|    Nov 25 Sat, 2017 12:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് വിതരണത്തിന് അട്ടപ്പാടിയില്‍ എത്തിച്ച ഗോതമ്പില്‍ പുഴു

Published : 23rd September 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കു പോഷകാഹാരം തയ്യാറാക്കാനായി ഒലവക്കോട് എഫ്‌സിഐ ഗോഡൗണില്‍ നിന്നും നല്‍കിയ ഗോതമ്പില്‍ നിറയെ പുഴുക്കള്‍.
അഗളി താവളത്ത് അമൃതംഫുഡ് എന്ന പേരിലുള്ള കുടുംബശ്രീ യൂനിറ്റില്‍ ഇന്നലെ രാവിലെ എത്തിച്ച എട്ട് ലോഡ് ഗോതമ്പിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കുടുംബശ്രീ യൂനിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയ്യാറാക്കി നല്‍കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി എം ബി രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അട്ടപ്പാടിയിലെ ആദിവാസികളോട് കേന്ദ്രം കാട്ടുന്ന അവഗണനയുടെ ഉത്തമ തെളിവാണ് സംഭവമെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും പറഞ്ഞു.
അതേസമയം അട്ടപ്പാടിയില്‍ വിതരണത്തിനെത്തിച്ച പുഴുവരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പിന് പകരമായി പുതിയതും ഭക്ഷ്യയോഗ്യമായതുമായ ധാന്യം നല്‍കാമെന്ന് എഫ്‌സിഐ അധികൃതര്‍ സമ്മതിച്ചു.മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട എം ബി രാജേഷ് എംപിക്കാണ് ഇത് സംബന്ധിച്ച് അധികൃതര്‍ ഉറപ്പ് നല്‍കിയത്. ഭക്ഷ്യധാന്യം മുഴുവനായി മാറ്റി നല്‍കണമെന്ന എംപിയുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചു. കേടുവന്നത് മുഴുവനായി തന്നെ മാറ്റി നല്‍കും.
ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് കൊണ്ടുവന്ന ധാന്യമാണ് അട്ടപ്പാടിയില്‍ വിതരണത്തിനെത്തിച്ചത് എന്നാണറിയുന്നത്. ഭാവിയില്‍ ഇത്തരം ഗുരുതര പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും നടപടികളും ഉണ്ടാവണമെന്ന് എംപി എഫ്‌സിഐ അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം ബി രാജേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക