|    Oct 20 Fri, 2017 12:47 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പോഷകസമൃദ്ധമായ പച്ചക്കറികൃഷി മൂന്നു ജില്ലകളില്‍ കൂടി

Published : 15th August 2016 | Posted By: SMR

തിരുവനന്തപുരം: പോഷകസമൃദ്ധമായ പച്ചക്കറിയും വാഴപ്പഴവും കൃഷിചെയ്യുന്നതിനായി നടപ്പാക്കിയ പദ്ധതി മൂന്നു ജില്ലകളില്‍ കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇടുക്കി, മലപ്പുറം, കൊല്ലം ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ണുപരിശോധനയും സംരക്ഷണവും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കിവരുന്ന പോഷകസമൃദ്ധമായ പച്ചക്കറികളും ഏത്തവാഴകൃഷിയും അടക്കമുള്ള കാര്‍ഷികപദ്ധതികളാണ് മറ്റു മൂന്നു ജില്ലകളില്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ 5.7 ലക്ഷം രൂപ അനുവദിച്ചു. പരിശോധനയ്ക്കുശേഷം മണ്ണിനെ കൃഷിക്ക് ഉപയോഗിക്കത്തക്കതരത്തില്‍ മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ 21 ലക്ഷം രൂപയും വിനിയോഗിക്കാം.
മണ്ണുസംരക്ഷണം, കര്‍ഷകര്‍ക്കാവശ്യമായ ബോധവല്‍ക്കരണം, പരിശീലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുകയും നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പാണ് ഇതിനാവശ്യമായ തുക നീക്കിവച്ചിട്ടുള്ളത്.
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ മണ്ണുസംരക്ഷണവും കാര്‍ഷിക ഉല്‍പാദന വര്‍ധനയും പദ്ധതിയില്‍ പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ തുക കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് കൈമാറും.
വിഷമയമായ രാസപദാര്‍ഥങ്ങള്‍ തളിച്ച പച്ചക്കറികള്‍ അന്യസംസ്ഥാനത്തുനിന്ന് വ്യാപകമായി എത്തിയിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പോഷകസമൃദ്ധമായ പച്ചക്കറികളും വാഴപ്പഴങ്ങളും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക