|    Nov 17 Sat, 2018 7:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് സേനയില്‍ 933 ക്രിമിനലുകള്‍; ഡിഐജി മുതല്‍ സിപിഒമാര്‍ വരെ പട്ടികയില്‍

Published : 30th August 2016 | Posted By: SMR

kerala-police

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തെ പോലിസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 933 ഉദ്യോഗസ്ഥര്‍. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 933 പേര്‍ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ജോലിയില്‍ തുടരുന്നതായി രഹസ്യാന്വേഷണ വിഭാഗം എഡിജിപി തയ്യാറാക്കിയ പട്ടികയില്‍ കണ്ടെത്തി. ഡിഐജി മുതല്‍ സാധാരണ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ വരെ ഈ പട്ടികയിലുണ്ട്. ഭരണമാറ്റത്തെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
2010 മുതല്‍ 2015വരെയുള്ള കാലഗണനയില്‍ ക്രിമിനല്‍ കേസില്‍പ്പെട്ട പോലിസുകാരുടെ എണ്ണം 700ല്‍ താഴെയായിരുന്നു. ഇതാദ്യമായാണ് ക്രിമിനലുകളുടെ എണ്ണം 900നു മുകളിലെത്തുന്നത്. സിവില്‍ പോലിസ് ഓഫിസര്‍മാരായ 675 പേരാണ് കേസുകളില്‍ വിചാരണ നേരിടുന്നത്. ഇതില്‍ 73 പേര്‍ സദാചാര വിരുദ്ധപ്രവര്‍ത്തനം, 16 പേര്‍ ലോക്കപ്പ് മര്‍ദ്ദനം, 22 പേര്‍ കസ്റ്റഡി പീഡനം, കള്ളക്കേസില്‍ കുടുക്കല്‍ എന്നിവയാണ് സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കെതിരേയുള്ള പ്രധാന പരാതികള്‍. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടികള്‍ നേരിട്ട 176 പേര്‍ ഇപ്പോള്‍ പോലിസ് സേനയിലുണ്ട്. ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഡിഐജിമാര്‍ രണ്ടുപേരാണ്. 16 പേര്‍ ഡിവൈഎസ്പിമാരാണ്. 76 സിഐമാരും 62 എസ്‌ഐമാരും 82 എഎസ്‌ഐമാരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 2018 പേര്‍ സേനയില്‍ ഇപ്പോഴും സേവനം തുടരുന്നതായി കണക്കുകള്‍ പറയുന്നു. കൈക്കൂലിക്ക് പിടിയിലായവര്‍ 1,016 ആണ്.
കുറ്റവാളികളായ പോലിസുകാരുടെ എണ്ണം വര്‍ധിക്കുന്നത് ക്രമസമാധാന പാലന രംഗത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. മാഫിയകളുമായി സജീവബന്ധം പുലര്‍ത്തുന്ന ആയിരത്തിലേറെ പോലിസുകാരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പോലിസുകാരെ കണ്ടെത്താ ന്‍  ഇടത് മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം പ്രത്യേക സര്‍വേ ആരംഭിച്ചിട്ടുണ്ട്.
ക്രിമിനല്‍ കേസിലുള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം വരുംനാളുകളില്‍ സേനയ്ക്കുള്ളില്‍ നടപ്പാക്കും. എന്നാല്‍, സേനയിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം പലപ്പോഴും ഇതു സാധിക്കാറില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എല്‍ഡിഎഫ് വിശ്വസ്ഥരായ പോലിസ് ഉദ്യോഗസ്ഥരുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ട്. വിശ്വസിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നല്‍കാനാണ് ഇത്. യുഡിഎഫ് അനുകൂലികളായ  ഉദ്യോഗസ്ഥരെ അപ്രധാന പദവികളില്‍ നിയോഗിക്കാനും തീരുമാനമുണ്ട്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വയനാട്ടിലും പത്തനംതിട്ടയിലും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss