|    Oct 23 Tue, 2018 2:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് വീഴ്ച : പരസ്പരം പോരടിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

Published : 3rd May 2017 | Posted By: fsq

തിരുവനന്തപുരം: ചില കാര്യങ്ങളില്‍ പോലിസിനു വീഴ്ചപറ്റിയിട്ടുണ്ടെന്നും അതിനു കാരണം യുഡിഎഫ് ഭരണത്തിന്റെ ഹാങ്ഓവറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് ഭരണകാലത്ത് നടക്കാന്‍ പാടില്ലാത്ത ചിലതാണ് പോലിസ് സേനയില്‍ നടന്നത്. ഇനി അത്തരക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. പോലിസ് സ്‌റ്റേഷനുകളിലെ മൂന്നാംമുറ അവസാനിപ്പിക്കുന്നതോടൊപ്പം കുഴപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. കാപ്പ നിയമം രാഷ്ട്രീയ കേസുകള്‍ക്കു ബാധകമാക്കില്ലെന്നും സേനയിലെ വനിതകളുടെ എണ്ണം ആദ്യഘട്ടത്തില്‍ 15 ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ പകപോക്കലിനായി ഒരുവിഭാഗം ഉദേ്യാഗസ്ഥരെ നിയോഗിച്ചിരുന്നു. അതിന്റെ ഭാഗമായി സേനയില്‍ അപചയമുണ്ടായി. ജീര്‍ണത ബാധിച്ച ഒരുസംഘം േസനയിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ദുഷ്‌ചെയ്തികളില്‍ നിന്നു പെട്ടെന്നു മാറാനാവാതെ നിന്ന അവരായിരുന്നു കുഴപ്പങ്ങള്‍ക്കു കാരണം. സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ കാരണം അവര്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷപാതരഹിതമായി നിയമം നടപ്പാക്കുകയെന്ന സര്‍ക്കാരിന്റെ വ്യക്തമായ ധാരണയിലാണ് ഇപ്പോള്‍ പോലിസ് സേന പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെപ്പോലെ പരസ്പരം പോരടിക്കുന്ന ഉദ്യോഗസ്ഥരെ സേനയില്‍ വച്ചുപൊറുപ്പിക്കില്ല. കേരള പോലിസിന് ന്യൂനപക്ഷവിരുദ്ധ മുഖമുണ്ടാവില്ല. യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലങ്ങളില്‍ ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ സേനയുടെ ഉപദേശകനായി നിയമിച്ചതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പോലിസ് സ്‌റ്റേഷനില്‍ പേടിച്ച് കയറേണ്ടിവരുന്ന അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ട്. പോലിസുകാര്‍ മോശമായി പെരുമാറുകയാണെങ്കില്‍ മേലുദ്യോഗസ്ഥനു പരാതി നല്‍കാം. പരാതിയിന്‍മേല്‍ അടിയന്തര നടപടിയുണ്ടാവും. ഗുണ്ടായിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. പെണ്‍കുട്ടികള്‍ക്ക് പോലിസിന്റെ നേതൃത്വത്തില്‍ സ്വയരക്ഷാ പരിശീലനം നല്‍കും. എല്ലാ പഞ്ചായത്തുകളിലും ഒരു വനിതാ ഓഫിസര്‍ നേരിട്ടെത്തി പരാതികള്‍ കേള്‍ക്കുന്ന സംവിധാനം കൊണ്ടുവരും. കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന ഒരു റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു തടയുന്നതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേനയ്ക്കു മാറ്റിവച്ച പദ്ധതിവിഹിതത്തിന്റെ 97 ശതമാനം ചെലവഴിച്ചു. കേരള പോലിസിന് ഒരു നല്ല നാഥന്‍തന്നെയുണ്ടാവും. ആര്‍ക്കും അതില്‍ യാതൊരു ആശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. മറുപടി കഴിഞ്ഞയുടന്‍ പ്രതിപക്ഷത്തുനിന്നു കെ സി േജാസഫ് ചോദ്യവുമായി എഴുന്നേറ്റെങ്കിലും രാവിലെ മുതല്‍ വൈകീട്ടു വരെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി മറുപടി നല്‍കിയതാണെന്നും ഇനി ചോദ്യം അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss