|    Nov 18 Sun, 2018 1:21 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസ് സംവിധാനം കുറ്റമറ്റതാവണമെങ്കില്‍

Published : 10th November 2018 | Posted By: kasim kzm

ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോവാന്‍ വന്നവരെ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ട എഎസ്‌ഐയെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഒരു സിവില്‍ പോലിസ് ഓഫിസറുടെ മൂന്നു വര്‍ഷത്തെ ഇന്‍ക്രിമെന്റ് റദ്ദാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒരാളെ കാറിനടിയിലേക്കു പിടിച്ചുതള്ളുകയും തുടര്‍ന്ന് അയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍പ്പോയ ഡിവൈഎസ്പിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടിവന്നിരിക്കുന്നു. കാറിനടിയില്‍പ്പെട്ട ആളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലിസുകാര്‍ സസ്‌പെന്‍ഷനിലാണ്. മുങ്ങിയ ഡിവൈഎസ്പി നേരത്തേ ഒട്ടേറെ ആരോപണങ്ങള്‍ക്കു വിധേയനാണെന്ന വസ്തുത കൂടി പുറത്തുവന്നിട്ടുണ്ട്. കേരള പോലിസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള നിരവധി പരാതികളുടെ തുടര്‍ച്ചയാണിത്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ പോലിസ് അനുവര്‍ത്തിക്കേണ്ട രീതികളല്ല കേരളത്തിലെ പോലിസിന്റേത് എന്നു തെളിയിക്കുന്നവയാണ് ഇവയെല്ലാം. പോലിസുകാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളിലേക്കും പോലിസുകാര്‍ തന്നെ ക്രിമിനലുകളായി മാറുന്ന അവസ്ഥയിലേക്കുമാണ് ഇവ വിരല്‍ചൂണ്ടുന്നത്. ഇടതുമുന്നണി സര്‍ക്കാരിന് അഭിമാനിക്കാവുന്ന പോലിസ് സേനയോ ഇത്?
അനിതരസാധാരണമായ അന്വേഷണപാടവവും കാര്യശേഷിയുമുള്ള പോലിസ് സേനയാണ് നമ്മുടേത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സങ്കീര്‍ണവും സാധാരണനിലയ്ക്ക് കുരുക്കഴിക്കാന്‍ പ്രയാസവുമുള്ള നിരവധി കേസുകളില്‍ അവര്‍ വളരെയധികം മിടുക്കോടെ കുറ്റക്കാരെ പിടികൂടിയിട്ടുമുണ്ട്. പക്ഷേ, ഇതേ പോലിസുകാര്‍ തന്നെ എന്തുകൊണ്ട് ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നാലോചിക്കുമ്പോള്‍ പ്രശ്‌നം പോലിസിന്റേതു മാത്രമല്ല എന്നു ബോധ്യപ്പെടും. പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളാണ് പോലിസുകാരെ വഴിതെറ്റിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണവും നടപടികളും അസാധ്യമാക്കുന്ന തരത്തിലായിരിക്കും ബാഹ്യസമ്മര്‍ദങ്ങള്‍. അവ പോലിസുകാരുടെ മനോവീര്യം തകര്‍ക്കുകയും കുറ്റമറ്റ നിയമപാലകസേന എന്നു പറയാനാവാത്തതരത്തില്‍ അവരുടെ നിലവാരം ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്നു. അപ്പോഴാണ് പോലിസ് സേനയില്‍ കുറ്റവാസനകള്‍ മുളയ്ക്കുന്നത്. സേനയുടെ തലപ്പത്തുള്ളവരും അവരെ നിയന്ത്രിക്കുന്ന ഭരണസംവിധാനവും രാഷ്ട്രീയകക്ഷികളും കര്‍ശനമായ അച്ചടക്കം അനുശാസിക്കുന്നുണ്ടെങ്കില്‍ പോലിസുകാര്‍ ഇങ്ങനെ തരംതാണുപോവുകയില്ല. ആഭ്യന്തരവകുപ്പിനു തന്നെയാണ് ഈ നിലവാരത്തകര്‍ച്ചയുടെ ഉത്തരവാദിത്തം.
മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ മുഖ്യമന്ത്രി പോലിസുകാര്‍ക്ക് കര്‍ശനമായ ചില പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ദേശിച്ചുകൊടുത്തിരുന്നു. പക്ഷേ, അതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് പെരുമാറുന്നതിന് സര്‍ക്കാര്‍ തന്നെ വഴിവയ്ക്കുന്ന അനുഭവങ്ങള്‍ ധാരാളമുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതി വന്നു. ഈ അവസ്ഥയില്‍ ഒന്നോ രണ്ടോ പോലിസുകാരെ മാത്രം ശിക്ഷിച്ചതുകൊണ്ടു കാര്യമില്ല. പോലിസ് സംവിധാനത്തിന്റെ അലകും പിടിയും മാറുകയാണു വേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss