ഓരോ മണ്ഡലങ്ങളിലും യുഡിഎഫ് സംവിധാനവും ഇതോടെ സജീവമാവുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഘടകകക്ഷികള്‍ക്കിടയില്‍ പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളുടെ വീതംവയ്പും പൂര്‍ത്തീകരിക്കാനാവും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സപ്തം. 15ന് 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കും. ഭാരവാഹികളുടെ വീതംവയ്പില്‍ ഉയരുന്ന എതിര്‍പ്പുകളെ മറികടന്ന് സമരപരിപാടികള്‍ വന്‍വിജയമാക്കാനാണ് നീക്കം.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റികളും പുനസ്സംഘടിപ്പിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ്സിനു നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 12 സീറ്റ് ലഭിച്ച കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താനും ഒറ്റക്കെട്ടായി മുന്നോട്ടുപോവാനും യോഗം തീരുമാനിച്ചു. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജനതാദള്‍-യു വിഭാഗം പ്രവര്‍ത്തകരെ മുന്നണി പരിപാടികളില്‍ പങ്കെടുപ്പിക്കും. ഇന്നു മുതല്‍ യുഡിഎഫ് സബ് കമ്മിറ്റികളുടെ യോഗം ചേരും. നവംബര്‍ 15നു തൊടുപുഴയില്‍ നിന്നു തിരുവനന്തപുരത്തേക്കു കാല്‍നടയായി കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കും. നവംബര്‍ 11നു തിരുവമ്പാടിയില്‍ മലബാര്‍ കര്‍ഷക സമ്മേളനം നടത്തും.
ദേഹാസ്വാസ്ഥ്യം മൂലം കണ്‍വീനര്‍ പി പി തങ്കച്ചന്‍ യോഗത്തിനെത്തിയില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് ഒമ്പതും ഘടകകക്ഷികളായ മുസ്‌ലിംലീഗില്‍ നിന്ന് ഏഴും കേരളാ കോണ്‍ഗ്രസ്-എമ്മില്‍ നിന്ന് ആറും ആര്‍എസ്പിയില്‍ നിന്ന് നാലും കേരളാ കോണ്‍ഗ്രസ് ജേക്കബില്‍ നിന്നു മൂന്നും സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളില്‍ നിന്നു രണ്ടു വീതവും അംഗങ്ങള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss