|    Jul 27 Thu, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സ്റ്റേഷനില്‍ വെടിവയ്പ്: ഹിമവല്‍ ഭദ്രാന ന്ദക്കെതിരായ കേസില്‍ വിചാരണ ആരംഭിച്ചു

Published : 18th October 2016 | Posted By: SMR

പറവൂര്‍: പോലിസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്ത വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ പേരിലുള്ള കേസില്‍ വിചാരണയാരംഭിച്ചു. പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. വിചാരണ ഈ മാസം 20വരെ തുടരും.
2008 മെയ് 7നാണ് കേസിനാസ്പദമായ സംഭവം. സ്വാമിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിലുള്ള മനോവിഷമത്തില്‍ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഭീഷണി മുഴക്കി. ആലുവ അശോകപുരത്തെ വാടകവീട്ടില്‍ വച്ചായിരുന്നു ഭീഷണി. വിവരമറിഞ്ഞെത്തിയ പോലിസ് സ്വാമിയെ അനുനയിപ്പിച്ച് ആലുവ പോലിസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും തോക്ക് വിട്ടുനല്‍കാന്‍ സ്വാമി തയ്യാറായില്ല.
വിവരമറിഞ്ഞ് പോലിസ് സ്‌റ്റേഷനിലെത്തിയ ചാനല്‍ ലേഖികയെ ഉപയോഗപ്പെടുത്തി സ്വാമിയെ അനുനയിപ്പിച്ച് സ്വാമിയില്‍നിന്ന് തോക്ക് വാങ്ങിയെടുക്കാന്‍ ശ്രമിച്ചു. ഈസമയം മറ്റു ചാനല്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി. ഇതോടെ കുപിതനായ സ്വാമി ഒരാളെ കൊന്നാലും രണ്ടാളെ കൊന്നാലും ഒരു ശിക്ഷയാണെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ രണ്ടുപ്രാവശ്യം വെടിയുതിര്‍ത്തു. ലക്ഷ്യം തെറ്റി പോലിസ് സ്‌റ്റേഷന്റെ മുകള്‍ ഭിത്തിയില്‍ വെടിയുണ്ട കൊണ്ടു.
സംഭവത്തില്‍ ആലുവ സിഐ ആയിരുന്ന കെ ജി ബാബുകുമാറിനെയും എസ്‌ഐ ആയിരുന്ന എം കെ മുരളിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്നത്തെ സി ഐ ആണ് ഇപ്പോഴത്തെ ആലുവ ഡിവൈഎസ്പി.  മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചു സാക്ഷികളെയാണ് ഇന്നലെ വിസ്തരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ചന്ദ്രിക ഭവനില്‍ അരുണ്‍ ഹേമചന്ദ്രന്‍ എന്ന യുവാവാണ് ഹിമവല്‍ ഭദ്രാനന്ദ എന്ന പേര് സ്വീകരിച്ച് സ്വാമിയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക