|    Dec 11 Mon, 2017 7:46 am

പോലിസ് സ്റ്റേഷന്‍ ആക്രമണം; ഒളിവിലായിരുന്ന രണ്ട് പ്രതികള്‍കൂടി കീഴടങ്ങി

Published : 6th November 2016 | Posted By: SMR

പത്തനംതിട്ട: വാറണ്ട് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും എസ്‌ഐയെ മര്‍ദിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ റിമാന്‍ഡിലായ പ്രതികളുടെ എണ്ണം നാലായി. സിപിഎം കോന്നി ഏരിയാ കമ്മിറ്റിയംഗവും മുന്‍ പ്രമാടം ലോക്കല്‍ സെക്രട്ടറിയുമായ മോഹനന്‍ നായര്‍, ഡിവൈഎഫ്‌ഐ നേതാവ് ശരത് എന്നിവരാണ് മൂന്നു ദിവസം മുമ്പ് പോലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയും നഗരസഭ കൗണ്‍സിലറുമായ വി ആര്‍ ജോണ്‍സണ്‍, അന്‍സില്‍ അഹമ്മദ് എന്നിവര്‍ രണ്ടാഴ്ച മുമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ മാസം 16 ന് രാത്രി 10.30 നാണ് പോലിസ് സ്റ്റേഷന്‍ ആക്രമണം നടന്നത്. 307 വകുപ്പ് (വധശ്രമം) പ്രകാരം ചാര്‍ജ് ചെയ്ത കേസില്‍ വാറന്റുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കോന്നി ഏരിയാ സെക്രട്ടറിയും എം ജി യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രമാടം സ്വദേശി അനീഷ് കുമാറിനെ എസ്ഐ പുഷ്പകുമാര്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു വന്നതാണ് സംഭവത്തിന് കാരണമായത്. ഇതിന് പിന്നാലെ സ്റ്റേഷനിലേക്ക് എത്തിയ വി ആര്‍ ജോണ്‍സണ്‍, മോഹനന്‍ നായര്‍, അന്‍സില്‍ അഹമ്മദ്, ശരത്  എന്നിവരാണ് ആക്രമണം നടത്തിയെതന്നാണ് പോലിസ് പറയുന്നത്. അനീഷിനെ കസ്റ്റഡിയില്‍ എടുത്തതിനെ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ എസ്ഐ പുഷ്പകുമാര്‍ മോഹനന്‍ നായരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോണ്‍സണ്‍ എസ്‌ഐയെ മര്‍ദിക്കുകയും  ഫോണ്‍ തകര്‍ക്കുകയും ചെയ്തുവത്രേ. അതിന് ശേഷം സ്റ്റേഷന് മുന്നിലെ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക