|    Feb 27 Mon, 2017 10:22 am
FLASH NEWS

പോളയും പായലും നിറഞ്ഞു; കാവാലം-തട്ടാശ്ശേരി ജങ്കാര്‍ കടത്ത് നിര്‍ത്താന്‍ സാധ്യത

Published : 21st October 2016 | Posted By: SMR

ചങ്ങനാശ്ശേരി: നൂറുകണക്കിനു യാത്രക്കാര്‍ നിരന്തരം കടന്നുപോവുന്ന കാവാലം-തട്ടാശ്ശേരി ജങ്കാര്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ സാധ്യത. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായി. കാവാലം പഞ്ചായത്തിലെ രണ്ടു പ്രധാന പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് പമ്പയാറ്റില്‍ പോളയും പായലും നിറഞ്ഞതാണ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കാരണമായി പറയുന്നത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൃഷി ആരംഭിക്കുന്നതോടെ പാടത്ത് തിങ്ങിനിറഞ്ഞ പായലും പോളയും കര്‍ഷകര്‍ തന്നെ ആറ്റിലേക്കു തള്ളിവിടുകയും ഇവ നീരൊഴുക്കു ഇല്ലാത്തതിനെ തുടര്‍ന്ന് ഇവിടെ കെട്ടിക്കിടക്കുകയുമാണ്. ഇതിനാല്‍ 10 മിനിറ്റ് കൊണ്ടു മറുകര പോകാവുന്ന ജങ്കാറിന് ഇപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. യാത്രക്കാരും പലപ്പോഴും പോളയും മറ്റും മാറ്റാന്‍ സഹായിക്കേണ്ട അവസ്ഥയണ്. ജങ്കാര്‍ വൈകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു യഥാസമയം കോളജുകളില്‍ പോവാനാവാതെ വരും. അടിയന്തരഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും വൈകും. അടുത്തകാലത്ത് ജങ്കാറില്‍ നിന്ന് യഥാവിധി ഇറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നു പുഴക്കരികില്‍ കാര്‍ വെള്ളത്തിലേക്കു മറിഞ്ഞ സംഭവവുമുണ്ടായി. ജങ്കാര്‍ കൂടാതെ നിരവധി കടത്തുവള്ളങ്ങളും ഇവിടെ സര്‍വീസുണ്ട്. എന്നാല്‍ ഇവക്കൊന്നും ഇപ്പോള്‍ മറുകര പോവാന്‍ ആവാത്ത അവസ്ഥയാണ്. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു പഞ്ചായത്ത് ഈ ജങ്കാര്‍ സര്‍വീസ് ആരംഭിച്ചത്. ഇതിനായി കരാറുകാരനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ജങ്കാറിനു സുഗമമായി സര്‍വീസ് നടത്താന്‍ വേണ്ട സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day