|    Jul 21 Sat, 2018 5:32 am
FLASH NEWS

പോലിസ് സുരക്ഷയില്‍ ഘോഷയാത്രകള്‍ സമാധാനപരം

Published : 13th September 2017 | Posted By: fsq

 

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ ബാലസംഘടനയായ ബാലഗോകുലവും മഹദ് ജന്‍മങ്ങള്‍ മാനവനന്മയ്ക്ക് എന്ന സന്ദേശത്തില്‍ സിപിഎമ്മും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഘോഷയാത്രകള്‍ സമാധാനപരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമാണ് റാലി നടക്കുന്ന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചത്. ഇരുവിഭാഗത്തിനും പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കിയ പോലിസ് കടുത്ത നിയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തിയത്. ഇതുകൊണ്ടു തന്നെ നഗരത്തിലടക്കം സംഘര്‍ഷഭീതിയെ തുടര്‍ന്ന് വൈകീട്ട് വാഹനങ്ങള്‍ റോഡില്‍ കുറവായിരുന്നു. ജില്ലയിലെ 362 കേന്ദ്രങ്ങളിലാണ് ഇരുവിഭാഗവും ഘോഷയാത്രകള്‍ പ്രഖ്യാപിച്ചത്്. ആദ്യഘട്ടത്തില്‍ ബാലഗോകുലം 300 കേന്ദ്രങ്ങളിലും സിപിഎം 160 കേന്ദ്രങ്ങളിലും റാലി നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോലിസ് ഇടപെട്ട് ചിലയിടങ്ങളില്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങള്‍ക്കുമായി 362 കേന്ദ്രങ്ങളില്‍ മാത്രമാണ് ഘോഷയാത്രക്ക് പോലിസ് അനുമതി നല്‍കിയിരിക്കുന്നത്. 3000 പോലിസുകാരെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷക്കായി നിയോഗിക്കുകയും തലശ്ശേരി, കതിരൂര്‍, തില്ലങ്കേരി, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളെ അതീവ പ്രശ്‌ന ബാധിത മേഖലകളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇവിടങ്ങളില്‍ പ്രത്യേക പോലിസ് സേനയെ വിന്യസിച്ചാണു റാലികള്‍ കടന്നുപോയത്. അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ നേതാക്കളെ പ്രതി ചേര്‍ത്ത് കേസെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പോലിസ് തന്ത്രം ഫലിച്ചെന്നാണു വിലയിരുത്തല്‍. റാലിയില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും എവിടെയും റിപോര്‍ട്ട് ചെയ്തില്ല. അതേസമയം, മുന്‍കാലങ്ങളില്‍ ബാലഗോകുലം മാത്രം നടത്തിയിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ ഇതു മൂന്നാംവര്‍ഷമാണ് സിപിഎം സാംസ്‌കാരിക ഘോഷയാത്ര നടത്തുന്നത്. മതചടങ്ങിനെ ആര്‍എസ്എസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം ബദല്‍ യാത്ര നടത്തിയത്. ആദ്യഘട്ടത്തില്‍ ഇത് ഏറെ വിവാദമായെങ്കിലും ക്രമേണ സംഘപരിവാര റാലിയില്‍ ജനപ്രാതിനിധ്യം കുറയുന്നതാണു കാണുന്നത്. ഇന്നലെ മുഖാമുഖം നടക്കുമെന്ന് ഭയന്ന തില്ലങ്കേരിയില്‍ സിപിഎം റാലിയില്‍ വന്‍ ജനക്കൂട്ടമാണെത്തിയത്.ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ കഴിഞ്ഞവര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട തില്ലങ്കരിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണു തീവ്രവാദ-വര്‍ഗീയ വിരുദ്ധ കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് ശോഭായാത്ര നടത്തുന്നത് ഭക്തി കൊണ്ടല്ലെന്നും വര്‍ഗീയതയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തളാപ്പ്, മയ്യില്‍, കതിരൂര്‍, ഇരിട്ടി മേഖലകളിലെല്ലാം സിപിഎം റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തപ്പോള്‍ ശോഭായാത്രയുടെ നിറംകെട്ടു.ബാലഗോകുലം കൃഷ്ണന്‍-രാധ വേഷധാരികളെയും അമ്പാടിക്കണ്ണന്‍മാരെയും പുനരവതരിപ്പിച്ചപ്പോള്‍, സിപിഎം റാലിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് കാലിക പ്രസക്തമായ പ്ലോട്ടുകളായിരുന്നു. ഗോരഖ്പൂരിലെ ശിശുമരണം, ബലാല്‍സംഗക്കേസ് പ്രതിയായ ആള്‍ദൈവത്തിനു കാവിധാരികള്‍ നല്‍കുന്ന സുരക്ഷ എന്നിവയെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചു. അഴീക്കോട് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ശ്രീകൃഷ്ണ-രാധ വേഷധാരികളും അണിനിരന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss