|    Jul 21 Sat, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോഷകസംഘടനാ ഭാരവാഹികള്‍ക്ക് മുന്‍ഗണന നല്‍കാനൊരുങ്ങി സിപിഎം

Published : 23rd September 2017 | Posted By: fsq

 

എ  എം  ഷമീര്‍  അഹ്്മദ്

തിരുവനന്തപുരം: പാര്‍ട്ടി ഘടകങ്ങളിലേക്ക് പോഷകസംഘടനാ ഭാരവാഹികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി സിപിഎം. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി ആരംഭിച്ച ബ്രാഞ്ച്തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നടക്കുന്ന സമ്മേളനങ്ങളില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ മാര്‍ഗരേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് കീഴ്ഘടകങ്ങളിലേക്ക് അയച്ചു. ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റ് തിരിച്ചാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. വനിതാ പ്രാതിനിധ്യം എല്ലാ ഘടകങ്ങളിലും ഉറപ്പുവരുത്തണമെന്നതാണ് ഏറ്റവും പ്രധാനം. ദലിത് മതന്യൂനപക്ഷങ്ങള്‍ക്കും പ്രദേശത്തിന്റെ സാമൂഹികഘടന പരിഗണിച്ച് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിര്‍ദേശമുണ്ട്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കമുള്ള വിദ്യാര്‍ഥി-യുവജന പോഷകസംഘടനകളില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് കൂടുതല്‍ അവസരം ലഭിക്കുക. യുവജനങ്ങളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ കുറയുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. പാര്‍ട്ടിയുടെ കേരളത്തിലെ അംഗങ്ങളില്‍ 25 വയസ്സിന് താഴെയുള്ളവര്‍ മൊത്തം അംഗസംഖ്യയുടെ 8.99 ശതമാനമാണെന്നാണ് സിപിഎമ്മിന്റെ കണക്ക്- 40,413 പേര്‍. 26-31 പ്രായപരിധിക്കാര്‍ 65,300. ഏറ്റവും കൂടുതലുള്ളത് 32-50 പ്രായത്തിലുള്ളവരാണ്. മൊത്തം അംഗസംഖ്യയുടെ പകുതിയോളം (46.7%) ഈ പ്രായത്തിലുള്ളവരാണ്. അതേസമയം, പാര്‍ട്ടി സമ്മേളനത്തോടെ ഇരട്ടപ്പദവിക്ക് സിപിഎം നിയന്ത്രണം ഏര്‍പ്പെടുത്തും. ഇരട്ടപ്പദവി വഹിക്കുന്ന നേതാക്കന്‍മാര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സഹകരണ ബാങ്കുകളുടെയും വിവിധ സംഘങ്ങളുടെയും ഭാഗമായി തുടരുന്ന നേതാക്കളെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് നിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss