|    Oct 20 Sat, 2018 6:28 am
FLASH NEWS

പോളക്കുളം നാശത്തിന്റെ വക്കില്‍ : സംരക്ഷണ നടപടികള്‍ വേണമെന്ന് ആവശ്യം

Published : 24th September 2017 | Posted By: fsq

 

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ പോളക്കുളം നാശത്തിന്റെ വക്കില്‍. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ളതും അനേകം കുടുംബങ്ങള്‍ക്ക് ഉപകാരപ്രഥമായതുമായ പോളക്കുളം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിലെ തന്നെ വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന കുളം മാലിന്യങ്ങള്‍ തള്ളുന്നയിടമാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ അലക്കാനും കുളിക്കാനുമായി ഉപയോഗിച്ചിരുന്ന കുളത്തില്‍ മാലിന്യ നിക്ഷേപത്തിന് പുറമേ ആഫ്രീക്കന്‍ പായലും പുല്ലും കുളവാഴയും നിറഞ്ഞ് കിടക്കുകയാണ്. കണ്ടാല്‍ പുല്ലും പായലും നിറഞ്ഞ് കിടക്കുന്ന പാടശേഖരമായേ ഈ കുളം തോന്നുകയുള്ളൂ. നൂറുകണക്കിന് പേര്‍ നിത്യേന ഉപയോഗിച്ചിരുന്ന കുളമിന്ന് മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. കുളത്തില്‍ ഇറങ്ങിയാല്‍ ചൊറിച്ചിലും മറ്റും ഉണ്ടായതോടെയാണ് പ്രദേശ വാസികള്‍ ഇവിടേക്ക് എത്താതായത്. 500 ല്‍പ്പരം കുടുംബങ്ങളുടെ കുടിവെള്ളമടക്കമുള്ളവക്കും കാര്‍ഷീക മേഖലക്ക് കൈതാങ്ങാകേണ്ടതുമായ പോളക്കുളത്തിന്റെ കാര്യത്തില്‍ ഗ്രാമപഞ്ചായത്തോ സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. കുളത്തിലെ പായലും മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന് തുടങ്ങിയിട്ട് കാലങ്ങളേറെയായി. സര്‍വ്വേ നടത്തി കൈയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കണം. കുളത്തിന്റെ മൂന്ന് വശവും കെട്ടി ഉയര്‍ത്തി ചുറ്റും നടപ്പാതകളും ഇരിപ്പിടങ്ങളും കൈവരികളും നിര്‍മ്മിക്കുകയും തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയാണെങ്കില്‍ ഗ്രാമീണ ടൂറിസത്തിന് ഈ കുളം മുതല്‍ക്കൂട്ടാകും. യാതൊരുവിധ വിനോദോപാതികളും ഇല്ലാത്ത കുഴൂരിന് ഇതിലൂടെ ഗ്രാമീണ ടൂറിസത്തില്‍ ഇടം നേടാനാകും. കൊടുങ്ങല്ലൂര്‍പൊയ്യപൂപ്പത്തിഎരവത്തൂര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡ് കടന്നു പോകുന്നത് കുളത്തിനരികിലൂടെ ആണെന്നുള്ളതും ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. വിനോദത്തിനായി കളി വഞ്ചികളോ ചെറു ബോട്ടുകളോ കൂടിയായാല്‍ ഈ പ്രദേശത്തെ ഉയര്‍ച്ചയിലേക്കെത്തിക്കുന്ന ഒരു പടവായിത് മാറും. കുളത്തില്‍ നീന്തല്‍ പരിശീലനം നല്‍കിയാല്‍ കായിക രംഗത്തെ ഭാവി തലമുറകളെ വാര്‍ത്തെടുക്കാനുമാകും. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിദാന്ത പരിശ്രമത്തിലാണ് വാര്‍ഡംഗം കെ കെ രാജു. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പോടു കൂടിയ അപേക്ഷ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. കൂടാതെ എം എല്‍ എയേയും ഗ്രാമപഞ്ചായത്ത് അധികാരികളേയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. കെഎല്‍ഡിസിയുടേയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ നേതൃത്വത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടി വേണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss